കൊല്ലത്ത് ഇസ്രായേൽ യുവതി കൊല്ലപ്പെട്ട നിലയിൽ; ഒപ്പമുണ്ടായിരുന്ന വയോധികന് കുത്തേറ്റു
കൊല്ലം: കൊല്ലത്ത് ഇസ്രയേൽ യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ കഴുത്തറത്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഇവരോടൊപ്പം താമസിച്ചിരുന്ന വയോധികനെ കുത്തേറ്റ നിലയിലും കണ്ടെത്തിയിട്ടുണ്ട്. തൃക്കോവിൽവട്ടം ഡീസന്റുമുക്കിലാണ് സംഭവം. ഇസ്രായേൽ സ്വദേശിനി രാധ എന്നു വിളിക്കുന്ന സ്വത്വ (36) ആണ് കൊല്ലപ്പെട്ടത്.
ഇവരോടൊപ്പം താമസിച്ചിരുന്ന എഴുപത്തിയഞ്ചുകാരനായ കൃഷ്‌ണചന്ദ്രനെയാണ് കുത്തേറ്റ് ഗുരുതരാവസ്ഥായിൽ കണ്ടെത്തിയത്. യുവതിയെ കഴുത്തറത്തു കൊലപ്പെടുത്തിയശേഷം കൃഷ്‌ണചന്ദ്രൻ സ്വയം കുത്തി ജീവനൊടുക്കാൻ ശ്രമിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. യുവതിയുടെ പങ്കാളിയും യോഗ പരിശീലകനുമാണ് കൃഷ്‌ണചന്ദ്രൻ.

ഉത്തരാഖണ്ഡിൽ ദീർഘകാലമായി യോഗാചാര്യനായിരുന്ന ഇദ്ദേഹം ഒരുവർഷം മുമ്പാണ് ഇസ്രയേലി യുവതിയോടൊപ്പം ഇവിടെയെത്തിയത്. ആയുർവേദ ചികിത്സയ്ക്കായാണ് എത്തിയതെന്നാണ് സൂചന. ഇവിടെ ബന്ധുവിനൊപ്പം താമസിക്കുകയായിരുന്നു ഇയാൾ.
സംഭവം നടന്ന വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബിന്ദുവെന്ന സ്ത്രീ വീട്ടിലെത്തി കോളിംഗ് ബെൽ അടിച്ചെങ്കിലും മുൻവശത്തെ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് പുറകിലെ വാതിൽ തുറന്ന് വീടിനുള്ളിൽ കയറി കതകിന് തട്ടിയപ്പോഴാണ് യുവതി മരിച്ചു കിടക്കുന്നതായി കണ്ടത്. കൃഷ്‌ണചന്ദ്രൻ സ്വയം കുത്തി പരിക്കേൽപ്പിക്കുന്നതും ഇവർ കണ്ടിരുന്നു.
ഇവർ ഉടൻ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സത്വ അപ്പോഴേക്കും മരിച്ചിരുന്നു. കൃഷ്‌ണചന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.












Click it and Unblock the Notifications