കൊച്ചിക്കാരുടെ ഓണം വെള്ളത്തിലാവുമോ? ബോട്ട് സർവീസുകൾ വെട്ടിക്കുറച്ച് സംസ്ഥാന ജലഗതാഗത വകുപ്പ്
കൊച്ചി: ഓണക്കാലത്ത് കൊച്ചിക്കാർക്ക് ഇരുട്ടടിയായി സംസ്ഥാന ജലഗതാഗത വകുപ്പ് ഫോർട്ട് കൊച്ചി, വൈപ്പിൻ, എറണാകുളം എന്നിവയ്ക്കിടയിലെ പ്രതിദിന ബോട്ട് സർവീസുകളുടെ എണ്ണം 62ൽ നിന്ന് 35 ആയി കുറച്ചു. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ പുതിയ കാറ്റമരൻ മാതൃകയിലുള്ള ബോട്ടുകളിൽ തുടർച്ചയായി ഉണ്ടാകുന്ന സാങ്കേതിക തകരാറുകളാണ് സർവീസുകൾ വെട്ടിക്കുറയ്ക്കാൻ പ്രധാന കാരണം.
ഇതോടെ ദിവസേന യാത്ര ചെയ്യുന്ന നൂറുകണക്കിന് ആളുകൾക്ക് വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടിവരുന്നത്. സർവീസുകളിൽ വലിയ കാലതാമസവും അനുഭവപ്പെടുന്നുണ്ട്. ഈ മേഖലയിൽ സർവീസ് നടത്തുന്നതിനായി ഏഴ് ബോട്ടുകളാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ നിലവിൽ മൂന്ന് ബോട്ടുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്.

അഞ്ച് ആധുനിക കാറ്റമരൻ ബോട്ടുകളും രണ്ട് പഴയ സ്‌റ്റീൽ ബോട്ടുകളുമാണ് സംഘത്തിലുള്ളത്. രണ്ട് കാറ്റമരൻ ബോട്ടുകൾ അറ്റകുറ്റപ്പണികൾക്കായി മാറ്റിയിട്ടിരിക്കുകയാണ്. കപ്പൽ ഗതാഗത പാതയ്ക്ക് സമീപം സുരക്ഷാ കാരണങ്ങളാൽ സ്‌റ്റീൽ ബോട്ടുകൾ സർവീസ് നടത്താൻ കഴിയാത്തതിനാൽ അവ എറണാകുളം-വരാപ്പുഴ ഭാഗത്താണ് ഉപയോഗിക്കുന്നത്.
പുതിയ കാറ്റമരൻ ബോട്ടുകളിൽ ആവർത്തിച്ച് യന്ത്രത്തകരാറുകൾ ഉണ്ടാകുന്നുണ്ടെന്നാണ് യാത്രക്കാർ പറ്യുന്നത്. തകരാറിലാകുന്ന ബോട്ടുകൾ വീണ്ടും സർവീസിൽ എത്തിക്കാൻ ഏറെ സമയമെടുക്കുന്നതിനാൽ ഫോർട്ട് കൊച്ചി, വൈപ്പിൻ മേഖലകളിൽ നിന്നുള്ള നൂറുകണക്കിന് യാത്രക്കാരെയാണ് ഇത് ബാധിക്കുന്നത്. ഇതോടെ ഓണക്കാലത്ത് ഈ ബോട്ട് സർവീസുകളെ ആശ്രയിക്കുന്നവർക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്.
എന്നാൽ ബോട്ടുകൾ ഇപ്പോഴും വാറന്റിയിലാണെന്നും വാർഷിക പരിപാലന കരാറിന്റെ പരിധിയിൽ വരുന്നതാണെന്നും ജലഗതാഗത വകുപ്പ് അധികൃതർ വ്യക്തമാക്കി. ജീവനക്കാർക്ക് നേരിട്ട് ഈ ബോട്ടുകളിൽ അറ്റകുറ്റപ്പണി നടത്താൻ കഴിയില്ല. തകരാറിലാകുന്ന ബോട്ടുകൾക്ക് നിർമ്മാതാക്കളുടെ സാങ്കേതിക വിദഗ്‌ധരെ കാത്തിരിക്കേണ്ടിവരും. ചിലപ്പോൾ ബോട്ട് ആലപ്പുഴ ജില്ലയിലെ അരൂരിലുള്ള സ്വകാര്യ കപ്പൽശാലയിലേക്ക് കൊണ്ടുപോകേണ്ടിവരുന്നതും അറ്റകുറ്റപ്പണികൾ വൈകാൻ കാരണമാകുന്നുവെന്ന് അധികൃതർ പറയുന്നു.
സർവീസ് കുറച്ചത് സാധാരണക്കാരെയും ഇടത്തരം വരുമാനക്കാരെയുമാണ് കൂടുതൽ ബാധിക്കുന്നത്. ഫോർട്ട് കൊച്ചിയിൽ നിന്ന് എറണാകുളം കരഭാഗത്തേക്ക് ഏകദേശം 20 മിനിറ്റ് മാത്രം വേണ്ടിവരുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ട് യാത്രയ്ക്ക് ആറ് രൂപയാണ് നിരക്ക്. ഗതാഗതക്കുരുക്ക് കാരണം റോഡ് മാർഗം സ്വകാര്യ ബസിൽ യാത്ര ചെയ്യുമ്പോൾ 23 രൂപ ചെലവാകുന്നതിനൊപ്പം ഒരു മണിക്കൂറിലധികം സമയവും വേണ്ടിവരും.
വാട്ടർ മെട്രോയ്ക്ക് 40 രൂപ നിരക്കുള്ളതിനാൽ ദിവസേന യാത്ര ചെയ്യുന്ന പലർക്കും അത് താങ്ങാനാകാത്ത ചെലവാണ്. അതിനാൽ ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസാണ് ഏറ്റവും വേഗതയേറിയതും കുറഞ്ഞ ചെലവിലുള്ളതുമായ മാർഗം. സർവീസുകളിലെ തടസങ്ങൾ വകുപ്പ് അധികൃതർ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ വാർഷിക പരിപാലന കരാർ പ്രകാരം അറ്റകുറ്റപ്പണികളുടെ മുഴുവൻ ചെലവും നിർമാതാക്കളാണ് വഹിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതോടെ സർവീസുകൾ സാധാരണ നിലയിലാകുമെന്നാണ് ജലഗതാഗത വകുപ്പ് പ്രതീക്ഷിക്കുന്നത്. ബസ് റൂട്ടുകളുമായി സമാനമായ ചില ഫെറി റൂട്ടുകൾ വെട്ടിക്കുറയ്ക്കണമെന്ന് അടുത്തിടെ മന്ത്രിതലത്തിൽ നിർദേശങ്ങൾ ഉയർന്നിരുന്നെങ്കിലും പ്രാദേശിക തലത്തിൽ യാത്രക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ച് ജലഗതാഗത വകുപ്പ് നിലവിലെ സർവീസുകൾ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.


Click it and Unblock the Notifications