മലക്കപ്പാറയും ഗവിയും കാണാം.. ഒപ്പമൊരു വള്ളം യാത്രയും; വീണ്ടും ഉല്ലാസയാത്രയുമായി കെഎസ്ആര്‍ടിസി
കോട്ടയം: വെക്കേഷന്‍ കാലത്ത് ഉല്ലാസയാത്ര ആസൂത്രണം ചെയ്ത് കോട്ടയം കെ എസ് ആര്‍ ടി സി. കോട്ടയം ഡിപ്പോയില്‍ നിന്ന് ഏപ്രില്‍ മാസത്തില്‍ മാത്രം നാല് യാത്രകളാണ് കെ എസ് ആര്‍ ടി സി സംഘടിപ്പിക്കുന്നത്. മലക്കപ്പാറ, സാമ്പ്രാണിക്കോടി മണ്‍റോതുരുത്ത്, ഗവി, അഞ്ചുരുളി എന്നിവിടങ്ങളിലേക്കാണ് കെ എസ് ആര്‍ ടി സി ആസൂത്രണം ചെയ്യുന്ന ഉല്ലാസ യാത്രകള്‍.
ഇതിന് മുന്‍പും കോട്ടയം ഡിപ്പോയില്‍ നിന്ന് കെ എസ് ആര്‍ ടി സി നടത്തിയ ഉല്ലാസ യാത്രകള്‍ ഹിറ്റായിരുന്നു. കോട്ടയം ഡിപ്പോയിലെത്തി പണം അടച്ച് ഉല്ലാസ യാത്രക്കായി സീറ്റ് ബുക്ക് ചെയ്യാം. കാടും മലയും കായലും ഡാമുകളും അടങ്ങുന്ന പാക്കേജുകള്‍ ആണ് സഞ്ചാരികള്‍ക്ക് മുന്നിലുള്ളത്. ഇതില്‍ ഇഷ്ടമുള്ളത് യാത്രക്കാര്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണ്. 50 പേര്‍ അടങ്ങുന്ന സംഘങ്ങള്‍ക്കു പ്രത്യേക യാത്രയും ഒരുക്കി നല്‍കും.

മലക്കപ്പാറ (ഏപ്രില്‍ 16 ന്)
രാവിലെ ആറ് മണിക്ക് കോട്ടയം ഡിപ്പോയില്‍ നിന്ന് പുറപ്പെടും. തുമ്പൂര്‍മുഴി, അതിരപ്പള്ളി, വാഴച്ചാല്‍, ചാര്‍പ്പ വഴിയുള്ള യാത്രയില്‍ വെള്ളച്ചാട്ടങ്ങളുടെ കാഴ്ച നുകര്‍ന്നായിരിക്കും സഞ്ചാരം. വന്യമൃഗങ്ങളെയും കാടിന്റെ കാഴ്ചകളും കണ്ട് വനത്തിലൂടെ 45 കിലോമീറ്റര്‍ യാത്രയും ഈ പാക്കേജില്‍ ഉണ്ടാകും. മലക്കപ്പാറയില്‍ എത്തി ഷോളയാര്‍ ഡാം കണ്ട് രാത്രി 11 ന് ഡിപ്പോയില്‍ തിരികയെത്തുന്ന ഈ യാത്രയ്ക്ക് ഒരാളില്‍ നിന്ന് 720 രൂപയാണ് ഈടാക്കുന്നത്.
സാമ്പ്രാണിക്കോടി, മണ്‍റോതുരുത്ത് (ഏപ്രില്‍ 21 ന്)
രാവിലെ 6 മണിക്ക് ഡിപ്പോയില്‍ നിന്ന് പുറപ്പെടും. തുരുത്തുകളും കണ്ടല്‍ക്കാടുകളും കണ്ട് അഷ്ടമുടിക്കായലിലൂടെ ചെറിയ വള്ളത്തില്‍ ഒരു യാത്രയും ഈ പാക്കേജ് വാഗ്ദാനം ചെയ്യുന്നു. അന്ന് രാത്രി 10 ന് തിരികെ എത്തുന്ന തരത്തിലാണ് ആസൂത്രണം. വള്ളം യാത്ര ഉള്‍പ്പടെ 990 രൂപയാണ് ഈ യാത്രക്ക് ഒരാളില്‍ നിന്ന് കെ എസ് ആര്‍ ടി സി ഈടാക്കുന്ന നിരക്ക്.
അഞ്ചുരുളി ( ഏപ്രില്‍ 23ന് )
രാവിലെ 5.30 മണിക്ക് ഡിപ്പോയില്‍ നിന്ന് പുറപ്പെടും. ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍, കാല്‍വരി മൗണ്ട്, അഞ്ചുരുളി ടണല്‍, വാഗമണ്‍ മൊട്ടക്കുന്ന്, പൈന്‍വാലി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചാണ് ഈ യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. അന്ന് രാത്രി 10.30ന് തിരികെയെത്തും. ഈ യാത്രക്ക് ഒരാളില്‍ നിന്ന് കെ എസ് ആര്‍ ടി സി ഈടാക്കുന്ന നിരക്ക് 580 രൂപയാണ്.
Vastu Tips For Clock: ക്ലോക്കിലെ ബാറ്ററി തീര്‍ന്നോ..? മുട്ടന്‍പണി വരുന്നുണ്ട്
ഗവി ( ഏപ്രില്‍ 26ന് )
രാവിലെ 5.30 ന് കോട്ടയം ഡിപ്പോയില്‍ നിന്ന് പുറപ്പെടും. ഗവിയുടെ ഭംഗി നേരിട്ട് ആസ്വദിച്ച് കൊണ്ടുള്ള യാത്രയായിരിക്കും ഇത്. പരുന്തും പാറയുടെ താഴ്വരയിലൂടെയായിരിക്കും യാത്ര. 60 കിലോമീറ്റര്‍ ജംഗിള്‍ സഫാരി, ബോട്ടിങ്, ഉച്ചഭക്ഷണം എന്നിവ ഈ പാക്കേജില്‍ ഉണ്ടാകും. അന്ന് രാത്രി 10.30 ന് തിരികെയെത്തും. ഈ യാത്രക്ക് ഒരാളില്‍ നിന്ന് 1650 രൂപയാണ് ഈടാക്കുന്നത്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 9188456895, 8547832580 (10 മുതല്‍ 5 വരെ)












Click it and Unblock the Notifications