കറുപ്പ് നിറമായതിനാൽ പോലീസ് പിടിച്ചാലോ..? ശരീരമാകെ വെള്ളപൂശി മുഖ്യമന്ത്രിക്കെതിരെ വേറിട്ട പ്രതിഷേധം...
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വേറിട്ട പ്രതിഷേധവുമായി കൊല്ലം തലവൂർ പഞ്ചായത്തിലെ ബിജെപി അംഗം. ശരീരം മുഴുവൻ വെള്ള പെയിന്റ് അടിച്ചാണ് പഞ്ചായത്ത് അംഗമായ രഞ്ജിത്തിന്റെ പ്രതിഷേധം. പോലീസ് പിടിക്കുമെന്ന് ഭയന്നാണ് താൻ വെള്ള പെയിന്റ് അടിച്ചതെന്ന് രഞ്ജിത്ത് പറയുന്നു. കറുത്ത ഷർട്ട് ഇട്ടാൽ പോലും ആളുകളെ പിടിച്ചു കൊണ്ട് പോവുന്ന സ്ഥിതിയാണ് ഉള്ളതെന്ന് പറഞ്ഞ പഞ്ചായത്തംഗം അതിനാലാണ് വെള്ള പൂശിയതെന്ന് വ്യക്തമാക്കി.
പത്തനാപുരത്ത് മുഖ്യമന്ത്രി എത്തുന്നതിന് മുൻപാണ് തലവൂർ ഗ്രാമപഞ്ചായത്ത് അംഗമായ രഞ്ജിത് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്. കറുപ്പ് നിറമുള്ള തന്നെ മുഖ്യമന്ത്രി കടന്ന് പോകുമ്പോൾ പോലീസ് അറസ്‌റ്റ് ചെയ്യാതിരിക്കാനാണ് താൻ വെള്ളയടിച്ചതെന്നും ഇയാൾ പറയുന്നു. 'എന്നെ ഈശ്വരൻ സൃഷ്‌ടിച്ചത് കറുപ്പ് നിറത്തോടെയാണ്. അതുകൊണ്ടാണ് തൊലി വരെ വെള്ള പെയിന്റ് അടിച്ചത്.' രഞ്ജിത് ചൂണ്ടിക്കാട്ടി.

നേരത്തെ കെഎസ്ഇബി ഓഫീസിൽ ചില്ലറയുമായി എത്തി പ്രതിഷേധം നടത്തി മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ ആളാണ് രഞ്ജിത്. നിരന്തരം വൈദ്യുതി മുടങ്ങുന്നതിനെതിരെ കെഎസ്ഇബിക്ക് 9737 രൂപയുടെ ചില്ലറ നൽകിയായിരുന്നു ഇയാളുടെ പ്രതിഷേധം. വാർഡിലെ ഒമ്പത് കുടുംബങ്ങളുടെ കറന്റ് ബിൽ കെഎസ്ഇബി ഓഫീസിൽ നേരിട്ട് ചെന്ന് അടച്ച രഞ്ജിത് ചില്ലറയുമായി ബാങ്കിൽ എത്തുകയായിരുന്നു.
അതേസമയം, നവകേരള സദസ് ഇന്ന് കൊല്ലം ജില്ലയിലാണ് നടക്കുന്നത്. മൂന്നുമണിക്ക് പുനലൂർ മുനിസിപ്പൽ സ്‌റ്റേഡിയത്തിലും വൈകീട്ട് 4. 30ന് കൊട്ടാരക്കര ജൂബിലി മന്ദിരത്തിലും നവകേരള സദസ് പരിപാടി തുടങ്ങും. വൈകീട്ട് ആറിന് ചക്കുവള്ളി ദേവസ്വം ബോർഡ് സ്‌കൂളിന് സമീപമുള്ള പഴയ കശുവണ്ടി ഫാക്‌ടറി പരിസരത്താണ് ജില്ലയിലെ ആദ്യദിനത്തിലെ അവസാന യോഗം നടക്കുക.
നാളെ കരുനാഗപ്പള്ളി എച്ച് ആൻഡ് ജെ മാൾ ഗ്രൗണ്ടിൽ വച്ചാണ് ആദ്യ സദസ് നടക്കുക. മൂന്ന് മണിക്ക് ചവറ കെഎംഎൽ ഗ്രൗണ്ടിലും നാല് മണിക്ക് കുണ്ടറ സെറാമിക്‌സ് ഗ്രൗണ്ടിലും സദസ് നടക്കും. രണ്ടാം ദിവസത്തെ അവസാന സദസ് ആശ്രാമം പ്രശാന്തി ഗാർഡൻസ് ഗ്രൗണ്ടിലുമായി നടക്കും. മറ്റന്നാൾ രാവിലെ ബീച്ച് ഹോട്ടലിൽ വച്ച് ക്യാബിനറ്റ് യോഗവും ചേരുമെന്നാണ് അറിയിച്ചിട്ടുള്ളത്.












Click it and Unblock the Notifications