ജോസഫ് പക്ഷത്തെ പൊളിക്കും; ജോസ് കെ മാണിക്ക് സിപിഎം നല്‍കിയ നിര്‍ദേശം ഇങ്ങനെ... മറുതന്ത്രം
കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷത്ത് കൂട്ടപ്പൊരിച്ചിലാണ്. മോന്‍സ് ജോസഫും ജോയി എബ്രഹാമും പാര്‍ട്ടി പിടിക്കാനുള്ള നീക്കം നടത്തുന്നു എന്നാണ് പ്രമുഖ നേതാക്കളുടെ ആക്ഷേപം. വിമതസ്വരം ഉയര്‍ത്തിയവര്‍ സുപ്രധാന യോഗങ്ങളില്‍ നിന്നും പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ടുനിന്നതോടെ പുകച്ചില്‍ പുറത്തായി.
പരിഹാരമെന്നോണം ജോസഫ് മുന്നോട്ട് വച്ച സംഘടനാ തിരഞ്ഞെടുപ്പ് ഒരു ട്രാപ്പാണ് എന്ന് വിമത നേതാക്കള്‍ കരുതുന്നു. അതിനിടെയാണ് ജോസ് കെ മാണി വിഭാഗം ജോസഫ് പക്ഷത്തുള്ളവരെ ചാക്കിടാന്‍ നോക്കുന്നത്. സിപിഎം ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ദേശം ജോസിന് നല്‍കിയിട്ടുണ്ടത്രെ. വിശദാംശങ്ങള്‍ ഇങ്ങനെ...

എക്കാലത്തും ജോസഫിനൊപ്പം നിന്ന വ്യക്തിയാണ് മോന്‍സ് ജോസഫ്. പാര്‍ട്ടിയുടെ നിയന്ത്രണം മോന്‍സ് കൈപ്പിടിയിലൊതുക്കാന്‍ നീക്കം നടത്തുന്നു എന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. ഭാരവാഹികളുടെ എണ്ണത്തില്‍ കോണ്‍ഗ്രസിനെ കടത്തിവെട്ടും കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷം എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസഫ് പക്ഷത്തിന്റെ പ്രകടനം ദയനീയമായിരുന്നു. ജോസഫും മോന്‍സുമല്ലാതെ ആരും നിയമസഭ കണ്ടില്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജോസഫുമായി അടുത്തവര്‍ക്ക് പ്രതീക്ഷ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്ക് എത്തിച്ച ഒരു ഘടകം തിരഞ്ഞെടുപ്പ് പ്രകടനമാണ്. മറ്റൊന്ന് ഭാരവാഹികളുടെ എണ്ണവും.

ഇനിയും ജോസഫ് പക്ഷത്തിനൊപ്പം നിന്നാല്‍ രാഷ്ട്രീയ ഭാവിയുണ്ടാകില്ല എന്നാണ് വിമത സ്വരം ഉയര്‍ത്തുന്നവരുടെ പൊതുവികാരം. ഈ സാഹചര്യത്തിലാണ് ജോസ് പക്ഷവുമായി അടുക്കാന്‍ ചിലര്‍ നീക്കം നടത്തുന്നത്. ജോസ് കെ മാണിയുമായി ചില നേതാക്കള്‍ രഹസ്യ ചര്‍ച്ച നടത്തി എന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.

പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള ആലോചനയിലാണ് ജോസഫ്. മോന്‍സ് ജോസഫ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനം തല്‍ക്കാലം രാജിവയ്ക്കട്ടെ എന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. പദവി ഒഴിയാന്‍ തയ്യാറാണ് എന്ന് മോന്‍സ് ജോസഫ് പറയുകയും ചെയ്തു. സംഘടനാ തിരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ കണ്ടെത്താമെന്ന് ജോസഫ് അഭിപ്രായപ്പെട്ടു.

എന്നാല്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയാല്‍ തങ്ങള്‍ പുറത്താകുമെന്ന് വിമത നേതാക്കള്‍ കരുതുന്നു. ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് ഉണ്ണിയാടന്‍, ജോണി നെല്ലൂര്‍ എന്നിവര്‍ക്കൊന്നും ജോസഫ് പക്ഷത്തെ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ സ്വാധീനമില്ല. അതുകൊണ്ടുതന്നെ സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയാല്‍ തങ്ങള്‍ ഔട്ടാകുമെന്ന് അവര്‍ ഭയപ്പെടുന്നു.

എക്കാലത്തും ജോസഫിനൊപ്പം നിലയുറപ്പിച്ച വ്യക്തിയാണ് മോന്‍സ് ജോസഫ്. അതുതന്നെയാണ് അദ്ദേഹത്തിന് നല്‍കുന്ന ആത്മവിശ്വാസം. പാര്‍ട്ടി പ്രവര്‍ത്തകര്‍ തനിക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം കരുതുന്നു. മോന്‍സിന്റെ ഈ ആത്മവിശ്വാസമാണ് വിമതരെ ആശങ്കയിലാക്കുന്നത്. ഈ സാഹചര്യത്തിലാണ് ജോസ് കെ മാണി ഭിന്നത മുതലെടുക്കാന്‍ ശ്രമിക്കുന്നത്.
Recommended Video

കൂടുതല്‍ നേതാക്കളെയും പ്രവര്‍ത്തകരെയും യുഡിഎഫില്‍ നിന്ന് പുറത്തുചാടിക്കണമെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ നേതാക്കളെയും ലക്ഷ്യമിടുന്നതിന് പകരം പ്രവര്‍ത്തകരെ ചാടിക്കാനാണ് സിപിഎം നല്‍കിയ നിര്‍ദേശമത്രെ. നേതാക്കള്‍ കൂടുതലായി എത്തിയാല്‍ അവര്‍ക്ക് പദവികളും മറ്റും നല്‍കുന്നത് മറ്റൊരു തലവേദനയാകുമെന്ന് സിപിഎം കണക്കുകൂട്ടുന്നു.












Click it and Unblock the Notifications