വീട് ഓലപ്പുരയില്‍, എപ്പോള്‍ വേണമെങ്കിലും തകര്‍ന്ന് വീഴാം.... പക്ഷേ റേഷന്‍ കാര്‍ഡില്‍ പണക്കാരി!!
എരുമേലി: നമ്മുടെ ജീവിതം മുഴുവന്‍ കഷ്ടപ്പാടിലാണെങ്കിലും, സര്‍ക്കാര്‍ കണക്കുകള്‍ നാം പണക്കാരി തന്നെയായിരിക്കും. ഇത്തരമൊരു അവസ്ഥയിലാണ് എരുമേലി കൊടിത്തോട്ടം മൂഴിപ്പുറത്ത് സണ്ണിയുടെ ഭാര്യ എംഎ സുനു. ഇവരുടെ വീടിന്റെ ഭിത്തികള്‍ പലകകള്‍ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. മേല്‍ക്കൂരയില്‍ പ്ലാസ്റ്റിക്കും തകിട് ഷീറ്റും ഓലയും. ഇവരുടെ ജീവിതം തന്നെ അരക്ഷിതമായ ചുറ്റുപാടിലാണ്. എന്നാല്‍ റേഷന്‍ കാര്‍ഡില്‍ ഇവര്‍ പണക്കാരിയാണ്.

ഇവരുടെ ദുരവസ്ഥ കാരണം സ്വാഭാവികമായും മുന്‍ഗണനാ വിഭാഗത്തിലാണ് വരേണ്ടത്. എന്നാല്‍ സുനുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയത് പൊതുവിഭാഗത്തിലുള്ള വെള്ള റേഷന്‍ കാര്‍ഡ്. മുമ്പൊന്നും ഇത് വലിയ പ്രശ്‌നമില്ലാതെ പോയിരുന്നത്. എന്നാല്‍ ലോക്ഡൗണ്‍ ഈ കുടുംബം ശരിക്കും ബുദ്ധിമുട്ടിയിരിക്കുകയാണ്. റേഷന്‍ കാര്‍ഡിന്റെ നിറംമാറ്റം ഇവരെ അലട്ടിയിരിക്കുകയാണ്. ഇവര്‍ക്ക് കാര്യമായിട്ടുള്ള വരുമാനമില്ല. റേഷന്‍ കൂടി കിട്ടാത്ത സാഹചര്യത്തില്‍ കുടുംബം പട്ടിണിയിലാണ്.
സണ്ണി കൂലിപണി ചെയ്താണ് കുടുംബം നോക്കിയിരുന്നത്. ലോക്ഡൗണ്‍ ആയതോടെ ജോലി ഇല്ലാത്ത അവസ്ഥയാണ്. ഇതോടെ ഈ കുടുംബത്തിന്റെ വരുമാനം നിലച്ചിരിക്കുകയാണ്. നാട്ടില്‍ പലരെയും സഹായിക്കാന്‍ ആളുകളുണ്ട്. എന്നാല്‍ സന്നദ്ധ സംഘടനകളുടെ സഹായമൊന്നും അധികം ഇവിടേക്ക് എത്തിയില്ല. വെള്ളക്കാര്‍ഡ് ആയതിനാല്‍ റേഷന്‍ കട വഴിയുള്ള സൗജന്യകിറ്റും ഇതുവരെ ലഭിച്ചിട്ടില്ല. വെള്ളക്കാര്‍ഡിനുള്ള കിറ്റുകള്‍ വിതരണം ആരംഭിച്ചിട്ടേയുള്ളൂ.
ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. സണ്ണി. എന്നാല്‍ ഇതുവരെ കാര്‍ഡ് മാറ്റികിട്ടിയില്ലെന്ന് സുനു പറയുന്നു. വീടിനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയെങ്കിലും ഇതേവരെ ലിസ്റ്റില്‍ വന്നിട്ടില്ല. മൂന്ന് കുട്ടികള്‍ ഒന്നിലും എട്ടിലും പത്തിലുമായി പഠിക്കുന്നു. അടച്ചുറപ്പില്ലാത്ത വീട്ടിലാണ് ഈ അഞ്ചംഗ കുടുംബം അന്തിയുറങ്ങുന്നത്. ഇനി വരാനിരിക്കുന്നത് മഴക്കാലമാണ്. ഇവരുടെ ജീവിതം എന്താവുമെന്ന് വ്യക്തമല്ല. ഭക്ഷണം മാത്രമല്ല, സുരക്ഷിതത്വവും ഇവരുടെ ആശങ്കയാണ്.












Click it and Unblock the Notifications