എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു: ഗുരുതര ആരോപണവുമായി യുവതി
തിരുവനന്തപുരം: പെരുമ്പാവൂർ എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യുവതി. എം എല്‍ എ തന്നെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് വഞ്ചിയൂർ കോടതിയില്‍ നല്‍കിയിരിക്കുന്ന മൊഴിയില്‍ യുവതി വ്യക്തമാക്കിരിക്കുന്നത്.
തിരുവനന്തപുരത്തെ ഒരു സ്‌കൂളിലെ അധ്യാപികയായ യുവതിയാണ് എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. കോവളത്ത് വെച്ച് കാറിൽ വെച്ച് കൈയ്യേറ്റം ചെയ്തെന്നും ഇവർ ഇന്നലെ വഞ്ചിയൂർ കോടതി മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.

കോവളത്ത് വച്ച് യുവതിയെ എം എൽ എ മർദ്ദിച്ചുവെന്നായിരുന്നു സിറ്റി പൊലീസ് കമ്മീഷ്ണർക്ക് നല്‍കിയ പരാതിയില്‍ യുവതി പറഞ്ഞിരുന്നത്. പരാതി കമ്മീഷ്ണർ കോവളം പോലീസിന് കൈമാറുകയായിരുന്നു. ഇക്കഴിഞ്ഞ മാസം 14-ന് കോവളം സൂയിസൈഡ് പോയിന്റിന് സമീപത്ത് വെച്ച് എം എല്‍ എ മർദ്ദിച്ചെന്നാണ് പരാതി. ഒരുമിച്ച് വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു മർദ്ദനം.

വ്യക്തിപരമായി സൗഹൃദമുള്ള എം എൽ എ തന്നെ അകാരണമായി മർദ്ദിച്ചുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ തുടർന്ന് യുവതിയെ രണ്ടുതവണ മൊഴിയെടുക്കാൻ പോലീസ് വിളിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വിശദമായ മൊഴി, ബന്ധുക്കളുമായി ആലോചിച്ച ശേഷം പിന്നീട് നൽകാമെന്ന് അറിയിച്ച് പരാതിക്കാരി മടങ്ങിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

എന്നാല്‍ ഇന്നലെ മജിസ്ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയിലാണ് എം എല്‍ എയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. എം എല്‍ എ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതി ആരോപിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനം. കേസ് ഒത്തുതീർപ്പാക്കാന്‍ ശ്രമം ഉണ്ടായെന്നും യുവതി ആരോപിക്കുന്നു. പണം വാഗ്ദാനം ചെയ്തായിരുന്നു ഒത്തുതീർപ്പിനുള്ള ശ്രമം.

തനിക്കെതിരെ നടന്ന പീഡനത്തിന്റെ തെളിവുകളെല്ലാം എന്റെ കൈവശമുണ്ടെന്ന് പറയുന്ന യുവതി പൊലീസ് കേസ് ഒത്തുതീർപ്പാക്കാന്‍ ശ്രമിച്ചെന്നും ആരോപിക്കുന്നു. പരാതിയില്‍ യുവതി ഉറച്ച് നില്‍ക്കുകയാണെങ്കില്‍ എം എല്‍ എക്കെതിരെ കേസ് എടുത്ത് പൊലീസ് അന്വേഷണം നടത്തും. അതിനിടയില്‍ യുവതിയെ കാണാനില്ലെന്ന് പഞ്ഞ് കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് പൊലീസിനെ സമീപിച്ചിരുന്നു.

ഈ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെയാണ് നെയ്യാറ്റിൻകരയിൽ വെച്ച് ഇവരെ കണ്ടെത്തുന്നത്. തനിക്ക് മേൽ സമ്മർദ്ദമുണ്ടെന്നും ഭീതിയുണ്ടെന്നും യുവതി അറിയിച്ചതോടെ നെയ്യാറ്റിൻകര പൊലീസ് കോവളം സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. അതേസമയം, സംഭവത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും പരാതി പൊലീസ് അന്വേഷിക്കട്ടെയെന്നുമാണ് എൽദോസ് കുന്നപ്പിള്ളി എം എല്‍ എ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

ഞാന്‍ ആരേയും മര്‍ദ്ദിച്ചിട്ടില്ല, ആരേയും മര്‍ദ്ദിക്കുന്ന ആളല്ല. പോലീസിന് യുവതി കൊടുത്തെന്ന് പറയുന്ന പരാതി കണ്ടിട്ടില്ല. പോലീസ് വിളിച്ച് ചോദ്യം ചെയ്തിട്ടില്ലെന്നും വ്യക്തമാക്കിയ എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ, അതേസമയം കോവളത്ത് പോയിരുന്നോയെന്നും അധ്യാപികയെ അറിയാമോയെന്നുമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ല.












Click it and Unblock the Notifications