വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; മര്‍ദിച്ചെന്ന് ബന്ധുക്കള്‍
കോഴിക്കോട് :വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു.കല്ലേരി സ്വദേശി സജീവനാണ്(42) മരിച്ചത്.വാഹനാപകടക്കേസുമായി ബന്ധപ്പെട്ടാണ് സജീവനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്.അതേസമയം പൊലീസിന്‍റെ മര്‍ദനമേറ്റാണ് സജീവൻ മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
സിഗ്നൽ കടക്കുന്നതിനിടെ സജീവൻ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറിൽ ഇടിച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ഈ തർക്കത്തെ തുടർന്നാണ് വടകര പൊലീസ് ഇന്നലെ രാത്രി സജീവനെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽനിന്ന് പുറത്തു വന്ന ഉടൻ സ്റ്റേഷന് മുന്നിൽ സജീവൻ കുഴഞ്ഞു വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിലെത്തിച്ചത്.

ഓട്ടോയില്‍ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രിയില്‍ എത്തും മുമ്പ് സജീവൻ മരിച്ചിരുന്നു.മദ്യപിച്ചെന്ന പേരിൽ സജീവനെ എസ്.ഐ മർദിച്ചെന്നാണ് സുഹൃത്തുക്കളുടെ ആരോപണം.പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം മദ്യപിച്ചിരുന്ന വിവരം പൊലീസിനോട് സമ്മതിച്ചതായി സുഹൃത്തുക്കൾ പറഞ്ഞു. എന്നാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും മുമ്പ് പൊലീസ് മര്‍ദിക്കുകയായിരുന്നെന്നാണ് സുഹൃത്തുക്കളുടെ ആരോപണം.
നെഞ്ച് വേദന അനുഭവപ്പെട്ട സജീവൻ ഇക്കാര്യം പൊലീസിനോട് പറഞ്ഞിരുന്നെങ്കിലും ഗ്യാസിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞ് പൊലീസ് സജീവനെ സ്‌റ്റേഷനിൽ തന്നെ ഇരുത്തുകയായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്.അതേസമയം കസ്റ്റഡിയിലിരിക്കെ അല്ല സജീവൻ മരിച്ചതെന്ന് പൊലീസ് പറയുന്നു. ചോദ്യം ചെയ്തശേഷം വിട്ടയച്ചുവെന്നും അതിനുശേഷമാണ് കുഴഞ്ഞു വീണതെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.
സ്റ്റേഷനിലെത്തിച്ച് 20 മിനിറ്റിനകം നടപടികൾ പൂർത്തിയാക്കിയതായും പൊലീസ് പറയുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.മരണകാരണം വ്യക്തമാകാൻ പോസ്റ്റ്‍മോർട്ടം നടത്തും.
പ്രിയപ്പെട്ടവളുമായുള്ള നിമിഷങ്ങള്‍ പങ്കുവച്ച് അപര്‍ണ; രണ്ട് പേരും എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍












Click it and Unblock the Notifications