ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; പശുവിനെ അഴിക്കാൻ പോയ 22കാരന് ദാരുണാന്ത്യം
ഇടുക്കി: കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ഇടുക്കി മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് മരിച്ചത്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. പശുവിനെ അഴിക്കാനായി പോയ അമർ കാട്ടാനയുടെ മുന്നിൽപെടുകയായിരുന്നു. കൂടെയുണ്ടായിരുന്നയാൾ പെട്ടെന്ന് തന്നെ ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും അമറിന് രക്ഷപ്പെടാൻ കഴിഞ്ഞില്ല.
കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അമറിനെ തൊടുപുഴയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടുക്കി മുള്ളരിങ്ങാട് അമേൽ തൊട്ടിയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഇവിടെ വനമേഖലയോട് ചേർന്നാണ് അമർ ഇലാഹിയും കുടുംബവും കഴിഞ്ഞിരുന്നത്.

തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് കാട്ടാന ഇവിടേക്ക് എത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നു അമർ ഇലാഹി. തുടർന്ന് മണിക്കൂറുകൾക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. അമറിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം, അമറിന്റെ മരണത്തിന് പിന്നാലെ നാട്ടുകാർ പ്രതിഷേധത്തിലാണ്. കഴിഞ്ഞ 3 വർഷമായി പ്രദേശത്ത് ആന ശല്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ആദ്യമായാണ് പ്രദേശത്ത് ഒരാൾ കൊല്ലപ്പെടുന്നത്. നിലവിൽ ഭീതിയുള്ള സാഹചര്യമാണെന്നും നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് ആന ജനങ്ങളെ ആക്രമിക്കാറില്ലായിരുന്നു. ഇത് ആദ്യത്തെ സംഭവമാണെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
ഇടുക്കി മുള്ളരിങ്ങാട് മേഖലയിൽ ആറ് ആനകളാണ് തമ്പടിച്ചിരിക്കുന്നത്. ഈ ആനകളെ ഉൾക്കാട്ടിലേക്ക് വിടാൻ വനം വകുപ്പ് പലവട്ടം ശ്രമിച്ചിരുന്നെങ്കിലും ഈ ദൗത്യം പരാജയപ്പെട്ടിരുന്നു. പുഴ കടന്ന് കാട്ടാനകൾ നേര്യമംഗലം വനമേഖലയിലേക്ക് പോകാൻ കൂട്ടാക്കാതെ വരികയായിരുന്നു. പിന്നീട് ദൗത്യം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിരുന്നു.
അടുത്തിടെ മൂന്നാറിലും കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. അഴകമ്മ, ശേഖർ എന്നിവർക്കാണ് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റത്. ഇരുവരെയും മൂന്നാറിലെ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അഴകമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയാണ് ശേഖരനെയും കാട്ടാന ആക്രമിച്ചത്.
അതേസമയം, കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം ദൗർഭാഗ്യകരമായിപ്പോയെന്നാണ് തൊടുപുഴ എംഎൽഎ പിജെ ജോസഫ് പറഞ്ഞത്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പിജെ ജോസഫ് അറിയിച്ചു. സംഭവത്തിൽ വനംവകുപ്പ് അടിയന്തരമായി നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രങ്ങളിലേക്ക് ആന ഇറങ്ങാത്തവിധം ഫെൻസിങ്ങും ട്രഞ്ചും വേണമെന്നും പിജെ ജോസഫ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications