ഐടി കമ്പനികൾ കൂട്ടത്തോടെ കേരളത്തിലേക്കോ? ക്ഷണിച്ച് സംസ്ഥാന സർക്കാർ, ബെംഗളൂരു ജലക്ഷാമം തുണയാവും
കൊച്ചി: വേനൽ രണ്ട് മാസം പിന്നിടുമ്പഴേക്കും ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോ നഗരങ്ങളിൽ ഒന്നായ ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷമാണ്. പലയിടത്തും കുടിവെള്ളത്തിന് പോലും കടുത്ത ലഭ്യത കുറവ് അനുഭവപ്പെടുമ്പോൾ ഈ സാഹചര്യം മുതലെടുത്ത് കേരളത്തിലേക്ക് ഐടി കമ്പനികളെ കൂടുതലായി ആകർഷിക്കാനുള്ള നീക്കങ്ങൾ സജീവമാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ബെംഗളൂരുവിലെ മുൻനിര ഐടി കമ്പനികളെ കേരളം സമീപിച്ചതായാണ് റിപ്പോർട്ട്. സംസ്ഥാന വ്യവസായ മന്ത്രി പി രാജീവാണ് വിഷയത്തിൽ പ്രതികരിച്ചത്. ബെംഗളൂരുവിലെ ജലപ്രതിസന്ധിയെക്കുറിച്ചുള്ള വാർത്ത അറിഞ്ഞതിന് ശേഷം, ഐടി കമ്പനികൾക്ക് എല്ലാ സൗകര്യങ്ങളും ധാരാളം വെള്ളവും വാഗ്‌ദാനം ചെയ്‌തുകൊണ്ട് കത്തെഴുതി. സംസ്ഥാനത്ത് ചെറുതും വലുതുമായ 44 നദികൾ ഉള്ളതിനാൽ ജലലഭ്യത ഒരു പ്രശ്‌നമേ അല്ലെന്നാണ് മന്ത്രി എക്കണോമിക് ടൈംസിനോട് പ്രതികരിച്ചത്.

ഇന്ത്യയുടെ ഐടി ഹബ്ബ് എന്ന വിശേഷണമുള്ള ബെംഗളൂരു ഏകദേശം 254 ബില്യൺ ഡോളറിന്റെ വരുമാനമാണ് ഈ മേഖലയിൽ നിന്ന് ഉണ്ടാക്കിയെടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്. എന്നാൽ വേനൽ തുടങ്ങിയതോടെ നഗരത്തിൽ പ്രതിദിനം ഏകദേശം 500 ദശലക്ഷം ലിറ്റർ ജലത്തിന്റെ കുറവാണു അനുഭവപ്പെടുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അതേസമയം പ്രസ്‌റ്റീജ് ഗ്രൂപ്പ് കൊച്ചിയിൽ 8.5 ലക്ഷം ചതുരശ്ര അടി വിസ്‌തീർണത്തിൽ ഒരു ടെക് പാർക്ക് നിർമ്മിച്ചുവെന്നും തിരുവനന്തപുരത്ത് ബ്രിഗേഡ് ഗ്രൂപ്പ് സമാനമായ രീതിയിൽ പാർക്ക് നിർമ്മിക്കുന്നുണ്ടെന്നും പറഞ്ഞ മന്ത്രി പി രാജീവ് കൊച്ചിയിലെ ഇൻഫോപാർക്കിലെ സൗകര്യങ്ങളെ കുറിച്ചും വാചാലനായി. നാല് അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾ, മികച്ച റോഡുകൾ, റെയിൽ, തുറമുഖ കണക്റ്റിവിറ്റി എന്നിവ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
ഐടി കമ്പനികളുമായുള്ള തുടർ ചർച്ചകൾക്കും മറ്റ് നടപടികൾക്കുമായി ഒരു പ്രത്യേക സംഘത്തെ തന്നെ ചുമതലപ്പെടുത്തിയെന്നാണ് പി രാജീവ് അറിയിച്ചത്. ചില മുൻനിര കമ്പനികളുമായി ചർച്ച നടത്തി വരികയാണെന്നും അതിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നുമാണ് പി രാജീവ് പറയുന്നത്. സാങ്കേതിക മേഖലയിൽ പ്രവർത്തിക്കാൻ കഴിയുന്ന ഒട്ടേറെ ആളുകൾ സംസ്ഥാനത്ത് ഉണ്ടെന്നും അതുകൊണ്ട് ഇക്കാര്യം എളുപ്പമാവുമെന്നും മന്ത്രി പറഞ്ഞു.
ഇൻഫോപാർക്ക് (കൊച്ചി), ടെക്‌നോപാർക്ക് (തിരുവനന്തപുരം), സൈബർപാർക്ക് (കോഴിക്കോട്) എന്നീ മൂന്ന് സൗകര്യങ്ങളുള്ള സംസ്ഥാനത്ത്, പുതിയ നിക്ഷേപങ്ങളെ പിന്തുണയ്ക്കുന്നതിനായി നിർദ്ദിഷ്‌ട ഇടനാഴികളിൽ സർക്കാർ ചെറിയ ഐടി പാർക്കുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. 'കണക്റ്റിവിറ്റിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമുള്ള ചെറിയ ഐടി പാർക്കുകൾ ഞങ്ങൾ വികസിപ്പിക്കും' എന്നായിരുന്നു മന്ത്രി രാജീവ് പറഞ്ഞത്.
അഞ്ച് വർഷത്തിനുള്ളിൽ സാങ്കേതിക മേഖലയിൽ ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം ഒരു ദശലക്ഷമായി ഉയർത്തുക എന്ന ലക്ഷ്യമാണ് സംസ്ഥാന സർക്കാർ പിന്തുടരുന്നത്. സംസ്ഥാനത്തുടനീളം നിലവിൽ സർക്കാർ, സ്വകാര്യ മേഖലയുടെ ഉടമസ്ഥതയിലുള്ള ടെക് പാർക്കുകളിൽ രണ്ടര ലക്ഷത്തോളം പേർ ജോലി ചെയ്യുന്നുണ്ട്. ഇത് നാലിരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും രാജീവ് കൂട്ടിച്ചേർത്തു.
ഈ പദ്ധതിയുടെ ഭാഗമായി, തീരത്തുകൂടി കടന്നുപോകുന്ന ദേശീയ പാത 66ൽ നാല് ഐടി ഇടനാഴികൾ സർക്കാർ ആസൂത്രണം ചെയ്‌തിട്ടുണ്ട്. തിരുവനന്തപുരത്തിനും കൊല്ലത്തിനും ഇടയിൽ, ചേർത്തല-എറണാകുളം, എറണാകുളം-കൊരട്ടി, കോഴിക്കോട്-കണ്ണൂർ എന്നിവിടങ്ങളിലാണ് കോറിഡോറുകൾ ആസൂത്രണം ചെയ്‌തിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications