കോഴിക്കോട് മലപ്പുറത്തും 10 പേര്‍ക്ക് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു; രോഗലക്ഷണങ്ങള്‍ എന്തെല്ലാം?
കോഴിക്കോട്: മലപ്പുറത്തും കോഴിക്കോടുമായി പത്ത് പേര്‍ക്ക് വെസ്റ്റ്‌നൈല്‍ പനി സ്ഥിരീകരിച്ചു. രണ്ട് പേരുടെ മരണം വെസ്റ്റ്‌നൈല്‍ പനിയെ തുടര്‍ന്നാണെന്ന് സംശയമുണ്ട്. പനിയെ തുടര്‍ന്ന് ചികിത്സ തേടിയവരില്‍ വെസ്റ്റ്‌നൈല്‍ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മൈക്രോ ബയോളജി ലാബില്‍ നടത്തിയ പരിശോനയില്‍ വൈറസ് കണ്ടെത്തിയിരുന്നു.
പിന്നീട് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. അതേസമയം രോഗം സ്ഥിരീകരിച്ച അഞ്ച് പേര്‍ രോഗമുക്തരായിട്ടുണ്ട്. മരിച്ച രണ്ട് പേരുടെ സാമ്പിള്‍ ഫലം വന്നിട്ടില്ല. കൊതുക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

എന്താണ് വെസ്റ്റ്‌നൈല്‍ പനി
കൊതുകുജന്യ രോഗങ്ങളില്‍ കേരളത്തിന് ഏറെ പരിചയമില്ലാത്തവയാണിത്. ഫ്‌ളാവി വൈറസ് വിഭാഗത്തില്‍പ്പെടുന്ന വെസ്റ്റ്‌നൈല്‍ വൈറസുകളാണ് ഈ അസുഖം വരുത്തുന്നത്. ഈ വൈറസുകള്‍ വിവിധ സസ്തനികളില്‍ വെസ്റ്റ്‌നൈല്‍ പനിക്ക് കാരണമാകുന്നു.
ക്യൂലക്‌സ് കൊതുകുകളാണ് വെസ്റ്റ്‌നൈല്‍ പനി പരത്തുന്നത്. വൈസ്റ്റ് നൈല്‍ പനി മുതിര്‍ന്നവരിലാണ് കൂടുതല്‍ കാണപ്പെടുന്നത്. ജപ്പാന്‍ ജ്വരത്തെ പോലെ ഇവ അപകടകരമല്ല. അതേസമയം ഈ രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല.
രോഗലക്ഷണങ്ങള്‍ എന്തെല്ലാം
തലവേദന, പനി, പേശിവേദന, തലച്ചുറ്റല്‍, ഓര്‍മ നഷ്ടപ്പെടല്‍ എന്നിവയെല്ലാം രോഗലക്ഷണങ്ങളില്‍ വരും. വൈറസ് ബാധയുള്ള കൊതുക് കടിയേറ്റാല്‍ മൂന്ന് ദിവസം മുതല്‍ രണ്ട് ആഴ്ച്ചയ്ക്കുള്ളില്‍ സാധാരണ ഗതിയില്‍ മനുഷ്യരില്‍ രോഗം വരും. അണുബാധയേല്‍ക്കുന്നവരില്‍ 80 ശതമാനം പേര്‍ക്കും രോഗലക്ഷണം ഉണ്ടാകാറില്ല.
ചിലര്‍ക്ക് പനി തലവേദന, ഛര്‍ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ചെറിയൊരു ശതമാനം ആളുകളില്‍ തലച്ചോറിനെ ബാധിക്കുന്നതിലൂടെ ബോധക്ഷയവും ചിലപ്പോള്‍ മരണം വരെയും സംഭവിക്കാം. ചിലര്‍ക്ക് ഇത് നാഡി വ്യൂഹത്തെ ബാധിക്കുകയും വെസ്റ്റ് നൈല്‍ എന്‍സൈഫലൈറ്റിസ് ആവുകയും ചെയ്യുന്നു. മരണനിരക്ക് പക്ഷേ കുറവാണ്.
പകരുന്ന രോഗമാണോ?
ക്യൂലക്‌സ് കൊതുകുകളാണ് ഈ പനി പരത്തുന്നത്. പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട്. ഉഗാണ്ടയിലെ വെസ്റ്റ് നൈലില്‍ 1937ല്‍ ആണ് ആദ്യമായി ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. അതാണ് ഈ പരാതി ലഭിക്കാന്‍ കാരണം.
ഇന്ത്യയില്‍ ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് തമിഴ്‌നാട്ടിലെ വെല്ലുൂരിലാണ്. 1977ലായിരുന്നു ഇത്. അമേരിക്കയിലും ഗ്രീസ്, കാനഡ, റഷ്യ, റൊമാനിയ എന്നീ രാജ്യങ്ങളിലും യൂറോപ്പ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലും ഈ പനി പടര്‍ന്ന് പിടിച്ചിട്ടുണ്ട്.
രോഗപ്രതിരോധം എങ്ങനെ
വെസ്റ്റ്‌നൈല്‍ രോഗത്തിന് ചികിത്സയോ വാക്‌സിനോ ലഭ്യമല്ല. അതുകൊണ്ട് പ്രതിരോധമാണ് നല്ലത്. കൊതുകുകടി ഏല്‍ക്കാതിരിക്കുകയാണ് ഏറ്റവും നല്ല പ്രതിരോധ മാര്‍ഗം. രാത്രി കൊതുക് വലയ്ക്കുള്ളില്‍ ഉറങ്ങുന്നതാണ് ഉചിതം. ക്യൂലക്‌സ് കൊതുകുകളെ നശിപ്പിക്കുക. പരിസരം വൃത്തിയായി സൂക്ഷിക്കുക.
ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കുക. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടണം. സ്വയം ചികിത്സ ഒഴിവാക്കുക. കൊതുകുതിരി, വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതും ഫലപ്രദമാണ്.












Click it and Unblock the Notifications