മോദിയുടെ കോലം കത്തിച്ചു, തീപടര്‍ന്നത് മുണ്ടില്‍; യൂത്ത് കോണ്‍ഗ്രസ് നേതാവിന് പൊള്ളലേറ്റു
പാലക്കാട് : രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിലെടുത്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ അപകടം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുന്നതിനിടെയായിരുന്നു അപകടം. കോലം കത്തിക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മുണ്ടിന് തീ പിടിക്കുകയായിരുന്നു. തീ പടർന്ന മുണ്ടുമായി പൊലീസുകാർക്കിടയിലേക്കാണ് യൂത്ത് കോൺഗ്രസ് നേതാവ് ഓടിക്കയറിയത്. ഉടനെ മുണ്ട് ഊരിയെറിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി.
സംഭവത്തില്‍ യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറിയും പാലക്കാട് നഗരസഭാ കൗൺസിലറുമായ പി.എസ് വിബിന് പൊള്ളലേറ്റു. നാല് കോൺഗ്രസ് പ്രവർത്തകരുടെ വസ്ത്രത്തിലും തീ പിടിച്ചിരുന്നു. സുൽത്താൻ പേട്ട റോഡ് ഉപരോധത്തിനിടെയുള്ള പ്രവര്‍ത്തകരുടെ ആവേശം അപകടത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസറ്റ് ചെയ്‌ത് നീക്കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി. ചോദ്യം ചെയ്യുന്നതിലും വിലക്കയറ്റത്തിലും പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനിടെയാണ് രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ പ്രതിഷേധിച്ചാണ് പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.

പാലക്കാട് ഡിസിസിയുടെ നേതൃത്വത്തിലായിരുന്നു സുൽത്താൻപേട്ടയിലെ റോഡ് ഉപരോധം. സംഭവത്തില്‍ രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. രാഷ്‌ട്രപതി ഭവന്‍ മാര്‍ച്ച് പൊലീസ് തടഞ്ഞപ്പോള്‍ വിജയ്ചൗക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തത്. രാഹുലിനൊപ്പം ഉണ്ടായിരുന്ന കെ.സി. വേണുഗോപാല്‍ അടക്കമുള്ള എം.പി.മാരെയാണ് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. ബലപ്രയോഗത്തിലൂടെ ഇവരെ വാനില്‍ കയറ്റിയെങ്കിലും രാഹുലിനെ കസ്റ്റഡിയിലെടുക്കാന്‍ ആദ്യം പൊലീസ് തയ്യാറായില്ല. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു തുടങ്ങിയതോടെ രാഹുലിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ക്യൂട്ട് സുന്ദരിയായി ശിവാനി; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍, പുത്തൻ ചിത്രങ്ങൾ കാണാം.












Click it and Unblock the Notifications