ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്; കോട്ടയത്ത് വിപുലമായ അനുസ്മരണ പരിപാടികള്‍
കോട്ടയം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്നു ഉമ്മന്‍ ചാണ്ടി മരിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്ന് ജില്ലയിലും സംസ്ഥാനത്തൊട്ടാകേയും വിപുലമായ അനുസ്മരണ പരിപാടികള്‍ നടക്കും. ഓഗസ്റ്റ് 26 വരെയാണ് സംസ്ഥാനത്തൊട്ടാകെ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഏഴ് മണിക്ക് പുതുപ്പള്ളി പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ത്ഥന നടത്തി.
പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി അങ്കണത്തില്‍ രാവിലെ 11 മണിക്ക് അനുസ്മരണ സമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണ് ഉദ്ഘാടനം ചെയ്യുന്നത്. ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. ളാക്കാട്ടൂരില്‍ ഉമ്മന്‍ ചാണ്ടി സ്‌പോര്‍ട്‌സ് അരീനയുടെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിക്കും.

എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായുള്ള ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ എംഎല്‍എ എക്സലന്‍സ് അവാര്‍ഡ് വിതരണം, സ്‌കോളര്‍ഷിപ് വിതരണം, ഭവന രഹിതര്‍ക്കായി ലഭിച്ച ഒരേക്കര്‍ ഭൂമിയുടെ സമ്മതപത്രം കൈമാറല്‍ എന്നിവയും ഇതിനോട് അനുബന്ധിച്ച് നടക്കും. കോട്ടയം ഡിസിസിയും ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിക്കുന്നുണ്ട്.
മാമ്മന്‍ മാപ്പിള ഹാളില്‍ വൈകിട്ട് 3 ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, ജോസഫ് വാഴയ്ക്കന്‍, ആന്റോ ആന്റണി തുടങ്ങിയ നേതാക്കളും പങ്കെടുക്കും.
ഉമ്മന്‍ ചാണ്ടിയെപ്പറ്റിയുള്ള ഫോട്ടോ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും കഞ്ഞിക്കുഴിയില്‍ ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ ഓഫിസിന്റെ ഉദ്ഘാടനവും പരിപാടിയില്‍ വെച്ച് നടക്കും. ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുതിയ ഡിസിസി ഓഫിസ് കെട്ടിടം നിര്‍മാണം ആരംഭിക്കുന്നതിന്റെ പ്രഖ്യാപനവും ഡിസിസിയുടെ ജീവകാരുണ്യ പ്രവര്‍ത്തന പ്രഖ്യാപനവും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പ്രഖ്യാപിക്കും.
2023 ജൂലൈ 18 നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മരണം. അനാരോഗ്യത്തെ തുടര്‍ന്ന് അവസാന നാളുകളില്‍ വിശ്രമത്തിലും ചികിത്സയിലുമായിരുന്നു അദ്ദേഹം. കേരളത്തിന്റെ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ തിളങ്ങിയ അദ്ദേഹം ജനകീയനായ രാഷ്ട്രീയ നേതാവായാണ് അറിയപ്പെടുന്നത്.












Click it and Unblock the Notifications