കോട്ടയത്ത് നഴ്‌സിനെ രോഗി ആക്രമിച്ചു; ആക്രമണം മരുന്ന് നല്‍കുന്നതിനിടെ, നഴ്‌സിന്റെ കൈയ്ക്ക് പൊട്ടല്‍
കോട്ടയം: കൊല്ലത്ത് ഡോക്ടറെ വൈദ്യപരിശോധനക്കെത്തിയ ആള്‍ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നാലെ കോട്ടയത്തും സമാനമായ സംഭവം. കോട്ടയം മെഡിക്കല്‍ കോളെജില്‍ മരുന്ന് നല്‍കുന്നതിനിടെ നഴ്‌സിനെ രോഗി ആക്രമിച്ചു. പൂഞ്ഞാര്‍ കുന്നോന്നിയിലെ നേഖാ അരുണ്‍ (29) ആണ് ആക്രമിക്കപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ന്യൂറോ സര്‍ജറി വിഭാഗം വാര്‍ഡിലായിരുന്നു സംഭവം.
രോഗിയും ഇടുക്കി ഉപ്പുതറ മത്തായിപ്പാറ സ്വദേശിയുമായ ആളാണ് നഴ്‌സിനെ ആക്രമിച്ചത്. മരുന്ന് നല്‍കുന്നതിനിടയില്‍ ഇയാള്‍ പാത്രം വലിച്ചെറിയുകയും ആക്രമിക്കുകയുമായിരുന്നു. ഇത് കണ്ട ആശുപത്രിയിലെ മറ്റ് ജീവനക്കാരും ബന്ധുക്കളും ചേര്‍ന്ന് രോഗിയെ തടഞ്ഞെങ്കിലും ഇയാള്‍ നേഖയുടെ വലതു കൈപിടിച്ച് തിരിച്ചു. ഇതിനെത്തുടര്‍ന്ന് നേഖയുടെ കൈപ്പത്തിക്ക് താഴെ പരിക്കേറ്റു.

പ്രഥമശുശ്രൂഷ നേടി വീട്ടിലേക്ക് മടങ്ങിയെങ്കിലും ഉച്ചയോടെ നേഖക്ക് വേദന കൂടി. പിന്നീട് നടത്തിയ പരിശോധനയില്‍ കൈയിലെ പൊട്ടലുണ്ടെന്ന് മനസിലായി. നേഖയ്ക്ക് ശസ്ത്രക്രിയ ആവശ്യമാണ് എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കും പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഡോക്ടര്‍ വന്ദനാ ദാസിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് ഉച്ചയ്ക്ക് നടക്കും.
ഇന്നലെ രാത്രി 8 മണിയോടെ മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്ക് വന്ദന ദാസിന്റെ മൃതദേഹം എത്തിച്ചിരുന്നു. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെ ജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളായ വന്ദന ഇന്നലെ പുലര്‍ച്ചെയാണ് ഡ്യൂട്ടിക്കിടെ ആക്രമിക്കപ്പെട്ടത്. പൊലീസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ച സന്ദീപ് എന്ന അധ്യാപകനാണ് വന്ദന അടക്കം ആറ് പേരെ ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ വന്ദന ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ആക്രമണത്തില്‍ കുത്തേറ്റ പൊലീസുകാരടക്കം 5 പേര്‍ ചികിത്സയിലാണ്. കത്രിക കൊണ്ടായിരുന്നു സന്ദീപിന്റെ ആക്രമണം. ഇയാളുടെ കാലിലെ മുറിവ് കെട്ടുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു. പതിനൊന്നോളം കുത്താണ് വന്ദനയുടെ ശരീരത്തിലേറ്റത്. നെടുമ്പന ഗവ. യുപി സ്‌കൂള്‍ അധ്യാപകനാണ് പ്രതിയായ വെളിയം ചെറുകരക്കോണം ശ്രീനിലയത്തില്‍ എസ് സന്ദീപ്.
സംഭവത്തെ തുടര്‍ന്ന് ഇന്നലെ മുതല്‍ ഡോക്ടര്‍മാര്‍ സമരത്തിലാണ്. ഇന്ന് എട്ട് മണിവരെ 24 മണിക്കൂര്‍ സമരത്തിനാണ് ഐ എം എ ആഹ്വാനം ചെയ്തിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ സുരക്ഷിതമായി ജോലി ചെയ്യാന്‍ ആവശ്യമായ സാഹചര്യം ഒരുക്കണം എന്നാണ് ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications