ഷിബു ബേബി ജോണിന്റെ കുടുംബ വീട്ടില്‍ കവര്‍ച്ച; 50 പവനോളം സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടു
കൊല്ലം: മുന്‍മന്ത്രിയും ആര്‍ എസ് പി നേതാവുമായ ഷിബു ബേബി ജോണിന്റെ കുടുംബ വീട്ടില്‍ കവര്‍ച്ച. ഷിബു ബേബി ജോണിന്റെ കൊല്ലത്തെ കുടുംബ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഏകദേശം അമ്പത് പവനോളം സ്വര്‍ണാഭരണങ്ങള്‍ അടക്കം നഷ്ടമായി എന്നാണ് വിവരം എന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വീടിന്റെ വാതില്‍ തുറന്ന് കവര്‍ച്ച നടത്തുന്ന മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കൊല്ലം എ സി പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഞായറാഴ്ച രാവിലെ ആണ് മോഷണ വിവരം പുറത്തറിഞ്ഞത്. രാത്രി സമയങ്ങളില്‍ ഈ വീട്ടില്‍ ആളുണ്ടാകാറില്ല

ഷിബു ബേബി ജോണിന്റെ അമ്മ പകല്‍ സമയങ്ങളില്‍ ഈ വീട്ടില്‍ എത്താറുണ്ട്. എന്നാല്‍ രാത്രി ഷിബു ബേബി ജോണിന്റെ വീട്ടിലേക്ക് മടങ്ങുകയാണ് പതിവ്. ഞായറാഴ്ച രാവിലെ ഷിബു ബേബി ജോണിന്റെ അമ്മ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.
വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത നിലയിലാണ്. ഇതിന് ശേഷമുള്ള ചില്ല് വാതിലും തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. ഇതിന് ശേഷം മുകളിലെ നിലയിലെത്തി സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. ബേബി ജോണിന്റെ ഭാര്യയുടെ താലിമാല, വിവാഹത്തിന് സമ്മാനമായി ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ എന്നിവയാണ് നഷ്ടമായിട്ടുള്ളത്.
രണ്ടാഴ്ച മുന്‍പ് കൊല്ലം എഴുകോണിലും സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു. വീടിന്റെ വാതില്‍ തകര്‍ത്ത് 35 പവന്‍ സ്വര്‍ണമാണ് കവര്‍ന്നിരുന്നത്. എഴുകോണ്‍ ബെവ്‌കോ ഔട്ട്‌ലെറ്റിന് സമീപം ശ്രീപൂരം ബാലമുരുകന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇതില്‍ പോലീസ് അന്വേഷണം നടന്ന് വരികയാണ്.
ബാലമുരുകനും കുടുംബവും വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു മോഷണം. പുതിയ വീടിന്റെ നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി ബാങ്ക് ലോക്കറില്‍ നിന്നും എടുത്ത് സൂക്ഷിച്ച 25 പവന്‍ സ്വര്‍ണവും വീട്ടിലുണ്ടായിരുന്ന 10 പവന്‍ സ്വര്‍ണവുമാണ് മോഷ്ടിക്കപ്പെട്ടത്. ഭാര്യ ദിവ്യയെ ഓച്ചിറയിലെ അവരുടെ വീട്ടിലാക്കിയ ശേഷം ബാലമുരുകനും അമ്മയും തിരുവനന്തപുരത്തെ സഹോദരിയുടെ അടുത്ത് പോയിരിക്കുയായിരുന്നു.
ഇത് കലക്കിയല്ലോ സരയൂ...കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍
പിറ്റേന്ന് രാവിലെ വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട അയല്‍വാസി ബാലമുരുകനെ വിളിച്ചറിയിച്ചപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. മുന്‍ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. മോഷണം നടത്തിയ ശേഷം പിന്‍വാതിലിലൂടെയാണ് മോഷ്ടാക്കള്‍ രക്ഷപ്പെട്ടത്. മുറികളുടെ വാതിലുകളും സ്റ്റീല്‍ അലമാരകളും കുത്തിപ്പൊളിച്ചിരുന്നു.












Click it and Unblock the Notifications