പാലാ സീറ്റ് ജോസ് മോഹിക്കണ്ട, സിറ്റിംഗ് സീറ്റ് ചോദിക്കുന്നവര്‍ക്ക് നല്‍കാനുള്ളതല്ലെന്ന് എന്‍സിപി
കോട്ടയം: ജോസ് പക്ഷവുമായുള്ള പോര് കടുപ്പിച്ച് എന്‍സിപി. പാലാ സീറ്റ് കിട്ടുമെന്ന് മോഹിച്ചാണ് ഇടതുപക്ഷത്ത് വന്നതെങ്കില്‍ അത് കിട്ടാന്‍ പോകുന്നില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച ജയത്തോടെ ജോസ് പക്ഷം എല്‍ഡിഎഫിലെ പ്രബല ശക്തിയായി മാറിയിരുന്നു. ഇവര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രാധാന്യം നല്‍കാനും സിപിഎം നിര്‍ബന്ധിതരാവും. ഈ സാഹചര്യത്തിലാണ് എന്‍സിപി പോര് മുറുക്കിയിരിക്കുന്നത്. അതേസമയം പാലാ സീറ്റ് കിട്ടാതെ വേറെ ഏത് സീറ്റ് കിട്ടിയിട്ടും കാര്യമില്ലെന്ന് ജോസ് പക്ഷം പറയുന്നു.

പാലാ സീറ്റ് വിട്ടുകൊടുക്കാന്‍ പോകുന്നില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ടിപി പീതാംബരന്‍ പറയുന്നു. മാണി സി കാപ്പന്‍ എന്‍സിപി വിട്ടുപോകേണ്ട ഘട്ടം വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാലാ സീറ്റിനായി അവകാശവാദം ആര്‍ക്കും ഉന്നയിക്കാം. എന്നാല്‍ സിറ്റിംഗ് എംഎല്‍എ ഉള്ള സീറ്റ് ചോദിക്കുന്നവര്‍ക്ക് നല്‍കാനുള്ളതല്ല. പാലായില്‍ എന്‍സിപി തന്നെയാണ് മത്സരിക്കാന്‍ പോകുന്നത്. സീറ്റ് മാറ്റത്തെ കുറിച്ച് എല്‍ഡിഎഫില്‍ ചര്‍ച്ച നടന്നില്ല. മാണി സി കാപ്പന്‍ എന്‍സിപി വിട്ട് പോകണ്ട സാഹചര്യമില്ലെന്നും പീതാംബരന്‍ വ്യക്തമാക്കി.
അതേസമയം എന്‍സിപി കോണ്‍ഗ്രസ് നേതൃത്വുവുമായി അടുക്കുന്നത് സിപിഎമ്മിന് ആശങ്കയുണ്ടാക്കുന്നതാണ്. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങളും എല്‍ഡിഎഫില്‍ നടക്കുന്നുണ്ട്. എന്നാല്‍ എന്‍സിപി പരിപാടിയില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കുന്നത് മറ്റൊരു വിഷയമാണ്. കഴിഞ്ഞ ദിവസം മാണി സി കാപ്പനും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നാണ് ആവര്‍ത്തിച്ചത്. വിട്ടുവീഴ്ച്ച ചെയ്യാന്‍ താനോ എന്‍സിപിയോ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാലായില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞു. തനിക്ക് ലഭിച്ച ഭൂരിപക്ഷം എല്‍ഡിഎഫിന് ലഭിച്ചില്ലെന്നും കാപ്പന്‍ പറഞ്ഞിരുന്നു.
പാലായിലെ ഫലം ജോസ് കെ മാണിക്ക് അനുകൂലമല്ലെന്നായിരുന്നു കാപ്പന്‍ പറഞ്ഞത്. ഇതോടെ തന്നെ എല്‍ഡിഎഫുമായി കാപ്പന്‍ ഇടഞ്ഞെന്ന് വ്യക്തമായിരുന്നു. ഇതിന് പിന്നാലെ ഉമ്മന്‍ ചാണ്ടി എന്‍സിപിയുടെ പൊതു പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയത്. ഇത് വലിയ ചര്‍ച്ചയായും മാറി. എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന തോമസ് ചാണ്ടി അനുസ്മരണ യോഗത്തിലാണ് ഉമ്മന്‍ ചാണ്ടി പങ്കെടുത്തത്. അതേസമയം ജോസും പാലാ സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറല്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍സിപി പറഞ്ഞ സീറ്റുകളില്‍ വിട്ടുവീഴ്ച്ചയ്ക്കും ജോസ് വിഭാഗം തയ്യാറായിരുന്നില്ല. ഇതോടെ യുഡിഎഫിന്റെ പിന്തുണയോടെയാണ് എന്‍സിപി വിമതന്‍ മത്സരിച്ചത്.












Click it and Unblock the Notifications