മഞ്ചേശ്വരത്ത് മത്സരിക്കാൻ കെ സുരേന്ദ്രൻ? ഇക്കുറി ജയിക്കാൻ ഉറച്ച് തന്നെ, 'വരും ദിവസങ്ങളിൽ അറിയാം'
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം സീറ്റിൽ നിന്ന് മത്സരിക്കുമോ എന്ന കാര്യത്തിൽ സസ്പെൻസ് നിലനിർത്തി മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മഞ്ചേശ്വരത്തെ തന്റെ സ്ഥാനാർത്ഥിത്വത്തെ തള്ളിക്കളയാതെയാണ് അദ്ദേഹം ഏറ്റവും ഒടുവിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിൽ നഷ്‌ടമായ സീറ്റ് ഇക്കുറി മാറിയ സാഹചര്യത്തിൽ പിടിച്ചെടുക്കാമെന്ന ബിജെപി കണക്ക് കൂട്ടലിനിടെയാണ് സുരേന്ദ്രന്റെ പ്രതികരണം.
മണ്ഡലത്തിൽ താൻ മത്സരിക്കുമെന്നോ ഇല്ലെന്നോ തീർത്ത് പറയാൻ കെ സുരേന്ദ്രൻ തയ്യാറായില്ല. മഞ്ചേശ്വരം, കാസർഗോഡ് മണ്ഡലങ്ങളുടെ ഏകോപന ചുമതലയാണ് പാർട്ടി തനിക്ക് നൽകിയിട്ടുള്ളതെന്നും അതുകൊണ്ട് തന്നെ ഇപ്പോൾ സ്ഥാനാർഥിത്വം സംബന്ധിച്ച് ഒന്നും പറയുന്നില്ലെന്നുമാണ് സുരേന്ദ്രൻ പറഞ്ഞത്. എന്നാൽ വരും ദിവസങ്ങളിൽ അക്കാര്യം വ്യക്തമാകുമെന്നും. മഞ്ചേശ്വരത്തും കാസർഗോഡും ഉറച്ച വിജയ പ്രതീക്ഷയുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തിരുന്നു.

കഴിഞ്ഞ തവണ സുരേന്ദ്രൻ മണ്ഡലത്തിൽ കാര്യമായ വിജയ പ്രതീക്ഷ വച്ച് പുലർത്തിയിരുന്നു. അവസാന നിമിഷമാണ് ലീഗിന്റെ സ്ഥാനാർത്ഥിയായ എകെഎം അഷ്‌റഫ് ഇവിടെ വിജയിച്ചത്. മണ്ഡലത്തിൽ മൂന്നാമത് എത്തിയ എൽഡിഎഫ് സ്ഥാനാർത്ഥിയേക്കാൾ ഇരുപത്തിനായിരത്തിൽ അധികം വോട്ടുകളാണ് ഇവിടെ കെ സുരേന്ദ്രന് ലഭിച്ചത്.
സംസ്ഥാനത്ത് തന്നെ നേരിട്ട് ബിജെപി-ലീഗ് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് മഞ്ചേശ്വരം. നിലവിലെ മാറിയ സാഹചര്യത്തിൽ ആഞ്ഞുപിടിച്ചാൽ ജയം കൂടെപോരുമെന്നാണ് എൻഡിഎ വിശ്വസിക്കുന്നത്. അങ്ങനെയുള്ള സാഹചര്യത്തിലാണ് മണ്ഡലത്തിൽ ചിരപരിചിതനായ കെ സുരേന്ദ്രൻ തന്നെ ബിജെപിക്ക് വേണ്ടി ഇറങ്ങുമോ എന്ന് എല്ലാവരും ഒരുപോലെ ഉറ്റുനോക്കുന്നത്. ഇക്കാര്യത്തിൽ സുരേന്ദ്രന് താൽപര്യക്കുറവ് ഉണ്ടാവാനും ഇടയില്ല.
നേരത്തെ കെ സുരേന്ദ്രൻ വട്ടിയൂർക്കാവ് സീറ്റിനായി നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വട്ടിയൂർക്കാവ് ലഭിച്ചില്ലെങ്കിൽ ഇക്കുറി അദ്ദേഹം മത്സരരംഗത്തുണ്ടാകാൻ സാധ്യതയില്ലെന്നും സുരേന്ദ്രനുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞതുമാണ്. സുരേന്ദ്രനെ പാലക്കാട്ടേക്ക് പരിഗണിക്കാൻ നേതൃത്വം ആലോചിക്കുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
വട്ടിയൂർക്കാവ് ആയാലും പാലക്കാട് ആയാലും ബിജെപി ഒരുപോലെ ജയപ്രതീക്ഷ വച്ച് പുലർത്തുന്ന മണ്ഡലങ്ങളാണ്. ഇവിടെ സുരേന്ദ്രനെ പോലെ പരിചയ സമ്പന്നനായ സ്ഥാനാർത്ഥി ഇറങ്ങുന്നത് ഗുണം ചെയ്യുമെന്നാണ് പാർട്ടിക്കുള്ളിൽ നിന്നുയരുന്ന അഭിപ്രായം. എന്നാൽ സുരേന്ദ്രൻ മഞ്ചേശ്വരമാണ് നോട്ടമിട്ടതെങ്കിൽ ഇവിടെ മത്സരം കടുപ്പമേറിയതാവും എന്നുറപ്പാണ്.
തിരഞ്ഞെടുപ്പിന് മൂന്നോ നാലോ മാസങ്ങൾക്ക് മാത്രം ശേഷിക്കെ സുരേന്ദ്രന്റെ നിലപാടും ഇവിടെ നിർണായകമാണ്. വട്ടിയൂർക്കാവിന് വേണ്ടി സുരേന്ദ്രൻ വാശിപിടിക്കുമോ എന്നതാണ് മറ്റൊരു ചോദ്യം. ഇവിടെ പല നേതാക്കൾക്കും ഒരു കണ്ണുണ്ട്, പ്രത്യേകിച്ച് തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബിജെപി പിടിച്ചെടുത്ത സാഹചര്യത്തിൽ.












Click it and Unblock the Notifications