സിപിഎം പ്രവര്‍ത്തകര്‍ തന്നെ മുകേഷിനെതിരെ പ്രവര്‍ത്തിച്ചു; കുണ്ടറ തോല്‍വി കനത്ത ആഘാതം: റിപ്പോര്‍ട്ട്
കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ ഉണ്ടാവാറുണ്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സമീപകാലത്ത് കൊല്ലം ജില്ലയില്‍ ഇടതുമുന്നണിക്ക് സമ്പൂര്‍ണ്ണ ആധിപത്യം നേടാന്‍ സാധിച്ചിരുന്നു. 2016 ലെ തിരഞ്ഞെടുപ്പില്‍ 11 ല്‍ 11 സീറ്റിലും വിജയിക്കാന്‍ ഇടതുമുന്നണിക്ക് സാധിച്ചു. എന്നാല്‍ ഇത്തവണ സംസ്ഥാനത്ത് 99 സീറ്റുകളുമായി അധികാരത്തില്‍ എത്തിയപ്പോള്‍ കൊല്ലത്ത് മാത്രം സിപിഎമ്മിനും എല്‍ഡിഎഫിനും തിരിച്ചടി നേരിടേണ്ടി വരുന്നു.
മുന്നണിക്ക് രണ്ട് സീറ്റുകള്‍ കുറഞ്ഞ ഏക ജില്ലയായും കൊല്ലം മാറി. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ മത്സരിച്ച കുണ്ടറ, സിപിഐയുടെ സിറ്റിങ് സീറ്റായിരുന്ന കരുനാഗപ്പള്ളി എന്നിവയായിരുന്നു നഷ്ടമായ സീറ്റുകള്‍.

രണ്ട് സീറ്റുകള്‍ കുറഞ്ഞു എന്ന് മാത്രമല്ല ജില്ലയിലെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മുന്നണിക്ക് 50000 വോട്ടുകള്‍ കുറയുകുയം ചെയ്തു. യുഡിഎഫ് രണ്ട് സീറ്റുകളില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് രണ്ട് പതിറ്റാണ്ടിന് ശേഷം ആദ്യമായി ഒരു സീറ്റും സ്വന്തമാക്കാന്‍ സാധിച്ചു. ജില്ലയില്‍ പത്ത് മണ്ഡലങ്ങളില്‍ യുഡിഎഫിന് വോട്ട് വര്‍ധിച്ചപ്പോള്‍ കുറഞ്ഞ് പുനലൂരില്‍ മാത്രമാണ്.
മമ്മൂട്ടിക്ക് എഴുപതാം പിറന്നാള്‍: ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മോഹന്‍ലാല്‍

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ പോള്‍ ചെയ്യപ്പെട്ട വോട്ടിന്റെ 50 ശതമാനവും സ്വന്തമാക്കാന്‍ എല്‍ഡിഎഫിന് സാധിച്ചിരുന്നു. കരുനാഗപ്പള്ളിയിലേയും കുണ്ടറയിലേയും തോല്‍വി സംഘടനാപരമായ വീഴ്ചയാണെന്നാണ് സിപിഎം തിരഞ്ഞെടുപ്പ് അവലോകന സമിതി തന്നെ വ്യക്തമാക്കുന്നത്.

കൊല്ലം ജില്ലയില്‍ ആകെ പ്രവര്‍ത്തനങ്ങളില്‍ പിന്നാക്കം പോയെന്നും പാര്‍ട്ടി സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. വോട്ടുചോര്‍ച്ച ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കണം. സംഘടനാ കെട്ടുറപ്പിന് ക്ഷതമേല്‍ക്കുന്ന ഘടകങ്ങള്‍ തിരിച്ചറിഞ്ഞ് തിരുത്തല്‍ വരുത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്. കൊല്ലം ജില്ലയുടെ സംഘടനാ ചുമതലയുള്ള ആനത്തലവട്ടം ആനന്ദനാണ് സംസ്ഥാന സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഇരവിപുരം ഒഴികേയുള്ള എല്ലാ മണ്ഡലങ്ങളിലും ഇത്തവണ വോട്ട് കുറഞ്ഞിട്ടുണ്ട്. കുണ്ടറയില്‍ ആണ് ഏറ്റവും വലിയ കുറവ് ഉണ്ടായിരിക്കുന്നത്. മന്ത്രി മണ്ഡലത്തില്‍ കനത്ത തോല്‍വിയാണ് ഇത്തവണ മുന്നണിക്ക് നേരിടേണ്ടി വന്നത്. മന്ത്രിയുടെ പേരെടുത്ത് പറയുന്നില്ലെങ്കിലും മന്ത്രിസ്ഥാനത്ത് മേഴ്‌സിക്കുട്ടിയമ്മയ്ക്കുണ്ടായ ജാഗ്രത കുറവും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.

9523 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു മേഴ്സിക്കുട്ടിയമ്മയെ പിസി വിഷ്ണുനാഥ് പരാജയപ്പെടുത്തിയത്. 76,405 വോട്ട് പിസി വിഷ്ണുനാഥിന് ലഭിച്ചപ്പോള്‍ 66,882 വോട്ടായിരുന്നു ജെ മേഴ്സിക്കുട്ടിയമ്മയ്ക്ക് ലഭിച്ചത്. അതേസമയം എന്‍ഡിഎ 6100 വോട്ടുകളുമായി ഏറെ പിന്നിലായി. 2016 രാജ്മോഹന്‍ ഉണ്ണിത്താനെ 30,460 വോട്ടിന് പരാജയപ്പെടുത്തിയായിരുന്നു ജെ മേഴ്സിക്കുട്ടിയമ്മ നിയമസഭയിലേക്ക് എത്തിയത്.

2016 ആകെ പോള്‍ ചെയ്യപ്പെട്ട വോട്ടിന്റെ 51.81 ശതമാനവും (79047) നേടാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് സാധിച്ചിരുന്നു. 48587 വോട്ടാണ് യുഡിഎഫിന് ലഭിച്ചത്. എന്‍ഡിഎയ്ക്ക് ഇത്തവണ ലഭിച്ചതിനേക്കാള്‍ 20257 വോട്ടുകള്‍ അന്ന് കിട്ടി എന്നുള്ളതും ശ്രദ്ധേയമാണ്. ആഴക്കടല്‍ മത്സ്യ ബന്ധന വിവാദം ഉള്‍പ്പടെ മണ്ഡലത്തില്‍ തിരിച്ചടിയായെന്നും വിലയിരുത്തലുണ്ട്.

കൊല്ലം മണ്ഡലത്തില്‍ വലിയ വോട്ടുചോര്‍ച്ചയുണ്ടായിട്ടുണ്ട്. എം മുകേഷ് എംഎല്‍എയ്‌ക്കെതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗവും സിപിഐയിലെ ചിലരും പ്രവര്‍ത്തനം നടത്തിയെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിലെ പരാമര്‍ശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. വിജയിക്കാന്‍ കഴിഞ്ഞെങ്കിലും വോട്ടിലുണ്ടായ ചോര്‍ച്ച പരിശോധന വിധേയമാക്കണമെന്നതാണ് പ്രധാന നിര്‍ദേശം

2072 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു മുകേഷ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്തിയത്. 58524 വോട്ടുകള്‍ മുകേഷ് കരസ്ഥമാക്കിയപ്പോള്‍ 56452 വോട്ടുമായി തൊട്ടുപിറകില്‍ രണ്ടാമത് എത്താന്‍ ബിന്ദുകൃഷ്ണയ്ക്ക് സാധിച്ചിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ 5.95 ശതമാനം കുറവ് വോട്ടായിരുന്നു ഇത്തവണ എല്‍ഡിഎഫിന് ലഭിച്ചത്.

അതേസമയം, തോല്‍വി നേരിട്ടെങ്കിലും 8.08 ശതമാനം വോട്ട് വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. 2016 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സൂരജ് രവിയെ 17611 വോട്ടുകള്‍ക്കായിരുന്നു മുകേഷ് തോല്‍പ്പിച്ചത്. അന്ന് എല്‍ഡിഎഫിന് 63103 വോട്ടും യുഡിഎഫിന് 45492 വോട്ടുമായിരുന്നു ലഭിച്ചത്.












Click it and Unblock the Notifications