കൊച്ചിക്കാരുടെ ദീർഘകാല ആവശ്യം നടപ്പാവില്ലേ? വലിയ റോ-റോ ഫെറികൾക്ക് തടസങ്ങൾ നിരവധി, ചർച്ച സജീവം
കൊച്ചി: ഫോർട്ട് കൊച്ചി വൈപ്പിൻ റൂട്ടിൽ വലിയ റോ റോ കപ്പൽ സർവീസ് ആരംഭിക്കാനുള്ള നീക്കങ്ങൾക്ക് വെല്ലുവിളി. മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയും തിരക്കേറിയ കപ്പൽ ചാനലുമാണ് ഇതിന് തടസമാകുന്നത്. കൂടുതൽ യാത്രക്കാരെയും വാഹനങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന വലിയ കപ്പൽ സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് പുതിയ വെല്ലുവിളികൾ ഉയർന്നത്.
നിലവിൽ രണ്ട് റോ റോ ഫെറികളാണ് ഫോർട്ട് കൊച്ചി വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തുന്നത്. ഈ വർഷം ആദ്യം മൂന്നാമത്തെ റോ റോ ഫെറി ഉദ്ഘാടനം ചെയ്‌തിരുന്നെങ്കിലും ഇതുവരെ സർവീസ് ആരംഭിച്ചിട്ടില്ല. ഉടൻ സർവീസ് തുടങ്ങുമെന്ന് കൊച്ചി കോർപറേഷൻ അറിയിച്ചിരുന്നെങ്കിലും നടപടികൾ വൈകുകയാണ്. നിലവിൽ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനാണ് ഈ റൂട്ടിലെ റോ-റോ സർവീസുകൾ നടത്തുന്നത്.

സർവീസ് കൊച്ചി വാട്ടർ മെട്രോയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് കോർപറേഷനും വാട്ടർ മെട്രോയും ഇപ്പോഴും ചർച്ചകൾ നടത്തിവരികയാണ്. മൂന്നാമത്തെ റോ റോ ഫെറി സർവീസ് തുടങ്ങുന്നതിലെ കാലതാമസത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നായി ഇതും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം, റൂട്ടിൽ വാഹനങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ശേഷിയുള്ള വലിയ റോ റോ ഫെറി കൊണ്ടുവരുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
പരിസ്ഥിതി സൗഹൃദമായ വൈദ്യുത ഫെറികൾ ഉൾപ്പെടെയുള്ള ഹൈബ്രിഡ് രീതിയിലുള്ള വലിയ കപ്പലുകൾ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് ഉപയോഗിക്കാനാകുമോയെന്നും പരിശോധിക്കണമെന്ന് എറണാകുളം എംപി ഹൈബി ഈഡൻ ആവശ്യപ്പെട്ടിരുന്നു. ഫോർട്ട് കൊച്ചി വൈപ്പിൻ റൂട്ടിൽ വലിയ റോ റോ കപ്പൽ സർവീസ് നടത്തുന്നതിനുള്ള സാധ്യത സംബന്ധിച്ച് കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
എന്നാൽ കൊച്ചി കോർപറേഷൻ, കൊച്ചി തുറമുഖം ഉൾപ്പെടെ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം കൂടി പരിഗണിക്കണമെന്നാണ് ആവശ്യം. നിലവിൽ സർവീസ് നടത്തുന്ന റോ റോ ഫെറികൾക്ക് 27 മീറ്റർ നീളവും 8.5 മീറ്റർ വീതിയും 1.8 മീറ്റർ വെള്ളത്തിനടിയിലുള്ള ആഴവുമാണുള്ളത്. ദിവസേന വിവിധ സർവീസുകളിലായി ശരാശരി 5000 മുതൽ 5100 വരെ യാത്രക്കാരും 5300 മുതൽ 5400 വരെ വാഹനങ്ങളും ഈ സർവീസ് ഉപയോഗിക്കുന്നുണ്ട്.
200 വാഹനങ്ങൾ വരെ ഒരേസമയം കൊണ്ടുപോകാൻ കഴിയുന്ന വലിയ റോ റോ ഫെറിക്ക് കുറഞ്ഞത് 95 മുതൽ 110 മീറ്റർ വരെ നീളവും 18 മുതൽ 22 മീറ്റർ വരെ വീതിയും 2.8 മുതൽ 3.8 മീറ്റർ വരെ വെള്ളത്തിനടിയിലുള്ള ആഴവും ആവശ്യമായി വരും. നിലവിലെ ഫെറികളെ അപേക്ഷിച്ച് വളരെ വലുതായിരിക്കും ഇത്തരം ഫെറികൾ.
ഇത്തരം വലിയ കപ്പൽ സർവീസ് ആരംഭിക്കണമെങ്കിൽ നിലവിലുള്ള ജെട്ടികളിലും മാറ്റം വരുത്തേണ്ടിവരും. ഇപ്പോഴത്തെ ജെട്ടികൾ ചെറിയ ഫെറികൾക്കും വാട്ടർ മെട്രോ ബോട്ടുകൾക്കും അനുയോജ്യമായ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. വലിയ റോ റോ ഫെറികൾ സർവീസ് നടത്തണമെങ്കിൽ ജെട്ടികളുടെ വലുപ്പവും അനുബന്ധ സൗകര്യങ്ങളും പുനർനിർമിക്കേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്.
റൂട്ടിന്റെ സ്ഥാനം തന്നെയാണ് മറ്റൊരു പ്രധാന വെല്ലുവിളി. ഫോർട്ട് കൊച്ചി വൈപ്പിൻ ഭാഗത്തെ ജലപാത അന്താരാഷ്ട്ര കപ്പൽ ചാനലിന്റെ പരിധിയിലാണ്. വാണിജ്യ കപ്പലുകൾക്ക് പുറമെ നാവികസേന, കോസ്‌റ്റ് ഗാർഡ്, ഡ്രഡ്‌ജറുകൾ തുടങ്ങിയവയും ഈ ചാനലിലൂടെ നിരന്തരം സഞ്ചരിക്കുന്നുണ്ട്. അതിനാൽ വലിയ റോ റോ കപ്പൽ സർവീസ് ആരംഭിക്കുമ്പോൾ കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരത്തിനും ജലഗതാഗത നിയന്ത്രണത്തിനും പ്രത്യേക ക്രമീകരണങ്ങൾ ആവശ്യമായി വരും.


Click it and Unblock the Notifications
