ലോക്‌സഭാ തിരഞ്ഞെടുപ്പ്; കലാകാരൻ ആണെന്ന് പോലും ഓർക്കാതെ പ്രേമചന്ദ്രൻ വ്യക്തിഹത്യ ചെയ്‌തുവെന്ന് മുകേഷ്
കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവേ കൊല്ലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ മുകേഷ് യുഡിഎഫ് സ്ഥാനാർത്ഥി എൻകെ പ്രേമചന്ദ്രനെതിരെ രംഗത്ത്. പ്രേമചന്ദ്രൻ തന്നെ വ്യക്തിഹത്യ ചെയ്‌തതായി മുകേഷ് ആരോപിച്ചു. ഒരു കലാകാരൻ എന്ന കാര്യം പോലും പരിഗണിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ ഈ നിലപാടെന്നും മുകേഷ് മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
'ലൈവിൽ വന്നിട്ട് എന്ത് വ്യക്തിഹത്യയാണ് ചെയ്‌തത്. ശരിക്കും പറഞ്ഞാൽ ഞാനൊരു കലാകാരൻ ആണെന്ന് പോലും പരിഗണിക്കാതെയായിരുന്നു അത്. എന്തെല്ലാം തരത്തിലുള്ള ആക്ഷേപങ്ങളാണ്, അതൊക്കെ പുള്ളിക്ക് ഗുണം ചെയ്‌തെന്നാണോ കരുതുന്നത്. ഒരിക്കലും ഗുണം ചെയ്യില്ല. കാര്യം ഞാൻ തിരിച്ചു എന്തെങ്കിലും പറഞ്ഞോ.' മുകേഷ് ചൂണ്ടിക്കാണിക്കുന്നു.

ഒരു കലാകാരൻ എന്ന നിലയിൽ, സിനിമാ താരങ്ങളെ പ്രചരണത്തിന് എത്തിക്കാൻ ശ്രമിച്ചിട്ടില്ലെന്നും മുകേഷ് വ്യക്തമാക്കി. സ്വമേധയാ വരാൻ തയ്യാറായവരെ മാത്രമാണ് പങ്കെടുപ്പിച്ചത്. അന്ന് തന്നെ ഞാൻ പറഞ്ഞതാണ്, ഞാനായിട്ട് ഏതെങ്കിലും ഒരു സിനിമാ നടനെ വിളിക്കുന്ന പ്രശ്‌നം ഇല്ലെന്ന്. അവസാനം സിനിമാ നടൻമാർ വന്നത് കൊണ്ട് ജയിച്ചുവെന്ന് പറയാൻ ഇട വരരുതെന്ന് കരുതിയാണ് അങ്ങനെ തീരുമാനിച്ചതെന്ന് മുകേഷ് പറയുന്നു.
''ചോദ്യങ്ങൾ ചോദിക്കുന്ന ആളാണെന്നു പറയുന്നത് കേട്ട് അതുകൊണ്ട് ഉത്തരങ്ങൾ എവിടെയെന്ന് ചോദിച്ചു. കൊല്ലത്തുള്ള ഒരുപാട് പേർ എന്നോട് ഇക്കാര്യം പറഞ്ഞിരുന്നു. അത്തരം ജെനുവിൻ ആയിട്ടുള്ള കാര്യങ്ങളാണ് ഞാൻ ചോദിച്ചത്. ഡസ്‌കിൽ അടിച്ചിട്ട് എതിർ സ്ഥാനാർത്ഥി എന്നൊക്കെ പറഞ്ഞ് എന്തൊരു വികാരവിക്ഷോഭം ആയിരുന്നെന്നോ' മുകേഷ് പ്രേമചന്ദ്രനെ കുറിച്ച് പറയുന്നു.
കൂടാതെ കൊല്ലത്ത് ഇടതുപക്ഷം വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ആത്‌മവിശ്വാസവും മുകേഷ് പ്രകടിപ്പിച്ചു. വോട്ടിംഗ് ശതമാനം ഉയർന്നാൽ വിധി എൽഡിഎഫിന് അനുകൂലമാകും. പ്രേമചന്ദ്രന് എതിരെ സിപിഎം ലഘുലേഖകൾ വിതരണം ചെയ്‌തിട്ടില്ലെന്ന് പറഞ്ഞ മുകേഷ് പ്രേമചന്ദ്രൻ കൊടുത്ത പരാതി അന്വേഷിക്കട്ടെയെന്നും നിലപാട് വ്യക്തമാക്കി.
അതേസമയം, നേരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയും ആർഎസ്‌പി നേതാവുമായ എൻകെ പ്രേമചന്ദ്രനെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള ലഘുലേഖകൾ സിപിഎം വിതരണം ചെയ്‌തുവെന്നായിരുന്നു യുഡിഎഫ് ആരോപണം. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനും പോലീസിനും യുഡിഎഫ് പരാതി നൽകിയിട്ടുണ്ട്. അതിന് പിന്നാലെയാണ് മുകേഷ് പ്രേമചന്ദ്രനെതിരെ തിരിയുന്നത്.












Click it and Unblock the Notifications