കണ്ണൂർ കണ്ണവം വനത്തിൽ യുവാവ് വെടിയേറ്റ് മരിച്ചു
കൂത്തുപറമ്പ്: കണ്ണവം കോളനിയിൽ വെങ്ങളത്ത് വനത്തിനുള്ളിൽ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ചു. വെങ്ങളത്ത് ഖാദി ബോർഡ് സെൻററിനടുത്ത് സ്വാമി പീടികയിലെ തെനിയാടൻ കുഞ്ഞാന്റെ മകൻ പ്രദീപൻ (സജീവൻ- 38) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അറക്കൽ കോളനിയോട് ചേർന്ന പാറയിടുക്ക് ഭാഗത്ത് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
നാടൻ തോക്ക് കൈകാര്യം ചെയ്യുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റതാണെന്നാണ് പോലീസിന്റെ നിഗമനം. മുഖത്ത് വെടിയേറ്റ് പിന്നിലേക്ക് മറിഞ്ഞു വീണ നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ച മുതൽ വനത്തിനുള്ളിൽ തന്നെ സൂക്ഷിച്ച മൃതദേഹം ചൊവ്വാഴ്ച രാവിലെ കണ്ണവം എസ് ഐ കെവി ഗണേഷിന്റെ നേതൃത്വത്തിൽ പോലീസ് ഇൻക്വസ്റ്റ് നടത്തി.

വിരലടയാള വിദഗ്ദരും ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെങ്ങളം കോളനിയിലെ കുഞ്ഞാൻ - പരേതയായ കുംഭ ദമ്പതികളുടെ മകനാണ് മരിച്ച പ്രദീപൻ. ഭാര്യ: രതി. മകൻ: നന്ദു. സഹോദരങ്ങൾ: ശ്രീധരൻ, അശോകൻ, ബാബു, സുമിത്ര, സുമ, പരേതനായ രാജൻ.മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.












Click it and Unblock the Notifications