അങ്കമാലി-കുണ്ടന്നൂർ ബൈപാസ് എട്ടുവരി പാതയാകുമോ? തീരുമാനം വൈകില്ല, ട്രാഫിക് സർവേ പുരോഗമിക്കുന്നു
കൊച്ചി: നഗരവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതികളിൽ ഒന്നാണ് അങ്കമാലി-കുണ്ടന്നൂർ ബൈപാസ്. കൊച്ചിയിലെ ഗതാഗത കുരുക്കിന് ഏറിയ പങ്കും ആശ്വാസമാവാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെയാണ് ഒരുപാട് നാളായി ഈ പദ്ധതി നടപ്പിലാക്കണം എന്ന ആവശ്യം ശക്തമായി ഉയരുന്നത്. ഇപ്പോഴിതാ എല്ലാവർക്കും പ്രതീക്ഷ ഉയർത്തുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്.
അങ്കമാലി-കുണ്ടന്നൂർ ബൈപാസ് എത്ര വരി പാതയായി നിർമ്മിക്കണം എന്ന ചർച്ച കഴിഞ്ഞ കാലങ്ങളിൽ കാര്യമായി തന്നെ നടന്നിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം വൈകില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട പുതിയ ട്രാഫിക് സർവേ പുരോഗമിക്കുകയാണ്. സർവേ നടത്തുന്ന ഏജൻസി ഡിസംബർ 15നകം തന്നെ റിപ്പോർട്ട് ദേശീയപാത അതോറിറ്റിക്കു കൈമാറുമെന്നാണ് ലഭ്യമായ വിവരം സൂചിപ്പിക്കുന്നത്.

അങ്ങനെയെങ്കിൽ സർവേ റിപ്പോർട്ടിന് ദേശീയപാത അതോറിറ്റി ചെയർമാന്റെ അംഗീകാരം ലഭിച്ചാൽ ബൈപാസിന്റെ 3എ പുനർവിജ്ഞാപനം വൈകാതെ തന്നെ പുറപ്പെടുവിക്കാനാകും. അങ്കമാലി-കുണ്ടന്നൂർ ബൈപാസ് എട്ടുവരി പാതയാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ആറുവരി പാതയ്ക്കാണ് നിലവിൽ കല്ലിട്ടിരിക്കുന്നത്.
അതിന് പകരം പാത എട്ടുവരി ആക്കേണ്ടതുണ്ടോയെന്ന് നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ട്രാഫിക് സർവേയുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുക. 5 വർഷം മുൻപ് നടത്തിയ ട്രാഫിക് സർവേയുടെ അടിസ്ഥാനത്തിലായിരുന്നു അങ്കമാലി-കുണ്ടന്നൂർ ബൈപാസ് ആറുവരിപ്പാതയായി നിർമ്മിക്കാൻ തീരുമാനിച്ചത്. അതിന്റെ ഭാഗമായി അന്ന് 3എ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്‌തെങ്കിലും ഈ സർവേ കാലഹരണപ്പെട്ടു എന്നാണ് പ്രധാനമായും ഉയരുന്ന വാദം.
ഈ സാഹചര്യത്തിലാണ് അടുത്തിടെ പുതിയ ട്രാഫിക് സർവേ തുടങ്ങിയത്. വരും ദിവസങ്ങളിൽ തന്നെ ഇത് പൂർത്തിയാകും. തുടർന്ന് ഈ മാസം പകുതിയോടെ റിപ്പോർട്ട് ദേശീയപാത അതോറിറ്റിക്ക് കൈമാറും. ദേശീയപാത 544 വഴി കടന്നുപോകുന്ന വാഹനങ്ങളുടെ സർവേയാണ് നടത്തി കൊണ്ടിരിക്കുന്നത്. റോഡിന് കൂടുതൽ വീതി വേണോ എന്നതുൾപ്പെടെ തീരുമാനിച്ച ശേഷമാകും 3എ പുനർവിജ്ഞാപനം പുറപ്പെടുവിക്കുക.
കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കില്‍ പെടാതെ അങ്കമാലി കരയാപറമ്പ് മുതല്‍ കുണ്ടന്നൂരിലേക്ക് ആറുവരി ബൈപ്പാസ് എന്നതായിരുന്നു നേരത്തെ നടത്തിയ പ്രഖ്യാപനം. ആറുവരി പാതയാണെങ്കിൽ ബൈപാസ് നിര്‍മ്മാണത്തിനായി മൂന്ന് താലൂക്കുകളിലെ 295 ഹെക്‌ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. കൃഷി ഭൂമികൾ പരമാവധി പ്രയോജനപ്പെടുത്താനായിരുന്നു നീക്കം. എട്ടുവരി പാതയാണെങ്കിൽ കൂടുതൽ ഭൂമി വേണ്ടി വരും.
44 കിലോമീറ്ററിൽ ആറുവരിപ്പാതയായാണ് അങ്കമാലി-കുണ്ടന്നൂർ ബൈപാസ് നിർമ്മിക്കാൻ തീരുമാനിച്ചത്. 2023 ജൂണിൽ പദ്ധതിക്ക് ദേശീയപാതാ അതോറിറ്റി അംഗീകാരം നൽകിയിരുന്നു. രണ്ട് വർഷം കഴിഞ്ഞെങ്കിലും നിർമ്മാണ പ്രവർത്തികൾ ഉൾപ്പെടെയുള്ളവയിലേക്ക് കടന്നിട്ടില്ല. എങ്കിലും നിലവിലെ സാഹചര്യത്തിൽ കാര്യങ്ങൾ വേഗത്തിൽ നടക്കുമെന്നാണ് പ്രതീക്ഷ.
അതിനിടെ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച വിജ്ഞാപനം വൈകുന്നതില്‍ പ്രതിഷേധം കടുപ്പിച്ച് ഭൂവുടമകള്‍ രംഗത്ത് വന്നിരുന്നു. വീടുകളുടെ മുന്‍പിലടക്കം മഞ്ഞക്കല്ല് സ്ഥാപിച്ച് നാളുകളായിട്ടും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ എങ്ങുമെത്തിയിട്ടില്ലെന്നാണ് പരാതി. വിജ്ഞാപനം ഉടൻ പുറത്തിറക്കിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനും ആക്ഷൻ കൗൺസിൽ തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications