Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്‌സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം: കേരളം അടക്കമുള്ള രണ്ട് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തും ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. കേരളത്തിന് പുറമേ അസം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മൂന്നാഴ്‌ച്ചത്തെ പ്രചാരണ പരിപാടികൾക്ക് ശേഷമാണ് ഈ സംസ്ഥാനങ്ങൾക്ക് പോളിങ് ബൂത്തിലേക്ക് പോവുന്നത്. രാവിലെ ഏഴ് മണിക്ക് തന്നെ ഇവിടെയെല്ലാം വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. കനത്ത ചൂടിനെ വകവയ്ക്കാതെയാണ് വോട്ടർമാർ എത്തിച്ചേരുന്നത്.

വോട്ടെടുപ്പ് ദിനം ഏറ്റവും കൂടുതൽ ഉയരുന്ന ചോദ്യം എക്‌സിറ്റ് പോളുകളെ കുറിച്ചുള്ളതാണ്. ഈ മൂന്ന് സംസ്ഥാനങ്ങളിലെയും ഫലങ്ങൾ മെയ് നാലിനാണ് വരുന്നതെങ്കിലും അതിന് മുന്നോടിയായി വിവിധ ഏജൻസികളും ചാനലുകളും പുറത്തുവിടുന്ന എക്‌സിറ്റ് പോളുകൾ കാത്തിരിക്കുകയാണ് വോട്ടർമാർ. എന്നാൽ അതിൽ ഇപ്പോഴും പലർക്കും വ്യക്തത വന്നിട്ടില്ലെന്നതാണ് കാര്യം, ഇന്ന് വൈകീട്ട് എക്‌സിറ്റ് പോൾ ഉണ്ടാവുമോ ഇല്ലയോ എന്നുള്ള ചോദ്യമാണ് പലരുടെയും മനസിൽ.

exit polls

എക്‌സിറ്റ് പോൾ എപ്പോൾ?

നിലവിലെ സാഹചര്യത്തിൽ ഇന്ന് എക്‌സിറ്റ് പോളുകൾ ഉണ്ടാവില്ല. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്‌സിറ്റ് പോളുകൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരുന്നു. ഏപ്രിൽ 9 രാവിലെ 7 മുതൽ ഏപ്രിൽ 29 വൈകുന്നേരം 6:30 വരെ എക്‌സിറ്റ് പോളുകൾ നടത്തുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ടെലിവിഷൻ, ഡിജിറ്റൽ, സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഇത് ബാധകമാണ്.

ഈ നിരോധനം ലംഘിക്കുന്നത് 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 126എ വകുപ്പ് പ്രകാരം കുറ്റകരമാണ്. നിയമം ലംഘിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി. അതായത് കേരളം ഉൾപ്പെടെയുള്ള മൂന്ന് ഇടങ്ങളിലെ എക്‌സിറ്റ് പോളുകൾക്കായി ഏപ്രിൽ 29 വരെ കാത്തിരിക്കണമെന്ന് അർത്ഥം.

വോട്ടെടുപ്പ് നടക്കുന്ന സമയത്ത് പ്രവചനങ്ങൾ വോട്ടർമാരെ സ്വാധീനിക്കുന്നത് തടയുകയാണ് നിരോധനത്തിന്റെ പ്രധാന ലക്ഷ്യം. വോട്ട് ചെയ്‌ത ശേഷമുള്ള എക്‌സിറ്റ് പോളുകൾക്ക് പൊതുജനാഭിപ്രായത്തെയും തുടർന്നുള്ള ഘട്ടങ്ങളിലെ വോട്ടർമാരുടെ തീരുമാനങ്ങളെയും സ്വാധീനിക്കാൻ സാധ്യതയുണ്ട്. ആയതിനാൽ, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്‌പക്ഷതയും നീതിയുക്തതയും ഉറപ്പാക്കി, സ്വതന്ത്ര തീരുമാനമെടുക്കാൻ വോട്ടർമാർക്ക് അവസരം നൽകാനാണ് കമ്മീഷൻ ഇത് ലക്ഷ്യമിടുന്നത്.

വിവിധ ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്നതിനാലാണ് ഈ വിലക്ക്. അവസാന വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെ എക്‌സിറ്റ് പോളുകൾക്ക് അനുമതി നൽകരുതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. എക്‌സിറ്റ് പോളുകൾ എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞാലുടൻ സർവേ ഏജൻസികൾ വോട്ടർമാരിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഔദ്യോഗിക ഫലങ്ങൾക്ക് മുമ്പ് പൊതുജനാഭിപ്രായം അറിയുകയാണ് ഇതിന്റെ ലക്ഷ്യം.

അതേസമയം, ഡിജിറ്റൽ യുഗത്തിൽ വിവരങ്ങൾ അതിവേഗം പ്രചരിക്കുന്നതിനാൽ നിയമങ്ങൾ നടപ്പിലാക്കുന്നത് വെല്ലുവിളി നിറഞ്ഞതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. എങ്കിലും, സമയപരിധിക്ക് മുമ്പ് എക്‌സിറ്റ് പോൾ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നാണ് കമ്മീഷൻ മുന്നറിയിപ്പ് നൽകുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+