കൂട്ടിക്കല്‍ മൂപ്പന്‍മലയില്‍ ഉരുള്‍പൊട്ടി; പിരിച്ചുവിട്ട ക്യാമ്പ് വീണ്ടും തുറന്നു, ജാഗ്രത നിര്‍ദേശം
കോട്ടയം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസവും ശക്തമായ മഴപെയ്യുമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ പെയ്ത കനത്ത മഴയില്‍ കോട്ടയം കൂട്ടിക്കല്‍ ഇളങ്കാട് മ്ലാക്കരയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലുണ്ടായി. മൂപ്പന്‍മലയില്‍ ആള്‍താമസമില്ലാത്ത സ്ഥലത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മലവെള്ളപ്പാച്ചിലില്‍ പുല്ലകയാറിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
മ്ലാക്കരയില്‍ ചപ്പാത്ത് അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് മറുകരയില്‍ കുടുങ്ങിയ ഇരുപതോളം കുടുംബങ്ങളെ ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തകരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിച്ചു. രണ്ട് ക്യാമ്പുകളിലായി 20 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. കഴിഞ്ഞ ദിവസം പിരിച്ചുവിട്ട ക്യാമ്പ് വീണ്ടും തുടങ്ങുകയായിരുന്നു. ഇന്നലെയുണ്ടായ മലവെള്ളപാച്ചിലില്‍ ഏന്തയാറില്‍ നിര്‍മ്മിച്ച താല്‍ക്കാലിക പാലം ഒലിച്ചുപോയിരുന്നു.

കഴിഞ്ഞ ദിവസം പിരിച്ചുവിട്ട ക്യാമ്പില്‍ നിന്നും ആള്‍ക്കാര്‍ മടങ്ങി അല്‍പ സമയം കഴിഞ്ഞ് ഉച്ചക്ക് മൂന്ന് മണിയോടെ വീണ്ടും കനത്ത മഴപെയ്തത്. കൊടുങ്ങ ഭാഗത്ത് കുടുങ്ങിയവരെയും മാറ്റി. കൊടുങ്ങ, വല്യന്ത, മ്ലാക്കര, ഇളങ്കാട് ടോപ്പ്, മുക്കളം ഭാഗത്ത് പെയ്ത കനത്ത മഴയാണ് ദുരിതം വിതച്ചത്. എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘങ്ങള്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതിനിടെ ഗവര്‍ണറുടെ ഇന്ന് നിശ്ചയിച്ച കൂട്ടിക്കല്‍ സന്ദര്‍ശനം അനിശ്ചിതാവസ്ഥയിലാണ്, കനത്ത മഴയുടേയും ഉരുള്‍പൊട്ടലിന്റേയും അടിസ്ഥാനത്തില്‍ സന്ദര്‍ശനം റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്‌തേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസവും ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇന്നും 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന അറബിക്കടലിലെ ന്യൂനമര്‍ദ്ദം അടുത്ത മണിക്കൂറില്‍ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്ര വിലയിരുത്തുന്നത്. ഇത് തീവ്രന്യൂനമര്‍ദ്ദമായി മാറുമെന്നും എന്നാല്‍ ഇന്ത്യന്‍ തീരത്ത് നിന്ന് അകലെയായതിനാല്‍, സംസ്ഥാനത്തെ കാര്യമായി ബാധിക്കില്ലെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ തീരത്ത് നിലനില്‍ക്കുന്ന ചക്രവാതച്ചുഴി മഴയ്ക്ക് കാരണമാകും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കി. ഇന്നലെയും 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ഇന്നലെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ഏഴ് ഷട്ടറുകളും അടച്ചു. ഇനി ഒരു ഷട്ടര്‍ മാത്രമാണ് അടക്കാനുള്ളത്. ഉയരം 20 സെന്‍ി മീറ്ററായും കുറച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം തമിഴ്‌നാട് മന്ത്രിമാരും എംഎല്‍മാരും മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചിരുന്നു. ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാമെന്നാണ് അണക്കെട്ട് സന്ദര്‍ശിച്ച ശേഷം തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുഗന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ബേബി ഡാം ബലപ്പെടുത്തുന്നതിന് താഴെയുള്ള മൂന്നു മരങ്ങള്‍ വെട്ടണമെന്നും അതിനുള്ള അനുമതി കേരള സര്‍ക്കാര്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തമിഴ്‌നാട്ടിലെ അഞ്ചംഗ മന്ത്രിതല സംഘമാണ് ഇന്ന് മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചത്. മന്ത്രി ദുരൈമുരുകനൊപ്പം സഹകരണം, ധനകാര്യം, വാണിജ്യനികുതി, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിമാരാണ് മുല്ലപ്പെരിയാറിലെത്തിയത്. കൂടാതെ ഇവര്‍ക്കൊപ്പം തേനി ജില്ലയിലെ കമ്പം, ആണ്ടിപ്പെട്ടി, പെരിയകുളം തുടങ്ങി ഏഴു മണ്ഡലങ്ങളില്‍ നിന്നുള്ള നിന്നുള്ള എം എല്‍ എ മാരും മന്ത്രിമാര്‍ക്കൊപ്പം അണക്കെട്ടിലെത്തിയിരുന്നു.
Recommended Video

മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശമായ പെരിയാര്‍ കടുവ സങ്കേതത്തില്‍ പെയ്ത കനത്ത മഴയാണ് കഴിഞ്ഞദിവസം ഡാമില്‍ ജലനിരപ്പ് വേഗത്തില്‍ ഉയരാന്‍ കാരണമായതെന്നാണ് കരുതുന്നത്. അഞ്ചു മണിക്കൂര്‍ കൊണ്ട് ജലനിരപ്പ് ഒരടിയോളം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അടച്ച ഷട്ടറുകള്‍ വീണ്ടും തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ദിവസം ആറരക്ക് രണ്ടു ഷട്ടറുകളും എട്ടു മണിക്ക് മൂന്നെണ്ണവുമാണ് ഉയര്‍ത്തിയിരുന്നത്. എന്നിട്ടും ജലനിരപ്പ് കുറയാതെ വന്നതോടെ പന്ത്രണ്ട് മണിക്ക് രണ്ടു ഷട്ടറുകള്‍ കൂടി തുറന്നിരുന്നു.












Click it and Unblock the Notifications