'ഇതാദ്യമായല്ല ഇങ്ങനെ പറയുന്നത്, ചെറുക്കണം'; അലന്‍സിയര്‍ക്കെതിരെ ഡബ്ല്യുസിസി
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന വേദിയില്‍ നടന്‍ അലന്‍സിയര്‍ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ നിശിത വിമര്‍ശനവുമായി മലയാള സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യു സി സി. അലന്‍സിയറുടെ പരാമര്‍ശം അങ്ങേയറ്റം നിന്ദ്യവും സ്ത്രീവിരുദ്ധവും അപലപനീയവുമായിരുന്നെന്ന് ഡബ്ല്യു സി സി പറഞ്ഞു. തിരുത്താനാവശ്യപ്പെട്ടിട്ടും തയ്യാറാകാത്ത അലന്‍സിയറുടെ നിലപാടിനെ അപലപിക്കുന്നുവെന്നും ഡബ്ല്യു സി സി വ്യക്തമാക്കി.
ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഡബ്ല്യു സി സിയുടെ പ്രതികരണം. ഇത്തരം ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ അലന്‍സിയര്‍ നടത്തുന്നത് ഇതാദ്യമായല്ല എന്നും സിനിമാപ്രവര്‍ത്തകരുടെ ഇത്തരം വാക്കുകളെയും പ്രവൃത്തികളെയും കൂടുതല്‍ ഗൗരവതരമായിക്കണ്ട് ചെറുക്കേണ്ടതുണ്ടെന്നും ഡബ്ല്യുി സി സി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലെ പെണ്‍ പ്രതിമ പ്രലോഭിപ്പിക്കുന്നതാണ് എന്നായിരുന്നു അലന്‍സിയറുടെ വിവാദ പരാമര്‍ശം.

തന്നെയും കുഞ്ചാക്കോ ബോബനേയും 25000 രൂപ തന്ന് അപമാനിക്കരുത് എന്നും പുരസ്‌കാരത്തുക കൂട്ടിത്തരണം എന്നുമായിരുന്നു അലന്‍സിയര്‍ പറഞ്ഞത്. സ്‌പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ പ്രതിമ തരണമെന്നും പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. 'ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്പം വേണം. അത് എന്നുമേടിക്കാന്‍ പറ്റുന്നുവോ, അന്ന് അഭിനയം നിര്‍ത്തും' എന്നായിരുന്നു അലന്‍സിയറിന്റെ വിവാദ പരാമര്‍ശം.
ഇതിന് എതിരെ അലന്‍സിയര്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. സിനിമാ മേഖലയില്‍ നിന്നടക്കം അലന്‍സിയറിനെതിരെ വലിയ വിമര്‍ശനം വന്നിരുന്നു. എന്നാല്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു എന്നായിരുന്നു അലന്‍സിയര്‍ പറഞ്ഞത്. തന്നെ സദാചാരം പഠിപ്പിക്കാന്‍ വരേണ്ട എന്നും അലന്‍സിയര്‍ പറഞ്ഞിരുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശമാണ് അലന്‍സിയര്‍ ഏറ്റുവാങ്ങിയത്.
ഡബ്ല്യുസിസിയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം
ഇന്നലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ അലന്‍സിയര്‍ ലോപ്പസ് നടത്തിയ മറുപടി പ്രസംഗത്തിലെ കുറേയേറെ ഭാഗങ്ങള്‍ അങ്ങേയറ്റം നിന്ദ്യവും, സ്ത്രീവിരുദ്ധവും, അപലപനീയവുമായിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെയും സ്ത്രീവിരുദ്ധതയെയും ആഘോഷിക്കുന്ന പ്രവണതയെ ചലച്ചിത്ര മേഖല പ്രോത്സാഹിപ്പിക്കരുതെന്നുള്ള മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തെ പാടെ അട്ടിമറിക്കുന്നതായിരുന്നു അലന്‍സിയറുടെ വാക്കുകള്‍.
മാധ്യമങ്ങളും നിരീക്ഷകരുമുള്‍പ്പെടെ പലരും ഇതിനൊരു തിരുത്തല്‍ ആവ്യശ്യപ്പെട്ടിട്ടും, താനൊരു തെറ്റും ചെയ്തിട്ടില്ലെന്നുള്ള അലന്‍സിയറുടെ നിലപാടിനെ ഞങ്ങള്‍ അങ്ങേയറ്റം അപലപിക്കുന്നു. പൊതുസമൂഹത്തിനൊന്നടങ്കം മാതൃകയാകേണ്ട ഒരു സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവില്‍നിന്ന് സ്ത്രീസമൂഹത്തെയും കലാപ്രവര്‍ത്തകരെയും അടച്ചധിക്ഷേപിക്കുന്ന ഇത്തരം പ്രസ്താവനകളുണ്ടാവുക എന്നത്, ഇക്കാലമത്രയും സ്ത്രീകളുടെ ഉയര്‍ച്ചയ്ക്കായും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായും മുന്നിട്ടിറങ്ങിയ കലാസാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രവര്‍ത്തനവഴികള്‍ക്ക് തുരങ്കം വയ്ക്കുന്നതിന് തുല്യമാണ്.
ഇത്തരം 'സെക്‌സിസ്റ്റ്' പ്രസ്താവനകള്‍ ഇതാദ്യമായല്ല അലന്‍സിയറില്‍ നിന്നും ഉണ്ടാവുന്നത് എന്നതുകൊണ്ടുതന്നെ സിനിമാപ്രവര്‍ത്തകരുടെ ഇത്തരം വാക്കുകളെയും പ്രവൃത്തികളെയും സിനിമാ മേഖല കൂടുതല്‍ ഗൗരവതരമായിക്കണ്ട് ചെറുക്കേണ്ടതുണ്ട്.












Click it and Unblock the Notifications