'ഐഎഫ്എഫ്കെ സ്‌ക്രീനിംഗിനിടെ മോശമായി പെരുമാറി'; സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി
തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരെ പരാതിയുമായി വനിത ചലച്ചിത്ര പ്രവർത്തക രംഗത്ത്. തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ സ്ക്രീനിംഗിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ചലച്ചിത്രപ്രവർത്തക നേരിട്ട് കത്തയച്ചുവെന്നാണ് വിവരം. കത്തിന് പിന്നാലെ ചലച്ചിത്ര പ്രവർത്തകയിൽ നിന്ന് പോലീസ് വിവരം തേടിയിട്ടുണ്ട്.
തലസ്ഥാന നഗരിയിലെ ഒരു ഹോട്ടലിൽ ഐഎഫ്എഫ്കെ സ്ക്രീനിംഗ് നടക്കുന്നതിനിടെ ആയിരുന്നു സംഭവം നടന്നതെന്നാണ് സൂചന. ജൂറി അംഗമായിരുന്ന ചലച്ചിത്ര പ്രവർത്തക അതേ ജൂറിയിലെ മറ്റൊരു സംവിധായകനായ കുഞ്ഞുമുഹമ്മദിനെതിരെയാണ് എതിരെയാണ് പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ചലച്ചിത്ര പ്രവർത്തകയിൽ നിന്നും പ്രാഥമിക വിവരം തേടിയത്.

ഈ മാസം 13ന് ആരംഭിക്കുന്ന മുപ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയിയിലേക്കുള്ള മലയാളം ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിനിടെ കഴിഞ്ഞ മാസം ആദ്യവാരമാണ് പരാതിക്ക് ആസ്‌പദമായ സംഭവം നടന്നതെന്നാണ് ചലച്ചിത്ര പ്രവർത്തക ആരോപിക്കുന്നത്. പരാതിക്കാരിയും ആരോപണവിധേയനും ജൂറി അംഗങ്ങളാണ്. തിരുവനന്തപുരത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങൾക്ക് താമസം ഒരുക്കിയിരുന്നത്.
സ്ക്രീനിംഗിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് മുറിയിൽ വച്ച് സംവിധായകൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. മുഖ്യമന്തിയ്ക്ക് ലഭിച്ച പരാതി ഉടൻ തന്നെ കന്റോണ്‍മെന്റ് സ്‌റ്റേഷന് കൈമാറി. കന്റോൺമെന്റ് സ്‌റ്റേഷനിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരാണ് പരാതിക്കാരിയോട് വിവരങ്ങൾ തേടിയത്.
പരാതി പോലീസിനോടും ആവർത്തിച്ചതോടെ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഹോട്ടലിൽ നിന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. കേസിൽ എഫ്ഐആർ ഉടൻ രജിസ്‌റ്റർ ചെയ്‌തേക്കും. കൂടുതൽ അന്വേഷണത്തിന് ശേഷമാവും ആരോപണ വിധേയനായ സംവിധായകനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുകയെന്നാണ് വിവരം.
നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ചലച്ചിത്ര മേഖലയിലെ ഇത്തരം മോശം പ്രവണതകൾ ചർച്ചയാവുകയും നിരവധി പരാതികൾ ഉയരുകയും അതിൽ അന്വേഷണങ്ങൾ നടക്കുകയും ഒക്കെ ചെയ്‌തിരുന്നു. എന്നാൽ അതിൽ കാര്യമായ നടപടികൾ ഉണ്ടാവാത്തത് കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്നാണ് ഏറ്റവും പുതിയ വാർത്തയ്ക്ക് പിന്നാലെ വരുന്ന അഭിപ്രായം. സർക്കാർ കർശനമായ നടപടി സ്വീകരിക്കണമെന്നും ചിലർ ആവശ്യപ്പെടുന്നു.












Click it and Unblock the Notifications