അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്നയാള്‍ക്ക് രക്ഷകനായി മന്ത്രി റോഷി അഗസ്റ്റിന്‍
കൊല്ലം: റോഡ് അപകടത്തില്‍പ്പെട്ട സൈക്കിള്‍ യാത്രികന് രക്ഷകനായി മന്ത്രി റോഷി അഗസ്റ്റിന്‍. കൊല്ലം ബൈപാസിലെ കുരിയപ്പുഴ പാലത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം. കരുനാഗപ്പള്ളിയിലെ പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടക്കുകയായിരുന്ന കുരിയപ്പുഴ തെക്കേചിറ സ്വദേശി തുളസീധരനെ മന്ത്രി കാണുന്നത്. ഉടന്‍ തന്നെ മന്ത്രി നേരിട്ട് ഇടപെട്ട് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുളസീധരനെ ആശുപത്രിയിലെത്തിക്കാന്‍ മറ്റ് വാഹനങ്ങള്‍ക്ക് കൈകാട്ടിയെങ്കിലും നിര്‍ത്തിയില്ലെന്ന് നാട്ടുകാര്‍ മന്ത്രിയോട് പരാതിപ്പെട്ടു. റോഡിൽ അപകടത്തിൽപെട്ടു കിടക്കുന്നവരെ രക്ഷിക്കാൻ മടികാണിക്കരുതെന്ന് മന്ത്രി പിന്നീട് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. മന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ഇന്നലെ കൊല്ലത്ത് രണ്ടു ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് മടങ്ങും വഴിയാണ് കുരീപ്പുഴ പാലത്തിൽ ഒരു സൈക്കിൾ യാത്രക്കാരൻ അപകടത്തിൽ പെട്ടു കിടക്കുന്നത് കണ്ടത്. തൊട്ടു മുന്നിൽ വണ്ടികൾ കടന്നു പോകുന്നുണ്ടായിരുന്നു എങ്കിലും ആരും നിർത്തി കണ്ടില്ല. ഉടൻ അവിടെ ഇറങ്ങി. പൈലറ്റ് വാഹനത്തിലെ പോലീസുകാരും എത്തി. ഇതിനിടെ എൻ്റെ വാഹനത്തിൽ നിന്ന് പരുക്കേറ്റ ആൾക്ക് വെള്ളം നൽകുകയും ചെയ്തതോടെ അദ്ദേഹത്തിന് സംസാരിക്കാം എന്ന സാഹചര്യം ഉണ്ടായി.

ഉടൻ തന്നെ അതിലെ എത്തിയ ഒരു ഓട്ടോറിക്ഷയിൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കയറ്റി വിടുകയും ചെയ്തു. അടിയന്തരമായി തിരുവനന്തപുരത്ത് എത്തെണ്ടിയിരുന്നതിനാൽ ആശുപത്രിയിലേക്ക് പോകാൻ കഴിഞ്ഞില്ല. എങ്കിലും പൈലറ്റ് വാഹനം ആശുപത്രിയിലേക്ക് പോകാൻ നിർദേശിച്ച് ഞാൻ യാത്ര തുടരുകയാണ് ഉണ്ടായത്. പരുക്ക് സാരമുള്ളതല്ല എന്ന് പിന്നീട് എസ് ഐ വിളിച്ച് അറിയിക്കുകയും ചെയ്തു.
ഇവിടെ വന്നു പോയത് 'മോഹൻലാൽ' തന്നെയല്ലേന്ന് ചുറ്റും കൂടിയവര്‍: കാടുകയറി സൂപ്പര്‍ സ്റ്റാര്‍
ചെയ്തത് ഏതൊരു പൗരൻ്റെയും കടമ ആണെന്ന് വ്യക്തമായി അറിയാം. മന്ത്രി ചെയ്തു എന്ന് കരുതി വലിയ സംഭവവും ആകുന്നില്ല. എങ്കിലും എന്നെ വേദനിപ്പിച്ചത് മറ്റൊന്നാണ്... ഞങ്ങൾ എത്തും മുൻപ് 20 മിനിറ്റോളം ആ വ്യക്തി ചോര വാർന്ന് റോഡിൽ കിടന്നു. പരുക്ക് ഗുരുതരം അല്ലാത്തതിനാൽ അപ്രിയമായത് ഒന്നും സംഭവിച്ചില്ല എന്ന് മാത്രം. അപകടങ്ങളിൽ ഉണർന്നു പ്രവർത്തിക്കുന്ന ജനതയാണ് നമ്മുടേത്.
പക്ഷേ റോഡപകടങ്ങൾ കണ്ടാൽ ചിലരെങ്കിലും വൈമനസ്യത്തോടെ മുഖം തിരിച്ചു കടന്നു കളയും. അത് ചെയ്യരുത്. നമ്മുടെ പ്രിയപ്പെട്ടവരെ ഒരു നിമിഷം ഓർക്കുക. അവർ ആണ് ആ സ്ഥാനത്തെന്ന് ചിന്തിക്കുക... സഹായിക്കാൻ ഉള്ള മനസ്സ് താനേ വരും... ഒരു ജീവനാണ്.. ഒരു കുടുംബത്തിൻ്റെ ആശ്രയം ആണ്..












Click it and Unblock the Notifications