അവൾക്കൊപ്പമെന്ന് വ്യക്തമാക്കി ഡബ്ല്യുസിസി; ഹണി റോസിന് പിന്തുണയുമായി രംഗത്ത്, പോസ്‌റ്റ് പങ്കുവച്ചു
കൊച്ചി: നടി ഹണി റോസിന് പിന്തുണയുമായി മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്‌മയായ വിമൻ ഇൻ സിനിമ കളക്റ്റീവ് സിനിമ അഥവാ ഡബ്ല്യുസിസി. ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്‌റ്റ് പങ്കുവെച്ച് അവൾക്കൊപ്പമെന്ന് കുറിച്ചാണ് ഡബ്ല്യുസിസി പിന്തുണ അറിയിച്ചിരിക്കുന്നത്. ജനുവരി ആറിന് ഹണി റോസ് തന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പാണ് ഡബ്ല്യുസിസി പങ്കുവച്ചിരിക്കുന്നത്.
ഇന്ന് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് പിന്തുണയുമായി ഡബ്ല്യുസിസി രംഗത്ത് വന്നിരിക്കുന്നത്. സിനിമാ മേഖലയിലെ സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ പൊതുമധ്യത്തിൽ എത്തിക്കാനും അറിയിക്കാനുമായി പ്രവർത്തിക്കുന്ന സംഘടനയാണ് ഡബ്ല്യുസിസി.

നേരത്തെ വിവാദ വിഷയത്തിൽ ഹണി റോസിന് എല്ലാവിധി പിന്തുണയും നൽകുമെന്ന് അഭിനേതാക്കളുടെ സംഘടനയായ അമ്മയും പ്രതികരിച്ചിരുന്നു. ആവശ്യമായ നിയമസഹായം ഉൾപ്പെടെയുള്ള പിന്തുണ നൽകുമെന്നാണ് അമ്മ അറിയിച്ചത്. നേരത്തെ അമ്മ സംഘടനയുടെ ഭാരവാഹികളിൽ ഒരാളായിരുന്നു ഹണി റോസ്. അഡ്‌ഹോക് കമ്മിറ്റിയാണ് ഹണി റോസിന് പിന്തുണ അറിയിച്ച് പ്രസ്‌താവന ഇറക്കിയത്.
മലയാള സിനിമയിലെ പ്രമുഖ നടി ഹണി റോസിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താനും അതുവഴി സ്ത്രീത്വത്തെയും അവരുടെ തൊഴിലിനേയും അപഹസിക്കാനും ചിലർ ബോധപൂർവം നടത്തുന്ന ശ്രമങ്ങളെ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ അപലപിക്കുന്നുവെന്നായിരുന്നു പ്രസ്‌താവനയിൽ പറഞ്ഞിരുന്നത്.
അതേസമയം, സ്ത്രീത്വത്തെ അപമാനിച്ചുവെന്നും നിരന്തരമായി അശ്ലീല അധിക്ഷേപങ്ങളും നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂരിനെതിരെ പോലീസിൽ പരാതി നൽകിയത്. എറണാകുളം സെൻട്രൽ പോലീസിനാണ് ഹണി റോസ് ഇത് സംബന്ധിച്ച പരാതി നൽകിയത്.
പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നാല് മാസം മുൻപ് നടന്ന സംഭവത്തിലാണ് നടി പരാതി നൽകിയത്. ഭാരതീയ ന്യായ് സംഹിത 75ആം വകുപ്പ് പ്രകാരമാണ് പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിരിക്കുന്നത്. ഐടി ആക്‌ടിലെ 67ആം വകുപ്പും ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഒരു വ്യക്തി തന്നെ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം അധിക്ഷേപിക്കുകയും ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ അപമാനിക്കുകയും ചെയ്യുന്നു എന്ന് ചൂണ്ടിക്കാണിച്ച് ഹണി റോസ് ഫേസ്‌ബുക്കിൽ പോസ്‌റ്റ് പങ്കുവച്ചത്. ഇതിന് താഴെയും ഒട്ടേറെ പേർ മോശം കമന്റുകൾ നൽകിയതോടെ നടി നിയമ നടപടിയിലേക്ക് കടക്കുകയായിരുന്നു.
ഈ കേസിൽ അന്വേഷണം പുരോഗമിക്കുന്ന വേളയിലാണ് ഹണി ബോബി ചെമ്മണ്ണൂരിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. കഴിഞ്ഞ വർഷം ഓഗസ്‌റ്റിൽ ആലക്കോട് ചെമ്മണ്ണൂർ ജ്വല്ലേഴ്‌സ് ബ്രാഞ്ചിന്റെ ഉദ്‌ഘാടന വേളയിൽ നടന്ന സംഭവങ്ങൾ ഉൾപ്പെടെ പരാതിയിൽ എടുത്ത് പറയുന്നുണ്ട്. പിന്നീടും ബോബി ചെമ്മണ്ണൂർ ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ നിരന്തരം അപമാനിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നു.












Click it and Unblock the Notifications