കൊടുവള്ളിയിൽ പികെ ഫിറോസ് പോരിനിറങ്ങും? സ്വതന്ത്രരെ തേടി സിപിഎം, കോഴിക്കോട് സൗത്തിൽ മുനീർ ഉറപ്പിച്ചു
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ലീഗിനോട് യൂത്ത് ലീഗ് ആവശ്യപ്പെട്ടുവെന്ന വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കൂടാതെ പാർട്ടിക്ക് മുൻപിൽ യുവനേതാക്കൾ ചില നിർദ്ദേശങ്ങളും മുന്നോട്ട് വച്ചിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിന് സുരക്ഷിത മണ്ഡലം തന്നെ നൽകണമെന്ന ആവശ്യം. അതിൽ കൂടുതൽ വ്യക്തത വന്നിരിക്കുകയാണ് ഇപ്പോൾ.
പികെ ഫിറോസിന് കോഴിക്കോട് ജില്ലയിൽ നിന്ന് തന്നെയുള്ള മണ്ഡലമാണ് ഇപ്പോൾ യൂത്ത് ലീഗ് ആവശ്യപ്പെടുന്നതെന്നാണ് വിവരം. കൊടുവള്ളി മണ്ഡലം പികെ ഫിറോസിന് നൽകണം എന്നതാണ് ആവശ്യം. നിലവിൽ ജില്ലയിൽ ഏറ്റവും കൂടുതൽ ജയ സാധ്യത കൽപ്പിക്കപ്പെടുന്ന മണ്ഡലങ്ങളിൽ ഒന്നായാണ് ലീഗ് കൊടുവള്ളിയെ കണക്കാക്കുന്നത്.

ഇവിടെ പികെ ഫിറോസിന് ജയിക്കാനാവും എന്നാണ് വിലയിരുത്തൽ. അതിന്റെ പ്രധാന കാരണം സ്വന്തം നാടാണ് എന്നത് തന്നെയാണ്. അതുകൊണ്ട് തന്നെ കൊടുവള്ളിക്കാർക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം ഫിറോസിന് ഇല്ല. നിലവിൽ കൊടുവള്ളിയ്ക്ക് അടുത്ത് തന്നെയാണ് ഫിറോസ് താമസിക്കുന്നതും. ഈഘടകങ്ങൾ ഒക്കെ അനുകൂലമാണെന്നാണ് അവർ കരുതുന്നത്.
എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം പാർട്ടി നേതൃത്വതിന്റെത് തന്നെയാവും. കാരണം ഇടയ്ക്ക് മറ്റൊരു യുവനേതാവായ കെഎം ഷാജിയുടെ പേര് മണ്ഡലത്തിൽ ഉയർന്നു കേട്ടിരുന്നു. ഷാജിയെ കാസർഗോഡ് മണ്ഡലത്തിലാണ് ആദ്യം പരിഗണിച്ചതെങ്കിലും പിന്നീട് അവിടെ ചില പ്രശ്‌നങ്ങൾ ഉണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
ഇതോടെ കൊടുവള്ളിയിൽ ഷാജിയെ പരിഗണിക്കുമെന്ന് വാർത്ത വന്നു. ഇത് പക്ഷേ നടക്കാൻ സാധ്യതയില്ലെന്നാണ് വിവരം. കൂടാതെ മുൻ എംഎൽഎ വി ഉമ്മറിന്റെ പേരും ഇടയ്ക്ക് ഉയർന്നു വന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ മണ്ഡലത്തിൽ നിലവിൽ പികെ ഫിറോസിന് തന്നെയാണ്. മാത്രമല്ല യൂത്ത് ലീഗിന്റെ വാക്കുകൾ പാർട്ടി മുഖവിലയ്ക്ക് എടുക്കാൻ തന്നെയാണ് സാധ്യത.
കൂടാതെ കോഴിക്കോട് സൗത്തിൽ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എംകെ മുനീറിന് തന്നെയാവും ഇക്കുറിയും മത്സരിക്കാൻ അവസരം എന്നാണ് വിവരം. ജില്ലയിൽ ലീഗിന് എളുപ്പം ജയിക്കാൻ കഴിയുന്ന മണ്ഡലങ്ങളിൽ ഒന്നായാണ് കോഴിക്കോട് സൗത്തിനെ കണക്കാക്കുന്നത്. ഇത്തവണ കോർപ്പറേഷനിൽ യുഡിഫ് തരംഗം ഉണ്ടായ സാഹചര്യത്തിൽ ഇത് കൂടുതൽ ശക്തിപ്പെടാൻ മാത്രമാണ് സാധ്യത.
അതുപോലെ തന്നെ കൊടുവള്ളി മണ്ഡലത്തിൽ സിപിഎം സ്വാതന്ത്രരെ കളത്തിൽ ഇറക്കി മത്സരത്തിന് ചൂട് കൂട്ടാനാണ് ശ്രമിക്കുന്നത്. പൊതു സ്വീകാര്യനായ സ്വതന്ത്ര സ്ഥാനാർത്ഥിയെ കണ്ടെത്താനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. ഒരുപക്ഷേ അങ്ങനെ ലഭിച്ചില്ലെങ്കിൽ മാത്രം പാർട്ടി ചിഹ്നത്തിൽ ശക്തനായ സ്ഥാനാർത്ഥിയെ പരിഗണിക്കാനാണ് തീരുമാനം.
അതേസമയം, 6 സീറ്റാണ് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ആവശ്യപ്പെട്ടിരിക്കുന്നത്. പികെ ഫിറോസിന് പുറമേ ഇസ്‌മയിൽ, മുജീബ് കാടേരി, അഷ്‌റഫ് എടനീർ, ഗഫൂർ കൊൽ കളത്തിൽ, ഫൈസൽ ബാഫഖി തങ്ങൾ എന്നിവർക്ക് കൂടി സീറ്റുകൾ നൽകണമെന്നാണ് പ്രധാനമായും അവർ ഉന്നയിച്ചിരിക്കുന്ന ആവശ്യം. കൂടാതെ മൂന്ന് ടേം വ്യവസ്ഥ കർശനമാക്കണം എന്നും അവർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.












Click it and Unblock the Notifications