മലയാളി വൈദികന്‍ ജോര്‍ജ് കൂവക്കാട് കര്‍ദിനാള്‍ പദവിയിലേക്ക്; പ്രഖ്യാപനം നടത്തി മാര്‍പ്പാപ്പ
കോട്ടയം: മലയാളി വൈദികനെ കര്‍ദിനാള്‍ പദവിയിലേക്ക് പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സീറോ മലബാര്‍ സഭാ ചങ്ങനാശ്ശേരി രൂപതാംഗമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാടിനെയാണ് കര്‍ദിനാളായി വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചത്. വത്തിക്കാന്‍ പൊതുകാര്യങ്ങള്‍ക്ക് വേണ്ടിയുള്ള വിഭാഗത്തിലാണ് നിയമനം.
മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട് ഉള്‍പ്പെടെ 20 പുതിയ കര്‍ദിനാല്‍മാരെ മാര്‍പ്പാപ്പ പ്രഖ്യാപിച്ചു. കര്‍ദിനാളിന്റെ സ്ഥാനാരോഹണം ഡിസംബര്‍ എട്ടിന് നടക്കും. നിലവില്‍ വത്തിക്കാനില്‍ മാര്‍പ്പാപ്പയുടെ ഔദ്യോഗിക സംഘത്തില്‍ അംഗമാണ് നിയുക്ത കര്‍ദിനാള്‍.

ചങ്ങനാശ്ശേരി മാമ്മൂട് ലൂര്‍ദ് മാതാ പള്ളി ഇടവകാംഗമാണ് മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട്. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കും കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസിനും പുറമേയാണ് മറ്റൊരു മലയാളിയെ തേടി കത്തോലിക്കാ സഭയുടെ ഉന്നത പദവിയെത്തുന്നത്. 2006 മുതല്‍ വത്തിക്കാനിലാണ് സീറോ മലബാര്‍ സഭയുടെ ചങ്ങനാശ്ശേരി അതിരൂപതാംഗമായ നിയുക്ത കര്‍ദിനാള്‍ സേവനം ചെയ്യുന്നത്.
മാര്‍പ്പാപ്പയുടെ യാത്രകളില്‍ ഉള്‍പ്പെടെ അനുഗമിക്കുന്ന ഔദ്യോഗിക സംഘത്തില്‍ അംഗമാണ് അദ്ദേഹം. മാര്‍പ്പാപ്പയുടെ വിദേശയാത്രകള്‍ അടക്കം ക്രമീകരിക്കുന്നതിന്റെ ചുമതല ഈ സംഘത്തിനാണ്. സീറോ മലബാര്‍ സഭയുടെ ഒരു പുത്രന്‍ കൂടി കത്തോലിക്കാസഭയില്‍ കര്‍ദിനാള്‍മാരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്തില്‍ സഭയ്ക്ക് അഭിമാനവും സന്തോഷവുമുണ്ട് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.












Click it and Unblock the Notifications