ഇതുപോലുള്ള പെണ്‍കുട്ടികളുണ്ടായാല്‍ വിസ്മയമാര്‍ ഉണ്ടാകില്ല, ഗൗരിനന്ദയെ കാണാനെത്തി സുരേഷ് ഗോപി
കൊല്ലം: ചടയമംഗലത്ത് ബാങ്കില്‍ ക്യൂ നിന്നവര്‍ക്ക് പിഴയിട്ട സംഭവത്തില്‍ പോലീസിനെ ചോദ്യം ചെയ്ത പെണ്‍കുട്ടി ഗൗരിനന്ദയ്ക്ക് പിന്തുണയുമായി സുരേഷ് ഗോപി എംപി. സംഭവത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് അടക്കം ഗൗരിനന്ദ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പിന്തുണയുമായി സുരേഷ് ഗോപി എത്തിയത്. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് സുരേഷ് ഗോപി ഗൗരിനന്ദയുടെ വീട്ടിലെത്തിയത്. നേരത്തെ ഫോണിലൂടെ വിളിച്ച് പെണ്‍കുട്ടിയെ അഭിനന്ദിച്ചിരുന്നു സുരേഷ് ഗോപി. പോലീസിനെതിരെ രൂക്ഷമായ ഭാഷയിലാണ് സുരേഷ് ഗോപി പ്രതികരിച്ചത്.

ഗൗരിനന്ദയെ പോലുള്ള പെണ്‍കുട്ടികള്‍ ഉണ്ടായാല്‍ ഇനിയൊരു വിസ്മയ ഉണ്ടാകില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പോലീസ് യൂണിഫോം ഇട്ടാല്‍ എന്തുമാകാം എന്ന ധാരണ ശരിയല്ല. ഗൗരിനന്ദയുടെ പ്രതികരണം അതിനെതിരാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അനീതി കണ്ടാല്‍ ഇനിയും പ്രതികരിക്കണമെന്ന് താരം ഗൗരിയോട് പറഞ്ഞു. അതേസമയം സൂപ്പര്‍ താരം വീട്ടില്‍ വന്നതിന്റെ അമ്പരപ്പ് ഗൗരിനന്ദയുടെ മുഖത്തുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഗൗരിനന്ദ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തനിക്കെതിരെ അപമര്യാദയായി പെരുമാറിയ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് മുഖ്യമന്ത്രി നല്‍കിയ പരാതിയില്‍ ഗൗരിനന്ദ ആവശ്യപ്പെട്ടിരിക്കുന്നത്.
ഗൗരിയുടെ പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. കൊല്ലം പോലീസാണ് കേസ് അന്വേഷിക്കുന്നത്. തന്നെ വിളിച്ച് വിവരങ്ങള്‍ ശേഖരിച്ചുവെന്ന് ഗൗരി നന്ദ പറഞ്ഞു. നേരത്തെ ഗൗരി നന്ദ പോലീസിനെ ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പോലീസ് പെണ്‍കുട്ടിക്കെതിരെ ജാമ്യമില്ലാതെ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു പോലീസ് നടപടി. തന്നോട് പോലീസ് മോശമായി പെരുമാറിയത് കൊണ്ടാണ് അത്തരത്തില്‍ പ്രതികരിക്കേണ്ടി വന്നതെന്നാണ് ഗൗരിനന്ദ പറഞ്ഞിരുന്നത്.
Recommended Video
ജൂലായ് 27ന് രാവിലെയായിരുന്നു സംഭവം നടന്നത്. അമ്മയ്‌ക്കൊപ്പം ആശുപത്രിയില്‍ പോയ ശേഷം എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ ബാങ്കിന് മുന്നിലെത്തിയതായിരുന്നു ഗൗരിനന്ദ. തിരിച്ചിറങ്ങിയപ്പോള്‍ പോലീസ് സാമൂഹ്യ അകലം പാലിക്കാത്തതിന് പിഴ ഈടാക്കിയിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ പോലീസുകാരന്‍ വളരെ മോശമായി സംസാരിച്ചു. ഇതാണ് ഗൗരിനന്ദയെ പ്രകോപിപ്പിച്ചത്. ഗൗരിനന്ദയുടെ തര്‍ക്കം അരമണിക്കൂറോളം നീണ്ടു. പെണ്ണല്ലായിരുന്നെങ്കില്‍ കാണിച്ചു തരാമായിരുന്നു എന്നാണ് പോലീസുകാരന്‍ പറഞ്ഞതെന്ന് ഗൗരിനന്ദ പറഞ്ഞു. ഗൗരിയുടെ പ്രതികരണം സോഷ്യല്‍ മീഡിയ വഴി നിമിഷ നേരം കൊണ്ടാണ് വൈറലായത്.












Click it and Unblock the Notifications