കളിയല്ല ഈ കളിപ്പാട്ട നിർമ്മാണം; ടോയ് ഫോറസ്‌റ്റ് കൂടൊരുക്കിയത് നൂറുകണക്കിന് വനിതകൾക്ക്, ഒരു വാശിയുടെ കഥ
സ്ത്രീകൾ സംരംഭകർ അയി തിളങ്ങി നിൽക്കുന്ന കാലമാണിത്. സകല മേഖലകളിലും അവർ തങ്ങളുടെ സാന്നിധ്യം അറിയിക്കുകയും വലിയ വിജയങ്ങൾ കൈവരിക്കുകയും ചെയ്യുന്നത് നാം കാണാറുണ്ട്. പൊതുവെ സംരംഭകത്വത്തോടെ മുഖം തിരിഞ്ഞുനിന്ന വനിതകൾ അതിന് മാറ്റം വരുത്തിയ ദശകമാണ് ഇപ്പോഴത്തേത്. ഒട്ടേറെ സ്ത്രീകൾ അത്തരത്തിൽ തങ്ങളുടെ സ്വപ്രയത്നത്താൽ മുന്നേറ്റം നടത്തിയിട്ടുണ്ട്, ഒരുപാട് പേരുടെ ജീവിതകഥ നമുക്ക് മുന്നിലുണ്ട് താനും.
ഇപ്പോഴിതാ മറ്റൊരു വനിതാ ദിനം കൂടി കടന്നുവരുമ്പോൾ വനിതകൾക്ക് വേണ്ടി വനിത തന്നെ നടത്തുന്ന ഒരു സംരംഭത്തിന്റെ കഥ എല്ലാവർക്കും പ്രചോദനമാവുകയാണ്. നമ്മുടെ കൊച്ചു കേരളത്തിൽ അത്തരത്തിലൊരു സംരംഭം ആഗോള തലത്തിലെ വലിയ ഉപഭോക്തൃ വിപണി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നുണ്ട്, അവരുടെ പേരാണ് 'ടോയ് ഫോറസ്‌റ്റ്'.

പേര് പറയുന്നത് പോലെ തന്നെ ടോയ് ഫോറസ്‌റ്റ് കുട്ടികൾക്ക് പ്രകൃതിയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംരംഭമാണ്. ഒരു കുഞ്ഞിനെ ഏറ്റവും നന്നായി പരിപാലിക്കുക അവന്റെ അമ്മയായിരിക്കും. അതുപോലെ കുട്ടികളുടെ കളിപ്പാട്ടനിർമ്മാണത്തിനും കാലം തിരഞ്ഞെടുത്തത് അത്തരത്തിലുള്ള നൂറ് കണക്കിന് അമ്മമാരെയാണ്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടോയ് ഫോറസ്‌റ്റ് ഇന്ന് ഒട്ടേറെ വനിതകളുടെ ഉപജീവന മാർഗമാണ്.
എവിടെയും തോറ്റ് പിന്മാറാതെ തങ്ങളുടെ ലക്ഷ്യത്തിനായി പരിശ്രമിക്കുന്ന, ഭൂമിയോളം ക്ഷമയുള്ള അമ്മമാർ പണിതെടുക്കുന്ന കളിപ്പാട്ടങ്ങൾക്ക് ഭംഗി കൂടും. ഈ വനിതാ ദിനത്തിൽ വരാനിരിക്കുന്ന തലമുറയിലെ സ്ത്രീകൾക്കും പ്രചോദനമാവുന്ന ടോയ് ഫോറസ്‌റ്റിന്റെ കഥയറിയാം, ഇത് കേവലം സ്വപ്‌ന സാക്ഷാത്കാരം മാത്രമല്ല, ടോയ് ഫോറസ്‌റ്റ് സ്ഥാപക സിന്ധു അഗസ്‌റ്റിന്റെ വലിയൊരു വാശിയുടെ കഥ കൂടിയാണ്.
സിന്ധു അഗസ്‌റ്റിന്റെ വാക്കുകൾ
ടോയ് ഫോറസ്‌റ്റ് ഇൻഡസ്ട്രീസിന്റെ ബിസിനസ് ഓണറാണ് ഞാൻ. സമാനമായ മേഖലയിലാണ് ഞാനും അവസാനമായി ജോലി ചെയ്‌തത്. ഒരു അഞ്ച് മാസം കഴിഞ്ഞപ്പോൾ അവർ എന്നെ പറഞ്ഞുവിടുകയായിരുന്നു. ശരിക്കും ഞാൻ ഇത് ഒരു വാശിക്ക് തുടങ്ങിയതാണ്. ഇതൊരു ചെറിയ യൂണിറ്റായിട്ട് തുടങ്ങിയതാണ്. സ്ത്രീകൾക്ക് ജോലി നൽകുക എന്നതായിരുന്നു പ്രധാന ആശയം. പൂർണമായും സ്ത്രീകളുടെ നേതൃത്വത്തിലുള്ള യൂണിറ്റ് എന്നതായിരുന്നു ലക്ഷ്യം.
എന്റെ 44ആം വയസിലാണ് ഞാനിത് തുടങ്ങിയത്, ഇപ്പോൾ എനിക്ക് 51 വയസായി. ജോലിയിൽ ഒരു മുൻപരിചയവും ഇല്ലാത്തവരാണ് ഇവിടെ വരുന്ന സ്ത്രീകളിൽ ഭൂരിഭാഗവും. അവർ മുൻപ് എവിടെയും ജോലി പോലും ചെയ്‌തിട്ടില്ല. അപ്പൊ അവരുടെ ജീവിതത്തിൽ 8 മണിക്കൂർ എങ്കിലും നല്ലൊരിടത്ത് സമയം ചിവഴിക്കാൻ സാധിക്കണം എന്ന ആശയത്തോടെയാണ് ഇവിടെ ഇത് തുടങ്ങിയത്.
ഇവിടെ യാതൊരു വിധ വിവേചനവുമില്ല, ആര് വന്നാലും സ്വാഗതം മാത്രമാണ്. കസ്‌റ്റമർക്ക് എന്താണോ വേണ്ടത് അത് ഞങ്ങൾ ഇവിടെ നിർമ്മിച്ച് നൽകും. കേരളത്തിലെ മാർക്കറ്റിന് പരിധിയുണ്ട്. അതുകൊണ്ട് വടക്കേ ഇന്ത്യയാണ് പ്രധാനമായും ഞങ്ങളുടെ മാർക്കറ്റ്. ഇടയ്ക്ക് മിഡിൽ ഈസ്‌റ്റ് മാർക്കറ്റ് ലക്ഷ്യമാക്കിയും നിർമ്മിക്കാറുണ്ട്.
പെട്ടെന്നുണ്ടായ തീരുമാനത്തിന്റെ പുറത്ത് സംരഭകയായ വ്യക്തിയാണ് ഞാൻ. എനിക്ക് ബിസിനസിൽ ഒരു മുൻപരിചയവുമില്ല. എന്റെ കുടുംബത്തിലും അത്തരം ആളുകൾ ഇല്ല. പക്ഷേ ഞാൻ പഠിച്ചത് എംബിഎ ആയിരുന്നു. എങ്കിലും പഠിച്ചതും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടെന്ന് ഞാൻ മനസിലാക്കി.
ഐഐഎം കോഴിക്കോടിന്റെ ഇൻക്യൂബേറ്റഡ് പ്രോജക്റ്റ് കൂടിയാണിത്. ഞാൻ ഐഐഎം കോഴിക്കോടാണ് പഠിച്ചത്. അത് എനിക്ക് തുടക്കത്തിൽ വലിയ ഗുണമായിരുന്നു. പിന്നെ ജോലിക്കാരെ കിട്ടാനും എനിക്ക് ഇതുവരെ പ്രയാസം ഉണ്ടായിട്ടില്ല. ഇവിടുത്തെ പ്രദേശവാസികൾ തന്നെയായിരുന്നു ജീവനക്കാരിൽ ഏറിയപങ്കും.
ഇന്ത്യ കളിപ്പാട്ടങ്ങളുടെ ആഗോള ഹബ്ബ് ആവണമെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായിരുന്നു. അങ്ങനെയൊരു പോളിസി കൊണ്ട് വന്നിരുന്നു. എല്ലവർക്കും അറിയാവുന്നത് പോലെ നമ്മുടെ വിപണി മുഴുവൻ ചൈനീസ് കളിപ്പാട്ടങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. എല്ലാ കളിപ്പാട്ടങ്ങൾക്കും ബിഐഎസ് നിർബന്ധമാക്കിയിട്ടുണ്ട്.
ഇവിടെ എല്ലാത്തിന്റെയും കോസ്‌റ്റ് കൂടുതലാണ്, ലേബർ ആണെങ്കിലും മറ്റ് കാര്യങ്ങൾ ആണെങ്കിലും. നല്ല മെറ്റിരിയൽ വേണമെങ്കിൽ ഇറക്കുമതി ചെയ്യണം. അങ്ങനെ വരുമ്പോൾ വില കൂടും, അത് ചൈനീസ് ഉത്പന്നങ്ങളുമായി മുട്ടി നിൽക്കാൻ പാടാണ്. അവിടെയാണ് പ്രവർത്തന ചിലവ് കുറയ്ക്കുക എന്ന ആശയത്തിലേക്ക് നിങ്ങൾ തിരിഞ്ഞത്.
നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ അതിന്റെ എല്ലാ വശങ്ങളും അറിഞ്ഞിരിക്കണം. അങ്ങനെ ആണെങ്കിൽ മാത്രമേ അതിലെ പ്രശ്‌നങ്ങളും എങ്ങനെ മെച്ചപ്പെടുത്തുകയെന്നും അറിയാൻ പറ്റുകയുള്ളൂ. എല്ലാവർക്കും എന്നോട് നിർദ്ദേശങ്ങൾ നൽകാനുള്ള അവസരം നൽകാറുണ്ട്. ഞാൻ ഇവിടെ ഉണ്ടാവും, ആ സമയം ഞാൻ ആസ്വദിക്കാറുമുണ്ട്. സ്വന്തമായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹമുള്ളവർ അങ്ങനെ തോന്നിയാൽ അതങ്ങ് ചെയ്യുക.












Click it and Unblock the Notifications