ജെപി നദ്ദയുമായി കൂടിക്കാഴ്‌ച നടത്തി വീണാ ജോർജ്; 'ആശമാരുടേത് അടക്കം 4 വിഷയങ്ങൾ കേന്ദ്രത്തെ അറിയിച്ചു'
ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായി കൂടിക്കാഴ്‌ച നടത്തി സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്ന് വൈകീട്ടോടെയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്‌ച നടന്നത്. ആശ വർക്കർമാരുടെ വിഷയം ഉൾപ്പെടെ നാല് കാര്യങ്ങൾ കേന്ദ്രത്തെ ധരിപ്പിച്ചുവെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. ജെപി നദ്ദയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സംസ്ഥാന ആരോഗ്യമന്ത്രി.
കേന്ദ്രമന്ത്രിയുടെ പാര്‍ലമെന്റ് മന്ദിരത്തിലെ ഓഫീസിൽ നടന്ന കൂടിക്കാഴ്‌ചയിൽ കേന്ദ്രആരോഗ്യ സെക്രട്ടറിയും പങ്കെടുത്തു. ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്നാണ് കൂടിക്കാഴ്‌ചയ്ക്ക് ശേഷം വീണാ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ആശാ വർക്കർമാരുടെ ഇന്‍സെന്റീവ് കൂട്ടുന്നകാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയതായും വീണാ ജോർജ് അറിയിച്ചു.

സംസ്ഥാന സർക്കാരിന്റെ ആവശ്യങ്ങളെല്ലാം മന്ത്രി കേട്ടുവെന്നും വീണ ജോർജ് മാധ്യമങ്ങളോട് വ്യക്തമാക്കി. 2023-2024 ലെ ശേഷിക്കുന്ന തുക നൽകുന്നതാണ് പ്രധാനമായും ചർച്ചയായത്. കുടിശികയുമായി ബന്ധപ്പെട്ട കാര്യം പരിശോധിക്കാമെന്നും കേന്ദ്രമന്ത്രി അറിയിച്ചുവെന്ന് വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
എയിംസ് വിഷയത്തിലും മന്ത്രി അനുകൂലമായി പ്രതികരിച്ചുവെന്നാണ് വീണ ജോർജ് പറയുന്നത്. കേരളത്തിന് എയിംസ് ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയെന്നാണ് സംസ്ഥാന ആരോഗ്യമന്ത്രി പറയുന്നത്. കേന്ദ്രമന്ത്രിക്ക് വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഒരു നിവേദനം സമർപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നുണ്ട്.
കേരള ഹൗസിൽ വച്ചാണ് വീണാ ജോർജ് മാധ്യമങ്ങളെ കണ്ടത്. നേരത്തെ നദ്ദയുമായി കൂടിക്കാഴ്‌ച നടത്താൻ വീണാ ജോർജ് ഡൽഹിയിൽ പോയിരുന്നെങ്കിലും അതിന് സാധിച്ചിരുന്നില്ല. മാർച്ച് 19നാണ് മന്ത്രിയെ കാണാൻ അനുമതി തേടിയത്. എന്നാൽ ആ സമയം അദ്ദേഹത്തിന് തിരക്കായതിനാൽ കാണാൻ സാധിച്ചില്ല. തുടർന്ന് ഇന്നത്തേക്ക് കൂടിക്കാഴ്‌ച നിശ്ചയിക്കുകയായിരുന്നു.
അതേസമയം, വീണാ ജോര്‍ജ് ജെപി നദ്ദയുമായി നടത്തിയ ചര്‍ച്ചയില്‍ പുതുതായി ഒന്നുമില്ലെന്നാണ് ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആരോപിക്കുന്നത്. കേന്ദ്രം ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്ന കാര്യം മാത്രമാണ് മന്ത്രി പറയുന്നത്. അത് നേരത്തേ തന്നെ കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞിട്ടുള്ള കാര്യമാണെന്നും സമരസമിതി നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
സമരത്തിന്റെ ഫലമായി സംസ്ഥാന-കേന്ദ്രമന്ത്രിമാര്‍ കൂടിക്കാഴ്‌ച നടത്തിയെന്നത് അഭിമാനകരമാണെന്നാണ് പ്രതിഷേധിക്കുന്ന ആശാ വർക്കർമാർ പറയുന്നത്. ഓണറേറിയം വര്‍ധിപ്പിക്കല്‍, വിരമിക്കല്‍ ആനുകൂല്യം തുടങ്ങിയ ആവശ്യങ്ങളെക്കുറിച്ച് മന്ത്രി വീണാ ജോര്‍ജ് ഒരക്ഷരം പോലും പ്രതികരിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications