വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു; ഭർത്താവിന് ഗുരുതര പരിക്ക്, സംഭവം നടന്നത് പരപ്പൻപാറയിൽ
വയനാട്: വന്യജീവി ആക്രമണങ്ങൾ തുടർക്കഥയാകുന്ന വയനാട്ടിൽ വീണ്ടും ഒരു ജീവൻ കൂടി പൊലിഞ്ഞു. കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീയാണ് ഇന്ന് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇവരുടെ ഭർത്താവ് ചികിത്സയിലാണ്. മേപ്പാടിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ വനത്തിനുള്ളിലേക്ക് മാറിയാണ് കാട്ടാന ആക്രമണം നടന്നത്.
മേപ്പാടി പരപ്പന്‍പാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാട്ടിനുള്ളിൽ തേൻ ശേഖരിക്കാൻ പോയപ്പോഴായിരുന്നു അപകടം. നിലമ്പൂരിൽ നിന്നും മേപ്പാടിയിൽ നിന്നും ഉൾപ്പെടെ വനം വകുപ്പ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ഒരു ചെറിയ ഇടവേളക്ക് ശേഷമാണ് വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം ഒരാളുടെ ജീവനെടുക്കുന്നത്.

അതേസമയം, വയനാട്ടിൽ മാത്രമല്ല സംസ്ഥാനത്തെ വിവിധ മേഖകളിൽ കാട്ടാന ആക്രമണം പെരുകുന്ന സാഹചര്യമാണ് നിലവിലുള്ളത്. വയനാട്ടിൽ മാത്രം ഈ വർഷം മൂന്ന് പേരുടെ ജീവൻ ഇത്തരത്തിൽ നഷ്‌ടമായി. വനംവകുപ്പ് വാച്ചറായ വെള്ളച്ചാലിൽ പോൾ വയനാട് കുറുവ ഇക്കോ ടൂറിസം കേന്ദ്രത്തിൽ വച്ചാണ് കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചത്.
ഫെബ്രുവരി പതിനാറിന് ആയിരുന്നു ഈ സംഭവം നടന്നത്. ഇതിന് ആറ് ദിവസങ്ങൾക്ക് മുൻപ് കർഷകനായ അജീഷിനെയും വയനാട്ടിൽ വച്ച് കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. കർണാടക അതിർത്തി കടന്നെത്തിയ ബേലൂർ മഖ്‌ന എന്ന അപകടകാരിയായ കാട്ടാന മാനന്തവാടിയിലെ വീട്ടുവളപ്പിൽ കടന്ന് അജീഷിനെ ചവിട്ടിക്കൊല്ലുകയായിരുന്നു.
ഇത് കൂടാതെ ഇടുക്കിയിലും പാലക്കാടുമായി നിരവധി പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നേരത്തെ അജീഷിന്റെയും പോളിന്റെയും മരണത്തിന് പിന്നാലെ വയനാട്ടിൽ വലിയ തോതിൽ പ്രതിഷേധം നടന്നിരുന്നു. കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിക്കുക ഉൾപ്പടെ ചെയ്‌തിരുന്നു.
കൂടാതെ വിഷയത്തിൽ നടപടി എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വനം മന്ത്രി എകെ ശശീന്ദ്രനെതിരെയും വിമർശനം ഉയർന്നിരുന്നു. പിന്നാലെ ബേലൂർ മഖ്‌നയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചെങ്കിലും അതും എവിടെയും എത്തിയിരുന്നില്ല. വയനാട്ടിൽ പ്രതിഷേധം ഒന്ന് ശമിച്ചു തുടങ്ങിയതിന് ഇടയിലാണ് വീണ്ടും ആദിവാസി സ്ത്രീ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications