എൻഎച്ച് 66ലെ ദുരിതക്കയമായി വടകര; ജോലികൾ 2028ലെങ്കിലും തീരുമോ? ആശ്വാസമായി സർവീസ് റോഡുകൾ

കോഴിക്കോട്: ദേശീയപാത 66ലെ ജോലികൾ കേരളത്തിൽ അങ്ങോളമിങ്ങോളം തകൃതിയായി നടക്കുകയാണ്. അതിൽ തന്നെ പല മേഖലകളിലും ജോലികൾ പൂർത്തിയാക്കി കമ്പനികൾ മടങ്ങുകയും റോഡുകൾ യാത്രക്കായി തുറന്നുകൊടുക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നാൽ വർഷങ്ങളായി ദേശീയപാത വികസനത്തിൽ ഏറ്റവും കൂടുതൽ പൊറുതി മുട്ടിയിരിക്കുന്നത് കോഴിക്കോട് വെങ്ങളം മുതൽ അഴിയൂർ വരെയുള്ള സ്ട്രെച്ചിലെ യാത്രക്കാരും പ്രദേശവാസികളും ഒക്കെയായിരുന്നു.

എന്നാൽ വെങ്ങളം മുതൽ വടകര ഭാഗത്തെക്കുള്ള ജോലികളിൽ കഴിഞ്ഞ മാസങ്ങളിൽ ഉണ്ടായ പുരോഗതി പ്രകടമായിരുന്നു. ഇതിന്റെ ഭാഗമായി നന്തിയിൽ നിന്ന് ആരംഭിക്കുന്ന കൊയിലാണ്ടി ബൈപ്പാസ് ജോലികൾ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. അതിന്റെ പല ഭാഗങ്ങളും യാത്രക്കായി തുറന്ന് കൊടുക്കുകയും ചെയ്‌തിട്ടുണ്ട്‌. അവിടെയാണ് വടകരയിലെ ദേശീയപാത ജോലികൾ എങ്ങും എത്താത്ത നിലയിൽ ഇപ്പോഴും നിൽക്കുന്നത്.

vatakara

ദേശീയപാതയുടെ ജോലികളുടെ ഭാഗമായി കോവിഡിന് പിന്നാലെ ഏറ്റവും ആദ്യം പണി തുടങ്ങിയ ഇടങ്ങളിൽ ഒന്നായിരുന്നു വടകര. അതിൽ തന്നെ മൂരാട് പാലം ഉൾപ്പെടുന്ന രണ്ട് കിലോമീറ്ററോളം വരുന്ന ആറ് വരി പാതയും പാലത്തിന്റെ ജോലികളും പൂർത്തിയാക്കി നേരത്തെ തന്നെ യാത്രക്കായി തുറന്ന് കൊടുത്തിരുന്നു. ഹരിയാനയിൽ നിന്നുള്ള ഇ4 കൺസ്ട്രക്ഷൻസ് എന്ന കമ്പനിയാണ് ഇവിടെ കരാർ ഏറ്റെടുത്തത്.

എന്നാൽ പാലോളിപ്പാലം മുതൽ വടകര ടൗൺ കഴിഞ്ഞ് കൈനാട്ടി വരെയുള്ള ഭാഗത്ത് ഇതുവരെയും ജോലികളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. വടകര ടൗണിൽ ദേശീയപാത ജോലികൾ ആരംഭിച്ച ശേഷം ഗതാഗത കുരുക്ക് പതിവായിരുന്നു. പഴയ ദേശീയപാതയായ പഴയ സ്‌റ്റാൻഡിലേക്ക് കയറുന്ന റോഡിൽ ആവട്ടെ ഹെവി വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയില്ലാത്തതും ഗതാഗത കുരുക്ക് രൂക്ഷമാക്കിയിരുന്നു.

നിലവിൽ പൈലിങ് അടക്കമുള്ള ജോലികൾക്ക് കരാറുകാരായ വാഗഡിനെ ഒഴിവാക്കി ഗർഫാർ ഗ്രൂപ്പിനും കെല്ലാർ ഗ്രൂപ്പിനും കരാർ ഏൽപ്പിച്ചതോടെയാണ് ജോലികൾക്ക് അൽപ്പമെങ്കിലും വേഗത കൈവന്നത്. എങ്കിലും 2026ൽ പൂർത്തിയാക്കി പൂർണമായി തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ച പാതയുടെ ജോലികൾ കഴിയുമ്പോഴേക്കും ഇനിയും രണ്ട് വര്ഷം വേണ്ടി വരുമെന്നാണ് കണക്കുകൂട്ടുന്നത്.

കഴിഞ്ഞ ദിവസം നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനിടെ വടകര എംഎൽഎ കെകെ രമ വികാരഭരിതയായിരുന്നു. ഏറെനാളായി എംഎൽഎ ബോർഡ് പോലും വയ്ക്കാതെയാണ് താൻ പാതയിലൂടെ കടന്നുപോവുന്നതെന്നാണ് കെകെ രമ പറയുന്നത്. വിഷയത്തിൽ എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ ഇടപെടൽ ആവശ്യമാണെന്നാണ് ജനങ്ങളുടെ നിലപാട്.

മേഖലയിലെ ജോലികൾ ഏറ്റെടുത്ത അദാനി ഗ്രൂപ്പ് ഇത് വാഗഡ് എന്ന കമ്പനിക്ക് ഉപ കരാർ നൽകുകയായിരുന്നു. കേരളത്തിൽ വേണ്ടത്ര പ്രവൃത്തി പരിചയമില്ലാത്ത വാഗഡ് ആവട്ടെ തൊഴിലാളി ക്ഷാമം ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഇടയ്ക്ക് ബുദ്ധിമുട്ടിയിരുന്നു. മേഖലയിൽ കൃത്യമായ മുൻ പരിചയമുള്ള ഇവിടെ നിന്ന് തന്നെയുള്ള കമ്പനിയായ ഊരാളുങ്കലിനെ ഒഴിവാക്കിയത് എന്തിനാണ് എന്ന ചോദ്യവും പലരും ഉയർത്തുന്നുണ്ട്.

അടുത്തിടെ താർ ചെയ്‌ത സർവീസ് റോഡുകൾ മാത്രമാണ് ഇപ്പോൾ വടകര ടൗണിൽ എത്തുന്നവർക്ക് ഏക ആശ്രയം. നേരത്തെ പലയിടത്തും സർവീസ് റോഡുകൾ പണി തീർക്കാത്തത് വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ മാസം സർവീസ് റോഡുകളുടെ ജോലികൾ വേഗത്തിൽ തീർത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma