പ്രതിപക്ഷ നേതാവ് ഒന്നാം പ്രതി; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കേസെടുത്ത് പോലീസ്
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനെതിരെ കേസെടുത്ത് പോലീസ്. മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് കേസെടുത്തത്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഒന്നാം പ്രതി. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് സതീശന്‍ അടക്കമുള്ളവര്‍ക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. സതീശനെ കൂടാതെ ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെ തിരിച്ചറിഞ്ഞ മുപ്പത് പേരുകളാണ് എഫ്‌ഐആറില്‍ ഉള്ളത്.
കണ്ടാലറിയാവുന്ന മൂന്നുറിലേറെ പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കരിങ്കൊടി പ്രതിഷേധക്കാര്‍ക്ക് നേരെ ഉണ്ടായ അക്രമങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അതേസമയം പോലീസ് കേസെടുത്തതിനെ സോഷ്യല്‍ മീഡിയയിലൂടെ പരിഹസിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ്. ഞാന്‍ പേടിച്ച് പോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണമെന്നാണ് സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

നേരത്തെ പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസിനെ അവരുടെ പ്രതാപകാലത്ത് പേടിച്ചിട്ടില്ല. പിന്നെയല്ലേ ഇപ്പോള്‍ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. ഭീരുവായ മുഖ്യമന്ത്രി എന്നായിരുന്നു നേരത്തെ സതീശന്‍ പിണറായിയെ വിശേഷിപ്പിച്ചത്. സതീശന്റെ അത്ര ധൈര്യം തനിക്കില്ലെന്നും, ഭയമുണ്ടോ എന്ന് സുധാകരനോട് ചോദിച്ചാല്‍ അറിയാമെന്നും പിണറായി മറുപടി നല്‍കിയിരുന്നു.
അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ മൂന്ന് പോലീസ് വാഹനങ്ങളുടെ ചില്ല് അടിച്ചുതകര്‍ത്തു. കന്റോണ്‍മെന്റ് എസ്‌ഐ ഉള്‍പ്പെടെ എട്ട് പോലീസുകാര്‍ക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. അക്രമസംഭവങ്ങളുടെ പേരില്‍ 22 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം ഡിസിസി ഓഫീസില്‍ കയറി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ തടഞ്ഞു. പ്രതിപക്ഷ നേതാവായിരുന്നു മാര്‍ച്ച് നയിച്ചത്. നാല് മണിക്കൂറോളം നീണ്ടിരുന്നു സംഘര്‍ഷം. പോലീസ് സംയമനം പാലിച്ചിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ അടങ്ങിയില്ല. കല്ലും വടികളും ചെരിപ്പുമെറിഞ്ഞായിരുന്നു പ്രകോപനം.
അതേസമയം പോലീസ് അഞ്ച് തവണയാണ് ജലപീരങ്കി പ്രിയോഗിച്ചത്. വനിതാ പ്രവര്‍ത്തകര്‍ അടക്കം മതില്‍ കടന്ന് സെക്രട്ടേറിയേറ്റിലേക്ക് പ്രവേശിക്കാനും ശ്രമിച്ചു. ഇവര്‍ വലിയ വടികളെടുത്ത് പോലീസിനെ അടിക്കുകയും ചെയ്തു. ഇതോടെ പോലീസ് ലാത്തിവീശുകയായിരുന്നു. കല്ലെറിഞ്ഞ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
എന്നാല്‍ ഇവരെ നേതാക്കള്‍ ഇടപെട്ട് വലിച്ചിറക്കി. കസ്റ്റഡിയിലെടുത്ത രണ്ട് പ്രവര്‍ത്തകരെ പോലീസ് വാഹനത്തില്‍ നിന്ന് ബലമായി യൂത്ത് കോണ്‍ഗ്രസുകാര്‍ പിടിച്ചിറക്കുകയായിരുന്നു. പിന്നീട് പോലീസ് ഡിസിസി ഓഫീസിലേക്ക് കയറുകയായിരുന്നു. ഒടുവില്‍ ആരെയും കസ്റ്റഡിയിലെടുക്കാന്‍ അനുവദിക്കില്ലെന്ന നിലപാടും കോണ്‍ഗ്രസ് മാറ്റുകയായിരുന്നു.












Click it and Unblock the Notifications