വയനാടിന് ഊട്ടിയുടെ ഗതി വരുമോ? ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടിട്ട് മാസങ്ങൾ, കൈയൊഴിഞ്ഞ് സഞ്ചാരികളും
കൽപറ്റ: കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങി നിർത്തുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് ടൂറിസം എന്ന് സർക്കാർ തന്നെ പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ അതിന്റെ പുരോഗതിക്ക് ആവശ്യമായ എല്ലാവിധ നടപടികളും ഭരണകൂടം കൃത്യമായി നടപ്പാക്കാറുണ്ട്. എന്നാൽ അതിനൊരു അപവാദമെന്ന് പറയാൻ കഴിയുന്ന സംഭവവികാസമാണ് വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ അനിശ്ചിത കാലത്തേക്കുള്ള അടച്ചിടൽ.
വയനാട്ടിൽ നിന്ന് അധിക ദൂരമില്ലാത്ത പ്രമുഖ ടൂറിസം കേന്ദ്രമായ ഊട്ടി കുറച്ചു നാൾ മുൻപ് വരെ വിനോദ സഞ്ചരികളാൽ നിറഞ്ഞിരുന്നു. എന്നാൽ അനിയന്ത്രിതമായ സഞ്ചാരികളുടെ വരവ് മൂലം ഇവിടെ അടുത്തിടെ ഇ- പാസ് ഏർപ്പെടുത്തിയതോടെ വലിയ തിരിച്ചടിയാണ് ടൂറിസം മേഖല നേരിടുന്നത്, അതേ പാതയിലാണ് വയനാടും ഇപ്പോൾ നീങ്ങുന്നത്. ഊട്ടിക്ക് സമാനമായി വയനാട്ടിലും നിയന്ത്രണങ്ങൾ ടൂറിസത്തെ ബാധിക്കുന്നു എന്നാണ് ആരോപണം.

ഏത് കാലാവസ്ഥയിലും മലബാറുകാർ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ടൂറിസം കേന്ദ്രം എന്ന നിലയിൽ നിന്ന് കേരളത്തിന് അകത്തും പുറത്തും നിന്നുള്ള സഞ്ചാരികളുടെ ഇഷ്‌ട ഇടമെന്ന വിശേഷണത്തിലേക്ക് വയനാടിന്റെ വളർച്ച വളരെ പെട്ടന്നായിരുന്നു. എന്നാൽ ആ വളർച്ചയുടെ ഒരു ഘട്ടത്തിൽ അവിടുത്തെ ടൂറിസം മേഖലയുടെ നട്ടെല്ലൊടിക്കുന്ന പ്രഖ്യാപനം വന്നത് ഏതാണ്ട് അഞ്ച് മാസങ്ങൾക്ക് മുൻപാണ്.
വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചപ്പോൾ
ഈ വർഷം ഫെബ്രുവരി 18നാണ് വയനാട്ടിൽ വനംവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. അതിന് ഹേതുവായതാകട്ടെ കുറുവാ ദ്വീപിൽ വനംവകുപ്പ് വാച്ചർ ആയിരുന്ന പോളിന്റെ മരണവും. ബേലൂർ മഖ്‌ന എന്ന കാട്ടാനയെ തുരത്തുന്നതിന്റെ ഭാഗമായി വയനാട്ടിൽ ദൗത്യ സംഘം കാടുകയറിയപ്പോൾ കുറുവയിൽ സഞ്ചാരികളെ മടക്കി അയക്കാൻ നിയോഗിക്കപ്പെട്ട ആളായിരുന്നു പോൾ.
എന്നാൽ ഇവിടേക്ക് എത്തിയ കുട്ടിയാന ഉൾപ്പെടെയുള്ള ആനക്കൂട്ടം പോളിനെ ആക്രമിക്കുകയായിരുന്നു. വാരിയെല്ലിന് ഉൾപ്പെടെ പരിക്കേറ്റ പോളിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവത്തെ തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതോടെയാണ് സൗത്ത്, നോർത്ത് ഫോറസ്‌റ്റ് ഡിവിഷനുകളിലായി ഉള്ള ഏഴോളം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടാൻ തീരുമാനിച്ചത്. ദിവസേന നൂറുകണക്കിന് സഞ്ചാരികൾ എത്തുന്ന കേന്ദ്രങ്ങളായിരുന്നു ഇവയിൽ ഭൂരിഭാഗവും.
അടച്ചിടലിന് കാരണം പോളിന്റെ മരണം മാത്രമോ?
വർഷങ്ങളായി വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ പ്രവർത്തനത്തിലെ അപാകതകൾക്ക് എതിരെ പ്രതിഷേധം ഉയർത്തുന്ന ഒരുവിഭാഗം പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്‌മയാണ് പ്രകൃതി സംരക്ഷണ സമിതി. ഇവർ രണ്ട് വർഷത്തിൽ അധികമായി ഇക്കോ ടൂറിസം മേഖലയുടെ പ്രവർത്തനത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി നിയമപോരാട്ടം നടത്തി വരികയാണ്. ഇതിനിടയിലാണ് കുറുവ ദ്വീപിൽ വാച്ചറായ പോൾ കൊല്ലപ്പെടുന്നത്.
വിഷയത്തിൽ പ്രകൃതി സംരക്ഷണ സമിതിയുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിൽ വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് വിവിധ ഇടങ്ങളിലേക്ക് അനിയന്ത്രിതമായി എത്തിയിരുന്ന സഞ്ചാരികളുടെ ഒഴുക്കിനെ ബന്ധപ്പെട്ട അധികാരികൾ തടഞ്ഞത്.
വനംവകുപ്പ് ടൂറിസം നടപ്പാക്കാനുള്ളവരല്ല; പ്രകൃതി സംരക്ഷണ സമിതി
വർധിച്ചുവരുന്ന മനുഷ്യ മൃഗ സംഘർഷങ്ങളുടെയും പരിസ്ഥിതിക പ്രശ്‌നങ്ങളുടെയും പ്രധാന കാരണമായി ഇക്കോ ടൂറിസം കേന്ദ്രങ്ങൾ മാറുകയാണെന്ന് പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകനായ തോമസ് അമ്പലവയൽ വൺഇന്ത്യ മലയാളത്തോട് പറഞ്ഞു.
'കാട്ടിനകത്തുള്ള ടൂറിസം വർധിച്ചുവരുന്ന വന്യജീവി സംഘർഷങ്ങൾക്ക് കാരണമാണ്. ആനകൾ മാത്രമല്ല, സർവത്ര വന്യജീവികളും പുറത്താണ്. ഇത്തരം ടൂറിസം കേന്ദ്രങ്ങൾ കൊണ്ട് ഉണ്ടാവുന്ന പാരിസ്ഥിതികമായ പ്രശ്‌നങ്ങൾ വേറെയുമുണ്ട്. കൃത്യമായ ഉൾക്കൊള്ളൽ ശേഷി പരിശോധിക്കാതെയാണ് പല കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്' തോമസ് അമ്പലവയൽ പറഞ്ഞു.

'ചെമ്പ്ര, കുറുവ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നിയന്ത്രണം കൊണ്ട് വന്നത് ഞങ്ങളുടെ ഇടപെടൽ മൂലമാണ്. ഇടയ്ക്കലിലും കുറുവ ദ്വീപിലും ആളുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തേണ്ടി വന്നു, ഹൈക്കോടതിയിൽ കൊടുത്ത കേസിന്റെ ഭാഗമായായിരുന്നു ഈ നിയന്ത്രണങ്ങൾ കൊണ്ട് വന്നത്, കുറുവയിലും സൂചിപ്പാറയിലും ഉൾപ്പെടെ അഞ്ചിടത്തായിരുന്നു ഈ നിയന്ത്രണം' തോമസ് ചൂണ്ടിക്കാട്ടി.
'കോടതിക്ക് ഇക്കാര്യത്തിൽ കൃത്യമായ ബോധ്യമുണ്ടായിരുന്നു. കോടതി തന്നെ ഈ വിഷയം ഏറ്റെടുത്ത കൊണ്ടാണ് പൂർണമായ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കോടതിയുടെ അനുമതിയില്ലാതെ ഇനി ഇക്കോ ടൂറിസം പ്രവർത്തനങ്ങൾ നടത്താൻ പടില്ലെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജി ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്' അദ്ദേഹം പറഞ്ഞു.
'എംഎൽഎമാരും ജനപ്രതിനിധികളും ഒക്കെ ജനങ്ങൾ എവിടെയാണ് കൂടുതൽ ഉള്ളത് എന്ന് നോക്കിയാണ് നിൽക്കാറുള്ളത്. അവർക്ക് വോട്ടാണല്ലോ പ്രിയം. ടൂറിസം സംരംഭകരും മുതലാളിമാരും ഒക്കെയാണ് ഇവരുടെ ഒക്കെ ഫണ്ടിന്റെ പ്രധാന ശ്രോതസ്.' ജനപ്രതിനിധകളുടെ ഈ വിഷയത്തിലെ ഇടപെടലിനെ കുറിച്ച് തോമസ് പറഞ്ഞു.
'ഇവിടെ ടൂറിസമാണ് ജിഡിപിയുടെ നട്ടെല്ല് എന്നതാണ് പ്രചരണം. ശരിക്കും ഇവിടെ മഹാഭൂരിപക്ഷവും കൃഷിക്കാരാണ് ഉള്ളത്. എന്നാൽ അവർക്ക് വേണ്ട ഒന്നും ചെയ്യാൻ ഭരണകൂടം തയ്യാറാവുന്നില്ല. എന്നിട്ടാണ് ടൂറിസമാണ് ഭാവിയിൽ എല്ലാം, ടൂറിസം ഇല്ലെങ്കിൽ ജീവിതം മുന്നോട്ട് പോവില്ല എന്നുള്ള പ്രചരണങ്ങൾ ഒക്കെയും നടത്തുന്നത്' തോമസ് അമ്പലവയൽ കൂട്ടിച്ചേർത്തു.
വനം വകുപ്പിന്റെ മറുപടി ഇങ്ങനെ
വയനാട്ടിൽ രണ്ട് ഫോറസ്‌റ്റ് ഡിവിഷനുകൾക്ക് കീഴിൽ ഏഴ് പ്രമുഖ ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് ഉള്ളത്. ഇവയിൽ നാലെണ്ണവും ഉൾപ്പെടുന്നത് സൗത്ത് ഡിവിഷനിലാണ്. ശേഷിക്കുന്നവ നോർത്ത് ഡിവിഷനിലും. കുറുവ, ചെമ്പ്ര, സൂചിപ്പാറ, ബാണാസുര മല-മീൻമുട്ടി എന്നിങ്ങനെ നാല് ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് സൗത്ത് ഡിവിഷന് കീഴിലുള്ളത്.
വിഷയത്തിൽ അന്തിമ വിധി വന്നിട്ടില്ലെന്നാണ് വയനാട് സൗത്ത് ഡിഎഫ്ഒ അജിത് കെ രാമൻ വൺഇന്ത്യ മലയാളത്തോട് പ്രതികരിച്ചത്. 'നിലവിൽ കേസ് കോടതിയുടെ പരിഗണനയിലാണ്. ഞങ്ങളുടെ ഭാഗം വിശദമായി സർക്കാർ വക്കീൽ മുഖാന്തരം ഹൈക്കോടതിയെ അറിയിച്ചു കഴിഞ്ഞു. ഇടക്കാല വിധി മാത്രമാണ് ഇപ്പോൾ ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ളത്' ഡിഎഫ്ഒ ചൂണ്ടിക്കാണിച്ചു.
ഉയരുന്ന പ്രതിഷേധം, രാഷ്ട്രീയ ഇടപെടലുകളും
കഴിഞ്ഞ ദിവസം വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും വനംമന്ത്രിയുടെയും ഉൾപ്പെടെ അടിയന്തര ഇടപെടൽ തേടി കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ് നിവേദനം നൽകിയിരുന്നു. ടൂറിസം മന്ത്രി, ചീഫ് സെക്രട്ടറി എന്നിവർക്ക് ഉൾപ്പെടെയായിരുന്നു നിവേദനം. ഈ കേന്ദ്രങ്ങൾ ആശ്രയിച്ചു ജീവിക്കുന്ന 200 ലധികം തൊഴിലാളികളുടെയും ആദിവാസി വിഭാഗങ്ങളുടെയും ഉൾപ്പെടെ ബുദ്ധിമുട്ട് മനസിലാക്കി കൊണ്ട് സർക്കാർ ഉടൻ നടപടി എടുക്കണമെന്നാണ് ഇവരുടെ ആവശ്യം.
വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന ഒട്ടേറെ പേർക്ക് ഈ തീരുമാനം തിരിച്ചടിയാണെന്ന് നിവേദനത്തിൽ പറയുന്നു. ഇവിടുത്തെ തൊഴിലാളികൾക്ക് പുറമെ, കരകൗശല വിൽപ്പന ശാലകൾ, പ്രാദേശിക കാർഷിക വിപണ കേന്ദ്രങ്ങൾ, വാഹന ഡ്രൈവർമാർ, ഗൈഡുകൾ എന്നിങ്ങനെ ഒട്ടേറെ വിഭാഗങ്ങളെ തീരുമാനം ബാധിക്കുന്നുവെന്നാണ് നിവേദനം ചൂണ്ടിക്കാണിക്കുന്നു.
തുടർനടപടികൾ, കോടതി ഇടപെടൽ
വിഷയത്തിൽ കോടതി കൂടുതൽ കർശനമായി തന്നെ ഇടപെട്ടിട്ടുണ്ട്. നിലവിൽ ജില്ലയിലെ മുഴുവൻ ഇക്കോ ടൂറിസം കേന്ദ്രങ്ങളും അടഞ്ഞു കിടക്കുകയാണ്. ഇടക്കാല വിധിയിലൂടെ ആയിരുന്നു കോടതി നടപടി. കൂടാതെ ഇത്തരം കേന്ദ്രങ്ങളിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ട് വരണമെന്ന നിർദ്ദേശവും കോടതി മുന്നോട്ട് വയ്ക്കുന്നു. അന്തിമ വിധി വന്നില്ലെങ്കിലും അത് വയനാട്ടിലെ ടൂറിസം മേഖലയുടെ ഭാവി തീരുമാനിക്കുമെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications