'കിഫ്‌ബി ഇല്ലായിരുന്നെങ്കിൽ ഇത്രയും ഭൂമി ഏറ്റെടുക്കാൻ നമ്മുക്ക് കഴിയുമായിരുന്നോ?'; ചോദ്യവുമായി തോമസ് ഐസക്

ആലപ്പുഴ: കിഫ്ബിയെ കുറിച്ച് നിരന്തരം ആക്ഷേപങ്ങൾ ഉയരുന്ന സാഹചര്യത്തിൽ വിമർശകരോട് മറു ചോദ്യവുമായി മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ഡോ. ടിഎം തോമസ് ഐസക്. കിഫ്ബിയിലൂടെ ഏറ്റെടുത്ത ഭൂമികൾ പലതും വ്യവസായ പാർക്കുകൾ ഉൾപ്പെടെ സ്ഥാപിക്കാൻ തിരഞ്ഞെടുത്തിട്ടും പത്രവാർത്തകളിലും, സോഷ്യൽ മീഡിയ പോസ്‌റ്റുകളിലും കിഫ്ബിയുടെ പേര് പരാമർശിക്കപ്പെടുന്നുപോലും ഇല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കിഫ്‌ബി ഇല്ലായിരുന്നെങ്കിൽ ഇത്രയും ഭൂമി ഏറ്റെടുക്കാൻ നമ്മുക്ക് കഴിയുമായിരുന്നോ? അതോ ഭൂമിയ്ക്ക് ആവശ്യം വരുമ്പോൾ ആണോ പണം അന്വേഷിച്ചു നടക്കേണ്ടിയിരുന്നത് എന്ന ചോദ്യമാണ് തോമസ് ഐസക് ഉന്നയിക്കുന്നത്. കിഫ്‌ബി അല്ല ഭൂമി ഏറ്റെടുക്കുന്നതെന്നും ഭൂമി ഏറ്റെടുക്കുന്നത് കിൻഫ്ര, കെഎഫ്‌ഐഡിസി പോലുള്ള ഏജൻസികളാണെന്നും തോമസ് ഐസക് പറയുന്നു.

thomas isaac

തോമസ് ഐസക്കിന്റെ വാക്കുകൾ

ബംഗളൂരു-കൊച്ചി വ്യവസായ ഇടനാഴിയുടെ ഭാഗമായി, പാലക്കാട് Industrial Smart City മാതൃകയിൽ മൂന്ന് പുതിയ വ്യവസായ പാർക്കുകൾ വികസിപ്പിക്കാൻ 1280 ഏക്കർ ഭൂമി കേന്ദ്രത്തിന്റെ BHAVYA പദ്ധതിയിൽ ഉൾപ്പെടുന്നതിന് സമർപ്പിക്കുന്നുവെന്ന് പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളും റിപ്പോർട്ട് വന്നിട്ടുണ്ട്. മട്ടന്നൂരിലെ 476 ഉം 446 ഉം ഏക്കർ വീതം 2 പ്ലോട്ടുകളും എറണാകുളത്ത് GIFT City-ക്കായി കണ്ടെത്തിയ 358 ഏക്കർ പ്ലോട്ടുമാണ് ഇന്ന് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റികളാകുവാൻ പോവുന്നത്.

സർക്കാരിന്റെ ഉദ്യമം ഫലവത്താവട്ടെ. പക്ഷേ, സൂക്ഷിക്കണം GIFT City-ക്കായി ഭൂമി ഏറ്റെടുത്ത് കഴിഞ്ഞപ്പോൾ കേന്ദ്രം നയം മാറ്റി. ഗുജറാത്തിന്റെ പുറത്ത് ഗിഫ്റ്റ് സിറ്റികൾ നൽകേണ്ടതില്ലായെന്ന് തീരുമാനിച്ചു. അങ്ങിനെ നമ്മെ പറ്റിച്ചു. ഇന്ന് അതിപ്പോൾ സ്മാർട്ട് സിറ്റി ആവുകയാണ്. നന്ന്!

ഏതാണ് ഭൂമിയെന്ന് മനസിലായോ? കിഫ്‌ബി പണം ഉപയോഗിച്ചു അക്വയർ ചെയ്ത വിവാദ ഭൂമിയാണ് ആദ്യത്തെ രണ്ടെണ്ണം. മൂന്നാമത്തേതിനും കിഫ്‌ബിയിൽ നിന്ന് തന്നെയാണ് പണം കണ്ടെത്തിയത്.

പത്രവാർത്തകളിലും, സോഷ്യൽ മീഡിയ പോസ്റ്റുകളിലും കിഫ്ബിയുടെ പേര് പരാമർശിക്കപ്പെടുന്നുപോലും ഇല്ല. ചോദ്യം ലളിതമാണ്. കിഫ്‌ബി ഇല്ലായിരുന്നെങ്കിൽ ഇത്രയും ഭൂമി ഏറ്റെടുക്കാൻ നമ്മുക്ക് കഴിയുമായിരുന്നോ? അതോ ഭൂമിയ്ക്ക് ആവശ്യം വരുമ്പോൾ ആണോ പണം അന്വേഷിച്ചു നടക്കേണ്ടിയിരുന്നത്? കിഫ്ബി ഇങ്ങനെ അഡ്വാൻസ് ആയി ഭൂമി ഏറ്റെടുത്തതിനെ പരിഹസിക്കുന്ന സുധാപിള്ള കമ്മറ്റിയും കിഫ്‌ബി വിദ്വേഷികളും ഇനിയെങ്കിലും വ്യവസായ മേഖലയ്ക്കും കേരളത്തിന്റെ വികസനത്തിനും വേണ്ടി ഭൂമി ഏറ്റെടുക്കാൻ നടത്തിയ പരിശ്രമങ്ങളെയും അതിലുള്ള കിഫ്ബിയുടെ പങ്കിനെയും പഴിക്കുന്നത് അവസാനിപ്പിക്കുമോ?

പക്ഷേ, മനോരമ അങ്ങിനെ അവസാനിപ്പിക്കുന്ന ലക്ഷണമില്ല. ഇന്നലെ കിഫ്ബിയുടെ പേര് പറയാതെ സംസ്ഥാന സർക്കാരിന്റെ പുതിയ നേട്ടത്തെക്കുറിച്ച് വലിയ റിപ്പോർട്ട് നൽകിയ മനോരമയ്ക്ക് നല്ല മറുപടി പി. രാജീവ് നൽകുകയുണ്ടായി (ആദ്യ കമന്റിൽ). ഇന്നിതാ വീണ്ടും "കിഫ്ബിയും കിൻഫ്രയും ഏറ്റെടുത്തത് പാഴ്‍ഭൂമി" എന്ന തലക്കെട്ടിൽ ഒരു റിപ്പോർട്ട്.

വ്യവസായ ആവശ്യത്തിന് കൊള്ളരുതാത്ത ഭൂമി എന്ന മനോരമ വിശേഷിപ്പിക്കുന്ന ഈ ഭൂമി ആണല്ലോ ഇപ്പോൾ കേരളം സർക്കാർ സ്മാർട്ട് സിറ്റിയ്ക്കായി കൊടുത്തിരിക്കുന്നത് എന്ന ചോദ്യമാണ് എന്റെ മനസ്സിൽ ആദ്യം വന്നത്. അതുകൊണ്ട് ഞാൻ ഇതൊന്ന് വിശദമായി അന്വേഷിച്ചു. അറിഞ്ഞ കഥ ഇതാണ്.

കിൻഫ്ര മട്ടന്നൂരിൽ ഏറ്റെടുക്കാൻ ഉദ്ദേശിച്ചിരുന്ന ഭൂമിയുടെ ഒരു ഭാഗം ഇന്നത്തെ മനോരമയുടെ ഫോട്ടോയിൽ കാണുന്നത് പോലെ ചെങ്കൽ ഖനനത്തിനായി ഉപയോഗിച്ച ഭൂമിയാണ്. അതുകൊണ്ട് കളക്ടർ അതിനു താഴ്ന്ന വിലയാണ് നിശ്ചയിച്ചത്. ഭൂ ഉടമകൾ ആവട്ടെ കോടതിയിൽ പോയി. കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന് കളക്ടർ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തി. ആ വിദഗ്‌ധ സമിതി കളക്ടർ നിർദ്ദേശിച്ചതിനേക്കാൾ കുറച്ചുകൂടി ഉയർന്ന വിലയാണ് നിർദ്ദേശിച്ചത്. ഈ പറഞ്ഞ തർക്കങ്ങളെ തുടർന്ന് ഈ വിവാദ ഭൂമി ഒഴികെയുള്ള ബാക്കി ഭൂമിയാണ് അന്ന് കിൻഫ്ര ഏറ്റെടുത്തത്. അതായത് മനോരമയുടെ റിപ്പോർട്ടിൽ കൊടുത്തിരിക്കുന്ന ഫോട്ടോ എല്ലാം ശരിയാണ്. പക്ഷെ ഒന്ന് മാത്രം മനോരമ പറഞ്ഞില്ല. വിവാദഭൂമിക്ക് കിൻഫ്ര പണവും നൽകിയിട്ടില്ല ഏറ്റെടുക്കുകയും ചെയ്‌തിട്ടില്ല!

ഒരു കാര്യവും കൂടി പറഞ്ഞു വയ്ക്കട്ടെ കിഫ്‌ബി അല്ല ഭൂമി ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നത് കിൻഫ്ര, കെഎഫ്‌ഐഡിസി പോലുള്ള ഏജൻസികളാണ്. ഭൂമിയുടെ വില എന്തുതന്നെ ആയാലും കിഫ്‌ബി വഴി നൽകിയ പണം പലിശസഹിതം കിഫ്ബിയ്ക്ക് നൽകുവാനുള്ള ബാധ്യത ഈ ഏജൻസികൾക്കുണ്ട്. വില നിശ്ചയിക്കുന്നത് ആവട്ടെ നിയമപ്രകാരമുള്ള അതോറിറ്റിയാണ്. പക്ഷെ പഴി മുഴുവൻ കിഫ്ബിയ്ക്കാണ്. "ഇഷ്‌ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം".

മനോരമയുടെ ഈ വൈദഗ്ധ്യം എന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. റിച്ചാർഡ് ഫ്രാങ്കിയുടെ വെബ്സൈറ്റിൽ യുഎസ് എയ്ഡിന്റെ "ലിങ്ക്" ഉണ്ടെന്ന് പറഞ്ഞു റിച്ചാർഡ് ഫ്രാങ്കിയും യുഎസ് എയ്ഡും തമ്മിലുള്ള "ബന്ധം" ഉറപ്പിച്ചവരാണ്. (അമേരിക്കൻ വിദേശ സഹായ പദ്ധതികളുടെ വിമർശകനായ ഫ്രാങ്കി തന്റെ വിദ്യാർഥികൾക്ക് Term Paper എഴുതുന്നതിനുള്ള സൗകര്യത്തിനു വേണ്ടി നൽകിയ ലിങ്കുകളിൽ ഒന്നായിരുന്നു ഇത്. പാവം ഫ്രാങ്കി അറിയുന്നോ മനോരമ ലേഖകന്റെ അപാര വൈദഗ്ധ്യം) പിന്നീടൊരിക്കൽ മനോരമ കുടുംബത്തിലെ ഇളം തലമുറയ്‌ക്കാരിൽ ഒരാളോട് ഞാൻ ഇത് തമാശ പറഞ്ഞപ്പോൾ അദ്ദേഹവും നന്നായി ചിരിച്ച കാര്യം ഓർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma