ദുരന്തമേഖലയിലും കൊടുംക്രൂരത; സ്വർണവും പണവും രക്ഷാപ്രവർത്തകരുടെ ആയുധങ്ങളും ഉൾപ്പെടെ മോഷ്‌ടിച്ചു
വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലകളിൽ കവർച്ച നടക്കുന്നതായി പരാതി. ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലെ വീടുകളിലാണ് കവർച്ച നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. നിനച്ചിരിക്കാത്ത നേരത്തെ വൻ ദുരന്തത്തിൽ ഒരു നാടൊന്നാകെ പകച്ചു നിൽക്കുമ്പോഴാണ് ഈ കൊടുംക്രൂരതയുടെ വാർത്തകൾ കൂടി മേഖലയിൽ നിന്ന് പുറത്തുവരുന്നത്.
മുണ്ടക്കൈ, ചൂരൽമല മേഖലകളിലെ അപകടം സംഭവിക്കാത്ത വീടുകളിൽ നിന്നുൾപ്പെടെ ആളുകളെ മാറ്റി പാർപ്പിച്ചിരുന്നു. ഇവരെ താൽക്കാലികമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു. അത്തരം വീടുകളിലാണ് കവർച്ച നടന്നതായി പരാതി ഉയർന്നിരിക്കുന്നത്. പലരും വെപ്രാളത്തിൽ വീടുകൾ പോലും അടച്ചുപൂട്ടാതെ ഇറങ്ങി ഓടുകയായിരുന്നു.

ജീവിതകാലം മുഴുവൻ ഉണ്ടാക്കിയ സമ്പാദ്യം സ്വർണത്തിന്റെയും പണത്തിന്റെയും രൂപത്തിൽ വീടുകളിൽ സൂക്ഷിച്ചിരുന്ന ഒട്ടേറെ പേർ മേഖലയിൽ ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു. കുരുമുളക്, ഏലം തുടങ്ങിയ കൃഷികൾ ചെയ്യുന്ന സാമ്പത്തികമായി മെച്ചപ്പെട്ട ഇത്തരം കുടുംബങ്ങളുടെ വീടുകളിലാണ് മോഷണം നടന്നിരിക്കുന്നത്.
വീടുകളുടെ അവസ്ഥ എന്തെന്ന് അറിയാൻ ക്യാമ്പുകളിൽ നിന്ന് തിരിച്ചുവന്ന് നോക്കിയപ്പോഴാണ് പലരും നെഞ്ച് തകർക്കുന്ന കാഴ്‌ച കണ്ടത്. വീടുകളുടെ വാതിലുകൾ കുത്തിത്തുറന്ന് അലമാരകളിൽ നിന്നുൾപ്പെടെ സ്വർണവും പണവും അപഹരിച്ചുവെന്ന് പരാതിയുണ്ട്. വെള്ളം കേറിയെത്താത്ത വീടുകളിൽ ആളുകളുണ്ടോയെന്ന് പരിശോധിക്കാനല്ലാതെ എന്തിന് തുറന്നുവെന്നാണ് പ്രദേശവാസികളുടെ ചോദ്യം.
മൃതദേഹം കിടന്ന തകർന്ന വീടുകളിൽ നിന്ന് പോലും പഴ്‌സും സ്വർണവും അടക്കമുള്ളവ കവർന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തകരുടെ മെഷീൻ വാളും കൈ വാളും ഉൾപ്പെടെയുള്ള ആയുധങ്ങളും കവർന്നതായി പരാതിയുണ്ട്. പ്രദേശത്തെ കുറിച്ച് നന്നായി ധാരണയുള്ളവർക്ക് മാത്രമേ ഇത്തരം മോഷണം നടത്താൻ കഴിയൂ എന്നാണ് നാട്ടുകാർ പറയുന്നത്.
അതേസമയം, ദുരന്തത്തിൽ കാണാതായവർക്കു വേണ്ടി ആറാം ദിനവും തിരച്ചിൽ പുരോഗമിക്കുകയാണ്. നിലവിൽ 1264 പേർ ആറ് സംഘങ്ങളായി മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം ഉൾപ്പെടെയുള്ള ഇടങ്ങളിലാണ് പരിശോധന നടത്തുന്നത്. പുഞ്ചിരിമട്ടത്തേക്ക് മണ്ണുമാന്തി യന്ത്രം ഉൾപ്പെടെ എത്തിച്ചുള്ള തിരച്ചിലാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്.
ഇതിനിടെ ദുരന്തത്തിലെ മരണസംഖ്യ 365 ആയി. 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. ഇനി 206 പേരെ കൂടിയണ് കണ്ടെത്താനുള്ളത്. മരിച്ചവരിൽ 30 കുട്ടികളും ഉൾപ്പെടുന്നുണ്ട്. ജില്ലയിലെ 93 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി ആകെ 10042 പേർ കഴിയുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications