പാലായില്‍ പോര് കനത്തു; 6 മണിക്ക് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി
കോട്ടയം: പാലായില്‍ ജോസ് കെ മാണി വിഭാഗവും പിജെ ജോസഫ് വിഭാഗവും തമ്മിലുള്ള പോര് മുറുകി. ഇന്ന് വൈകീട്ട് ആറ് മണിക്ക് തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി അറിയിച്ചു. യുഡിഎഫ് സംസ്ഥാന നേതൃത്വമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയെന്നും ജോസ് കെ മാണി പറഞ്ഞു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഞായറാഴ്ച ഉണ്ടാകുമെന്നായിരുന്നു ജോസ് കെ മാണി കഴിഞ്ഞ ദിവസം അറിയിച്ചത്. ചിഹ്നത്തിന്‍റെ കാര്യത്തിലും തിരുമാനമാകുമെന്നും ജോസ് പറഞ്ഞിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെ ജോസിനെ തള്ളി പിജെ ജോസഫ് രംഗത്തെത്തി. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ചര്‍ച്ച പൂര്‍ത്തിയായിട്ടില്ലെന്നായിരുന്നു പിജെ ജോസഫ് പറഞ്ഞത്.
പാലാ സീറ്റില്‍ നിഷ ജോസ് കെ മാണിയെ മത്സരിപ്പിക്കാനാണ് നീക്കമാണ് ജോസ് കെ മാണി വിഭാഗം നടത്തുന്നത്. പാലാ സീറ്റും ചിഹ്നവും വേണമെന്ന നിലപാടും ജോസ് കെ മാണി ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ നിഷയെ ആണ് മത്സരിപ്പിക്കുന്നതെങ്കില്‍ ചിഹ്നം വിട്ട് തരില്ലെന്നാണ് പിജെ ജോസഫിന്‍റെ നിലപാട്. അതേസമയം ചിഹ്നം വിട്ടുതരാന്‍ പി ജെ ജോസഫ് തയ്യാറായില്ലെങ്കില്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കാന്‍ മടിയില്ലെന്നാണ് ജോസ് കെ മാണി അന്ത്യശാസനം നല്‍കിയിരിക്കുന്നത്.
ചിഹ്നം പി ജെ ജോസഫിന്‍റെ ഔദാര്യമല്ല. അത്തരത്തിൽ ഒരു വിട്ടു വീഴ്‍ചയും ചെയ്യേണ്ടതില്ലെന്നാണ് ജോസ് കെ മാണി പക്ഷത്തിന്‍റെ പൊതുവികാരം. നിഷാ ജോസ് കെ മാണി മത്സരിക്കുന്നതിനോടാണ് പാർട്ടിയിൽ ഭൂരിഭാഗം പേർക്കും താത്പര്യമെന്നും ജോസ് കെ മാണി വിഭാഗം നേതാക്കള്‍ വ്യക്തമാക്കുന്നു.
ഇരുവിഭാഗങ്ങളെയും അനുനയിപ്പിക്കാന്‍ ഇന്ന് വൈകിട്ട് കോട്ടയത്ത് യുഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്.
പാലാ പിടിക്കാന്‍ സിപിഎമ്മിന്‍റെ തന്ത്രം.. പുറത്തെടുക്കുന്നത് ചെങ്ങന്നൂര്‍ മോഡല്‍












Click it and Unblock the Notifications