കൊട്ടാരക്കരയിൽ കോൺഗ്രസിനായി അഖിൽ മാരാർ മത്സരിക്കും? മറ്റ് നാല് പേരുകളും പരിഗണനയിൽ
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങളെയും സിനിമാ താരങ്ങളെയും യുവാക്കളെയും ഒക്കെ രംഗത്തിറക്കിയുള്ള പരീക്ഷണം അടുത്തകാലത്തായി പല പാർട്ടികളും നടത്തി വരുന്നുണ്ട്. ഇക്കാര്യത്തിൽ കോൺഗ്രസ് തന്നെയാണ് ഒരുപിടി മുന്നിൽ. ഇപ്പോഴിതാ കൂടുതൽ പരീക്ഷണങ്ങൾക്ക് ഒരുങ്ങുകയാണ് കോൺഗ്രസ് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇക്കുറി സോഷ്യൽ മീഡിയയിലെ മുഖങ്ങളെയാണ് രംഗത്തിറക്കുന്നത്.
നിലവിൽ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും സിനിമകളിലൂടെയും ഫേസ്‌ബുക്ക് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിലും ഒക്കെ സജീവമായ, നിരവധി ആരാധകരുടെ പിന്തുണയുള്ള അഖിൽ മാരാരെ രംഗത്ത് ഇറക്കി തെക്കൻ കേരളത്തിൽ സീറ്റ് പിടിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. അഖിൽ മാരാരുടെ സ്വന്തം നടൻ കൊട്ടാരക്കരയിൽ തന്നെയാണ് താരത്തെ പരിഗണിക്കുന്നത്.

കൊല്ലത്ത് ഇക്കുറി യുഡിഎഫ് വിജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കൊട്ടാരക്കര. പ്രത്യേകിച്ച് തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഇവിടെ തിരിച്ചടി ഉണ്ടായ സാഹചര്യത്തിൽ മണ്ഡലം ഏത് വിധേനയും പിടിക്കുക എന്നതാണ് യുഡിഎഫിന്റെയും കോൺഗ്രസിന്റെയും ലക്ഷ്യം. മാത്രമല്ല ജില്ലയിൽ നിന്ന് 6 സീറ്റുകൾ എങ്കിലും നേടിയാൽ മാത്രമേ മുന്നണിക്ക് അധികാരത്തിൽ എത്താനാവൂ എന്നതും കോൺഗ്രസിനെ ഇതിന് പ്രേരിപ്പികുന്നുണ്ട്.
2006 വരെ കൊട്ടാരക്കരയിൽ യുഡിഎഫ് തന്നെയാണ് വിജയിച്ചു വന്നിരുന്നത്. എന്നാൽ കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിൽ ഇവിടെ എൽഡിഎഫ് തന്നെയാണ് ജയം നേടുന്നത്. ഇക്കുറി മണ്ഡലം തിരിച്ചുപിടിക്കാൻ തന്നെയാണ് കോൺഗ്രസ് കച്ചകെട്ടി ഇറങ്ങുന്നത്. നിലവിൽ മണ്ഡലത്തിൽ നിന്ന് അഖിൽ മാരാരുടെ പേര് കൂടാതെ നാല് പേരുകൾ കൂടി കോൺഗ്രസ് പരിഗണിക്കുന്നുണ്ടെന്നാണ് ലഭ്യമായ വിവരം.
ഇതിൽ കഴിഞ്ഞ തവണ മത്സരിച്ച രശ്‌മിയുടേത് ഉൾപ്പെടെയുണ്ട്. പാർട്ടിയിൽ നിന്ന് കൂടുതൽ പേരുടെയും പിന്തുണ രശ്‌മിക്ക് ഉണ്ടെന്ന വിവരം. പ്രത്യേകിച്ച് കഴിഞ്ഞ തവണ നടത്തിയ മികച്ച പ്രകടനം കൂടി കണക്കിലെടുക്കുമ്പോൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവിടെ കെഎൻ ബാലഗോപാൽ മത്സരിച്ചിട്ടും വോട്ട് വിഹിതം കാര്യമായി ഉയർത്താൻ രശ്‌മിക്ക് സാധിച്ചിരുന്നു.
2006ന് ശേഷം മൂന്ന് തവണ ഇവിടെ ഐഷ പോറ്റിയും കഴിഞ്ഞ തവണ ബാലഗോപാലുമാണ് ഇവിടെ നിന്ന് നിയമസഭയിൽ എത്തിയത്. ബാലഗോപാൽ ആവട്ടെ ധനമന്ത്രിയുമാണ്. അതുകൊണ്ട് തന്നെ കടുത്ത മത്സരമാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. സൗമ്യനായ നേതാവെന്ന നിലയിൽ അദ്ദേഹത്തിന് ജനപ്രീതിയുണ്ട്. എന്നാൽ കൊട്ടാരക്കരയിൽ തന്നെയാണോ അദ്ദേഹം മത്സരിക്കുക എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇതുവരെ തീരുമാനം ആയിട്ടില്ല.
ഇത്രയൊക്കെ ആണെങ്കിലും അഖിൽ മാരാർക്ക് സാധ്യതയുണ്ട് ഇവിടെയെന്നാണ് ലഭ്യമായ വിവരം. പ്രത്യേകിച്ച് പരിചിത മുഖമെന്ന നിലയിൽ അഖിലിനെ കൂടുതൽ വോട്ടർമാർ പിന്തുണയ്ക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്. മാത്രമല്ല കഴിഞ്ഞ കുറച്ചധികം കാലങ്ങളായി കോൺഗ്രസ് വേദികളിൽ സ്ഥിര സാന്നിധ്യമാണ് അഖിൽ മാരാർ.
മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കഴിഞ്ഞ തവണത്തെ സ്ഥാനാർത്ഥിയുമായ ആർ രശ്‌മി, ഡിസിസി ജനറൽ സെക്രട്ടറി പി ഹരികുമാർ, എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ജെഎസ് അടൂർ എന്ന ജോൺ സാമുവേൽ അടൂർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജു ജോർജ് എന്നിവരുടെ പേരുകളും മണ്ഡലത്തിൽ ഉയർന്നുകേൾക്കുന്നുണ്ട്.












Click it and Unblock the Notifications