കനത്ത മഴ; പ്രൊഫഷണൽ സ്കൂൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധി പ്രഖ്യാപിച്ച് കോട്ടയം കളക്ടർ
തിരുവനന്തപുരം: മഴ, വെള്ളപ്പൊക്കം എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. അതേസമയം മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
ജില്ലയിൽ ഇന്ന് യെല്ലോ അലർട്ടായിരുന്നു. നാളെ പ്രത്യേകിച്ച് മുന്നറിയിപ്പുകളൊന്നും ഇല്ല. അതേസമയം മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് കളക്ടർ നിർദ്ദേശിച്ചു. അതിനിടെ കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ കളക്ടർ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയിൽ നടന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം വിലയിരുത്തി. മഴ മൂന്നുദിവസം കൂടി ജില്ലയിൽ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. അതിനാൽ വിവിധ സർക്കാർ വകുപ്പുകൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും തഹസിൽദാർമാരും വില്ലേജ് ഓഫീസർമാരും ഹെഡ്ക്വാർട്ടേഴ്സ് വിട്ട് പോകരുതെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയുള്ളതിനാൽ ക്യാമ്പുകൾ സജ്ജമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തഹസിൽദാർമാർക്ക് നിർദ്ദേശം നൽകി. മഴ തുടരുന്നുണ്ടെങ്കിലും കോടിമതയിലൊഴികെ ഒരിടത്തും ജലനിരപ്പ് അപകടനില കടന്നിട്ടില്ലെന്ന് തഹസിൽദാർമാർ യോഗത്തെ അറിയിച്ചു.
അപകടകരമായ മരങ്ങളും ശിഖരങ്ങളും നിയമപരമായ നടപടികൾ സ്വീകരിച്ച് മുറിച്ചുമാറ്റാൻ തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രാനിരോധനം ഉറപ്പാക്കാൻ പൊലീസിന് നിർദ്ദേശം നൽകി. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, തഹസിൽദാർമാർ എന്നിവർ പങ്കെടുത്തു.
വിനോദസഞ്ചാരകേന്ദ്രങ്ങളിൽ വിലക്ക്
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാലയാത്രയും ജൂൺ 30 വരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി.
ജില്ലയിൽ ഖനനം നിരോധിച്ചു
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും ജൂൺ 30 വരെ കോട്ടയം ജില്ലയിലെ എല്ലാ വിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു കൊണ്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി.












Click it and Unblock the Notifications