കുട്ടിയെ തട്ടികൊണ്ട് പോയ കേസ്; അന്വേഷണം ഏറ്റെടുത്ത് ക്രൈം ബ്രാഞ്ച്, വിശദമായ ചോദ്യം ചെയ്യലിന് ഒരുങ്ങുന്നു
കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. കൊല്ലം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. റൂറല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത വിവരം കോടതിയില്‍ റിപ്പോര്‍ട്ടായി നല്‍കി. ഇതുവരെ പൂയപ്പള്ളി പോലീസായിരുന്നു കേസ് അന്വേഷിച്ചിരുന്നത്.

അതേസമയം, കേസിൽ പ്രതികളെ കസ്‌റ്റഡിയിൽ കിട്ടാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിക്കാനാണ് നീക്കം. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി നാളെ കോടതിയില്‍ കസ്‌റ്റഡി അപേക്ഷ നല്‍കും. പോലീസ് അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമായി പ്രതികളുടെ മൊഴിയിൽ ഉണ്ടായ അവ്യക്തത ഉള്‍പ്പെടെ മാറുന്നതിനായി വിശദമായ ചോദ്യം ചെയ്യൽ നടത്താനാണ് ക്രൈം ബ്രാഞ്ച് ലക്ഷ്യമിടുന്നത്. ഇന്ന് ഉച്ചയോടെയാണ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ഡിഐജി ഉത്തരവിറക്കിയത്. 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുക.
കേസിൽ മൂന്ന് പ്രതികളും റിമാൻഡിൽ കഴിയുകയാണ്. 14 ദിവസത്തേക്കാണ് പ്രതികളെ റിമാൻഡ് ചെയ്‌തത്. കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിന്റേതാണ് ഉത്തരവ്. ചാത്തനൂർ സ്വദേശി പത്മകുമാർ ഭാര്യ അനിതകുമാരി മകൾ അനുപമ എന്നിവരാണ് കേസിലെ പ്രതികൾ. ഇവരിൽ പത്മകുമാർ പൂജപ്പുര ജയിലിലും, ഭാര്യ അനിതയും, മകൾ അനുപമയും അട്ടക്കുളങ്ങര ജയിലിലും കഴിയുകയാണ്.
കേസില്‍ പത്മകുമാര്‍ ഒന്നാം പ്രതിയും ഭാര്യ അനിത രണ്ടാം പ്രതിയും മകൾ അനുപമ മൂന്നാം പ്രതിയുമാണ്. പ്രതികള്‍ക്ക് മേല്‍ തട്ടിക്കൊണ്ട് പോകല്‍ അടക്കം ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
നവംബർ 27ന് വൈകുന്നേരം നാലരയോടെയാണ് ഓയൂരിൽ വച്ച് ആറു വയസുകാരിയെ അജ്ഞാത സംഘം തട്ടികൊണ്ട് പോയെന്ന വാർത്ത പടർന്നത്. പിന്നീട് പോലീസ് വിപുലമായ അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. എന്നാൽ പ്രതികളിലേക്ക് പോലീസ് എത്തുന്നതിന് മുൻപ് തന്നെ കുട്ടിയെ ഈ സംഘം ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. പിന്നീട് നീലക്കാർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് പ്രതികളിലേക്ക് എത്താൻ പോലീസിനെ സഹായിച്ചത്.
കേസിൽ ഡിസംബർ ഒന്നിനാണ് പത്മകുമാറിനെയും ഭാര്യയെയും മകളെയും പോലീസ് പിടികൂടിയത്. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറൈയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. പത്മകുമാറിനേയും കുടുംബത്തേയും പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്താൻ കാരണമായത്.












Click it and Unblock the Notifications