ജീവനക്കാരന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ 'പറന്നെത്തി' യൂസഫലി; കാണാന്‍ ആളുകളുടെ തിരക്ക്
കോട്ടയം: ലുലു ഗ്രൂപ്പ് ജീവനക്കാരന്റെ ഗൃഹപ്രവേശന ചടങ്ങില്‍ നേരിട്ടെത്തി പങ്കെടുത്ത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ലുലു ഗ്രൂപ്പിന്റെ ഫിനാന്‍സ് ഡയറക്ടര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ വീടിന്റെ ഗൃഹ പ്രവേശന ചടങ്ങിനാണ് യൂസഫലി കോട്ടയത്ത് എത്തിയത്. അബുദാബിയില്‍ നിന്നാണ് യൂസഫലി കോട്ടയത്തെത്തിയത്.
കൊച്ചി നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ എം എ യൂസഫലി, പിന്നീട് ഹെലികോപ്റ്ററില്‍ പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിന്റെ മൈതാനത്ത് ഇറങ്ങുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആണ് യൂസഫലി പരമേശ്വരന്‍ നമ്പൂതിരിയുടെ വീട്ടില്‍ എത്തിയത്. യൂസഫലിയെ പരമേശ്വരന്‍ നമ്പൂതിരിയും കുടുംബവും ചേര്‍ന്ന് സ്വീകരിച്ചു.

ഒരു മണിക്കൂറോളം ഇവരുടെ വീട്ടില്‍ ചിലവഴിച്ചതിന് ശേഷമാണ് യൂസഫലി മടങ്ങിയത്. പരിപാടിയില്‍ പങ്കെടുക്കാന്‍ യൂസഫലി എത്തിയത് അറിഞ്ഞ് നിരവധി പേര്‍ കാണാനായി എത്തിയിരുന്നു. നേരത്തെ തന്നെ ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് രക്ഷിച്ച ബിജിയുടെ വീട്ടിലും യൂസഫലി എത്തിയിരുന്നു.
ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈ എടുത്ത കുമ്പളം സ്വദേശി എ വി ബിജിക്ക് നന്ദി അറിയിച്ച് കൈ നിറയെ സമ്മാനവും കരുതിയാണ് യൂസഫലി ബിജിയെ കാണാനെത്തിയിരുന്നത്. പനങ്ങാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ് ബിജി. രാജേഷാണ് ബിജിയുടെ ഭര്‍ത്താവ്.
ഏപ്രില്‍ 11 നായിരുന്നു ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. ഈ സമയത്ത് ആശുപത്രിയിലെത്തിക്കും മുമ്പ് യൂസഫലിയ്ക്കും കുടുംബത്തിനും പ്രാഥമിക ശുശ്രൂഷ നല്‍കിയത് ബിജിയുടെ വീട്ടില്‍ വച്ചായിരുന്നു.
കടവന്ത്രയിലെ വീട്ടില്‍ നിന്ന് ലേക്‌ഷോാര്‍ ആശുപത്രിയിലേക്ക് പോവുന്നതിനിടെയായിരുന്നു സാങ്കേതിക തകരാര്‍ കാരണം ഹെലികോപ്റ്റര്‍ ചതുപ്പില്‍ ഇടിച്ചിറക്കിയത്. യൂസഫലിയും ഭാര്യയും മൂന്ന് ജീവനക്കാരും അടക്കം ആറുപേരായിരുന്നു അപകട സമയത്ത് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. എന്നാല്‍ ആര്‍ക്കും കാര്യമായ പരിക്കുണ്ടായിരുന്നില്ല.
പൊളി പൊളിയേയ്... ഐശ്വര്യ ചോക്ലേറ്റ് ക്വീന്‍ ആയല്ലോ, വൈറല്‍ ചിത്രങ്ങള്‍
ലാന്‍ഡിംഗിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെയായിരുന്നു അപകടം. ഹെലികോപ്ടര്‍ അപകടത്തില്‍പ്പെടുമ്പോള്‍ നേരിയ ചാറ്റല്‍ മഴയുമുണ്ടായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ഹെലികോപ്ടറിന്റെ പ്രധാന ഭാഗം ചതുപ്പില്‍ ആഴ്ന്ന് പോയിരുന്നു. പിന്നീട് യൂസഫലിയേയും ഭാര്യയേയും ഹെലികോപ്ടറിന്റെ വിന്‍ഡോ ഗ്ലാസ് നീക്കിയായിരുന്നു പൈലറ്റ് രക്ഷപ്പെടുത്തിയത്.












Click it and Unblock the Notifications