മുണ്ടക്കൈ ഉരുൾപൊട്ടൽ; തിരച്ചിലിൽ കണ്ടെത്താത്തവരെ മരണപ്പെട്ടതായി കണക്കാക്കണമെന്ന് സംസ്ഥാന സർക്കാർ
വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ തിരച്ചിൽ അവസാനിപ്പിച്ച ശേഷവും കണ്ടെത്താൻ കഴിയാത്തവരുണ്ടെങ്കിൽ അവരെ മരണപ്പെട്ടതായി കണക്കാക്കണമെന്ന ആവശ്യമായി സംസ്ഥാന സർക്കാർ. ഈ വിഷയം ചൂണ്ടിക്കാട്ടി രജിസ്ട്രാർ ഓഫ് ഇന്ത്യയെ സമീപിക്കാനാണ് കേരളത്തിന്റെ തീരുമാനം. ഒരാളെ കാണാതായി 7 വർഷം കഴിഞ്ഞാൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മരണ സർട്ടിഫിക്കറ്റ് അനുവദിക്കാമെന്ന വ്യവസ്ഥയാണ് നിലവിലുള്ളത്.
എന്നാൽ ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതി ദുരന്തങ്ങളിൽ മുഴുവൻ പേരെയും കണ്ടെത്തുക പലപ്പോഴും അസാധ്യമാണ്. പ്രത്യേകിച്ച് വയനാട്ടിലെ ദുരന്തത്തിന്റെ വ്യാപ്‌തി വളരെ വലുതാണെന്നത് കൂടി കണക്കിലെടുക്കുമ്പോൾ. നിലവിൽ തിരച്ചിൽ തുടരുകയാണെങ്കിലും ഒരുപക്ഷേ ആരെയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ അവരെ മരണപ്പട്ടതായി കണക്കാക്കാനാണ് സർക്കാർ ഈ നീക്കം നടത്തുന്നത്.

മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ബന്ധുക്കൾക്ക് ഉൾപ്പെടെ നഷ്‌ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും രേഖകളും ഒക്കെ ലഭ്യമാവുകയുള്ളൂ. ഇത് കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ രജിസ്ട്രാർ ഓഫ് ഇന്ത്യയെ സമീപിക്കാൻ ഒരുങ്ങുന്നത്. നേരത്തെ ഓഖി, പ്രളയം എന്നീ പ്രകൃതി ദുരന്ത സമയത്തും സമാനമായി സംസ്ഥാനം കേന്ദ്രത്തെ സമീപിച്ചിരുന്നു.
അന്ന് രജിസ്ട്രാർ ഓഫ് ഇന്ത്യ ഇതിന് അനുമതി നൽകുകയും മരണസർട്ടിഫിക്കറ്റ് നൽകാൻ രജിസ്ട്രാർമാരോട് നിർദ്ദേശിക്കുകയും ചെയ്‌തിരുന്നു. പ്രകൃതി ദുരന്തങ്ങളിൽ കാണാതാകുന്നവരെക്കുറിച്ച് കൃത്യമായ അന്വേഷണവും നടപടികളും പൂർത്തീകരിച്ച ശേഷം മരണ സർട്ടിഫിക്കറ്റ് നൽകാം എന്നതാണ് വ്യവസ്ഥ. എങ്കിലും ഇതിന് ചില നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നു.
കാണാതായെന്ന് ചൂണ്ടിക്കാട്ടി അടുത്ത ബന്ധുവിന്റെ പരാതിയിൽ പോലീസ് കേസ്, നോട്ടറി പബ്ലിക്കിന്റെ സത്യവാങ്മൂലം, തഹസിൽദാരുടെയോ സബ് ഡിവിഷനൽ മജിസ്ട്രേട്ടിന്റെയോ ഉത്തരവ്, പത്രങ്ങളിലും ഗസറ്റിലും വിജ്ഞാപനം, ആക്ഷേപം അനുവദിക്കാൻ 30 ദിവസം സമയം തുടങ്ങിയ നടപടിക്രമങ്ങൾ ഇതിന് പാലിക്കേണ്ടതുണ്ട്.
നിലവിൽ വയനാട് ദുരന്തത്തിൽപെട്ട ആളുകൾക്കുള്ള നഷ്‌ട പരിഹാരം സംബന്ധിച്ച പ്രഖ്യാപനം ഒന്നും തന്നെ സർക്കാർ നടത്തിയിട്ടില്ല. മേഖലയിൽ ഇപ്പോഴും രക്ഷാദൗത്യം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ കാത്തിരിക്കാനാവും സർക്കാർ തീരുമാനം. തിരച്ചിൽ തുടരുന്നതിനാൽ കൃത്യമായ നാശ നഷ്‌ടങ്ങളും ഇവിടെ കണക്കാക്കിയിട്ടില്ല.
നേരത്തെ ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരുടെയും കാണാതായവരുടെയും കുടുംബങ്ങൾക്ക് 20 ലക്ഷം രൂപയായായിരുന്നു സർക്കാർ നഷ്‌ടപരിഹാരം നൽകിയത്. എന്നാൽ വയനാട് ദുരന്തത്തിൽ ആളുകളുടെ ജീവൻ നഷ്‌ടമായതിന് പുറമെ വീടുകളും വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളും ഉൾപ്പെടെ തകർന്നിരുന്നു. ഈ സാഹചര്യത്തിൽ വിപുലമായ പാക്കേജ് തന്നെ മുണ്ടക്കൈ ദുരിതബാധിതകർക്കായി സർക്കാർ പ്രഖ്യാപിച്ചേക്കും.












Click it and Unblock the Notifications