കൂടുതൽ കുട്ടികളെ പത്മകുമാറും കുടുംബവും ലക്ഷ്യമിട്ടു..; നിരീക്ഷിച്ചു, വിവരങ്ങൾ നോട്ട്ബുക്കിൽ കുറിച്ചിട്ടു...
കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ കൊടുത്താൽ വിശദാംശങ്ങൾ പുറത്തുവിട്ട് പോലീസ്. കേസിലെ പ്രതികളായ പത്മകുമാറും കുടുംബവും കൂടുതൽ കുട്ടികളെ ലക്ഷ്യം വച്ചിരുന്നതായാണ് പോലീസ് പറയുന്നത്. ഇതിനായി ഒറ്റയ്ക്ക് സഞ്ചരിക്കുന്ന കുട്ടികളെ നിരീക്ഷിച്ച് അവരെക്കുറിച്ചുള്ള വിശദാംശങ്ങൾ നോട്ട്ബുക്കിൽ കുറിച്ചുവയ്ക്കുകയും ചെയ്‌തുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ഇവർ കുട്ടികളുടെ വിവരങ്ങൾ കുറിച്ചിട്ട നോട്ട്ബുക്ക് അന്വേഷണ സംഘത്തിന്റെ കൈയിൽ ലഭിച്ചിട്ടുണ്ട്. ഇതിൽ എഴുതിയിട്ടുള്ള കാര്യങ്ങൾ വിശദമായി പരിശോധിച്ചു വരികയാണ്. കൂടുതൽ വിവരങ്ങൾ പരിശോധനയ്ക്ക് ശേഷം മാത്രമേ പുറത്തുവരികയുള്ളൂ. ലഭ്യമായ വിവരം അനുസരിച്ച് ഓയൂരിലെ ആറ് വയസുകാരിക്ക് സമാനമായി കൂടുതൽ കുട്ടികളെ ഇവർ കണ്ടുവെച്ചു എന്നതാണ് അറിയാൻ കഴിയുന്നത്.

ഈ കുട്ടികൾ എവിടേക്കാണ് പോകുന്നത്, ഏതൊക്കെ സമയത്താണ് യാത്ര നടത്തുന്നത്, എങ്ങനെയൊക്കെയാണ് ഇവരുടെ യാത്ര തുടങ്ങിയ കാര്യങ്ങളാണ് നോട്ട്ബുക്കിൽ കുറിച്ചിട്ടിട്ടുള്ളത്. ഈ കുട്ടികളെ നിരന്തരം നിരീക്ഷിച്ചാണ് ഇവർ കാര്യങ്ങൾ മനസിലാക്കിയതെന്നാണ് സൂചന. ഏതൊക്കെ പ്രദേശങ്ങളിലാണ് പ്രതികൾ കുട്ടികളെ നോക്കിവച്ചിരുന്നതെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ഈ ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കാനാണ് തീരുമാനം.
അതേസമയം, സാമ്പത്തിക പ്രതിസന്ധി തന്നെയാണോ പ്രതികളെ കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അതിനായി ഇവരെ ഓരോരുത്തയും പ്രത്യേകം ഇരുത്തി ചോദ്യം ചെയ്‌തു വരികയാണ്. 90 ദിവസത്തിനുള്ളിൽ തന്നെ കേസിൽ കുറ്റപത്രം സമർപ്പിക്കാനാണ് നിലവിൽ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തിന്റെ ശ്രമം.
നവംബർ 27നാണ് ഓയൂരിൽ സഹോദരനൊപ്പം ട്യൂഷന് പോയ കുട്ടിയെ വെള്ളക്കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. തുടർന്ന് കുട്ടിയെ വിട്ടുകിട്ടാനായി 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പ്രതികൾക്കായി പോലീസ് വലവിരിച്ചതോടെ മൂന്നാം ദിവസം കൊല്ലം ആശ്രമം മൈതാനത്ത് ഇവർ കുട്ടിയെ ഉപേക്ഷിച്ച് പോകുകയായിരുന്നു.
ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ തമിഴ്‌നാട്ടിലെ തെങ്കാശിക്ക് സമീപം പുളിയറയിൽ നിന്നാണ് പ്രതികൾ പിടിയിലായത്. ചാത്തന്നൂർ സ്വദേശി പത്മകുമാറും കുടുംബവുമാണ് പോലീസ് പിടിയിലായത്. പത്മകുമാറിന്റെ ഭാര്യയും മകളുമാണ് കേസിലെ മറ്റ് രണ്ട് പ്രതികൾ. അനിത, അനുപമ എന്നിങ്ങനെയാണ് ഇവരുടെ പേരുകൾ.
പ്രതികള്‍ക്ക് മേല്‍ തട്ടിക്കൊണ്ട് പോകല്‍ അടക്കം ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തട്ടികൊണ്ട് പോകലിന് പുറമെ അന്യായമായി തടവിലാക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന അടക്കമുളള വകുപ്പുകളും പോലീസ് ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.












Click it and Unblock the Notifications