വയനാട് പുനരധിവാസം വേഗത്തിലാക്കും; വീടുകൾ വാഗ്‌ദാനം ചെയ്‌ത സംഘടനകളുമായി മുഖ്യമന്ത്രി ചർച്ച നടത്തും
തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തം നാശം വിതച്ച വയനാട്ടിലെ പുനരധിവാസം വേഗത്തിലാക്കാനുള്ള തീരുമാനങ്ങളുമായി മന്ത്രിസഭായോഗം. വീടുകൾ വാഗ്‌ദാനം ചെയ്‌ത 38 സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ചർച്ച നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിനുള്ള സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാനും ധാരണയായിട്ടുണ്ട്. വിഷയം അടുത്ത ക്യാബിനറ്റ് വിശദമായി പരിശോധിക്കുമെന്നാണ് അറിയിച്ചത്.
നടപടികൾ വേഗത്തിലാക്കാനാണ് തീരുമാനം. കിഫ്ബി തയ്യാറാക്കിയ ആയിരം സ്ക്വയര്‍ ഫീറ്റ് വീടിന്റെ പ്ലാനാണ് ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകരിച്ചിട്ടുള്ളത്. ടൗൺഷിപ്പിന്റെ നിര്‍മ്മാണ ചുമതല ഒരു ഏജൻസിയെ ഏൽപ്പിക്കാനും മേൽനോട്ട സമിതിയെ നിയോഗിക്കാനുമാണ് യോഗത്തിൽ ധാരണയായത്. ചീഫ് സെക്രട്ടറിയാണ് കരട് രേഖ സമർപ്പിച്ചത്.

രണ്ട് ടൗണ്‍ഷിപ്പുകൾ ഒറ്റഘട്ടമായി നിര്‍മ്മിക്കും. രണ്ട് പ്രദേശങ്ങളിലായിട്ടായിരിക്കും ഈ ടൗൺഷിപ്പുകൾ നിർമ്മിക്കുക. ഏകദേശം 750 കോടിയാണ് ഇതിന്റെ ചെലവായി കണക്കാക്കുന്നത്. പദ്ധതി രേഖയിൽ സ്പോൺസർമാരുടെ പേരും ഉൾപ്പെടുത്താൻ തീരുമാനമായിട്ടുണ്ട്. ടൗൺഷിപ്പിനായി ഏറ്റെടുക്കുന്ന ഭൂമിയിലെ നിയമതടസം ഒഴിവാക്കാൻ നടപടി സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്.
സാധാരണയായി ബുധനാഴ്‌ചകളിലാണ് മന്ത്രിസഭാ യോഗം ചേരാറുള്ളത്. എന്നാൽ അടുത്ത ബുധനാഴ്‌ച ക്രിസ്‌മസ് ആയതിനാല്‍ മന്ത്രിസഭാ യോഗം ചേരാനാവില്ല. ഇതോടെ വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേരുകയായിരുന്നു. വയനാട് വിഷയം തന്നെയായിരുന്നു യോഗത്തിന്റെ അജണ്ട.
അതിനിടെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസത്തിനായി തയ്യാറാക്കിയ പട്ടികയിൽ ഇപ്പോഴും അതൃപ്‌തി പുകയുകയാണ്. ഗുണഭോക്താക്കളുടെ പട്ടിക കൃത്യമല്ലെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ദുരന്തബാധിതരുടെ ആക്ഷൻ കൗൺസിൽ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. മാസങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഗുണഭോക്താക്കളുടെ പട്ടിക സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.
388 കുടുംബങ്ങൾ അടങ്ങിയ പട്ടികയാണ് സർക്കാർ പുറത്തുവിട്ടത്. മാനന്തവാടി സബ് കളക്‌ടറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പട്ടികയിൽ അടിമുടി പിഴവുണ്ടെന്നാണ് ദുരന്തം ബാധിക്കപ്പെട്ടവർ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. ഇത്തരത്തിൽ വേർതിരിവ് കാട്ടിയുള്ള പുനരധിവാസം അംഗീകരിക്കില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
അതേസമയം, വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട കേന്ദ്ര സഹായം വൈകുന്നതിൽ സംസ്ഥാനം കടുത്ത അമർഷമാണ് രേഖെപ്പെടുത്തിയത്. മുഖ്യമന്ത്രി തന്നെ വിഷയം ഒന്നിലധികം തവണ പരസ്യമായി ഉന്നയിക്കുന്ന സാഹചര്യവുമുണ്ടായി. എന്നാൽ പ്രിയങ്ക ഗാന്ധിയുടെ നിവേദനത്തിന് നൽകിയ മറുപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിന്റെ വീഴ്‌ചയാണ് ഇതിന് കാരണമെന്ന് ആരോപിച്ചിരുന്നു.












Click it and Unblock the Notifications