കോഴിക്കോട് കൊവിഡ് കേസുകള്‍ കുറയുന്നത് പ്രതീക്ഷ, ജില്ലയില്‍ ഒഴിവുള്ളത് 1661 കിടക്കകള്‍
കോഴിക്കോട്: കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ കോഴിക്കോട് ജില്ലയിലെ 63 കോവിഡ് ആശുപത്രികളിലായി 3,408 കിടക്കകളില്‍ 1661 എണ്ണം ഒഴിവുണ്ട്. 66 ഐസിയു കിടക്കകളും 26 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 428 കിടക്കകളും ഒഴിവുണ്ട്. 15 ഗവണ്‍മെന്റ് കോവിഡ് ആശുപത്രികളിലായി 530 കിടക്കകള്‍, 24 ഐസിയു, 23 വെന്റിലേറ്റര്‍, 208 ഓക്‌സിജന്‍ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

13 സിഎഫ്എല്‍ടിസികളിലായി 1,610 കിടക്കകളില്‍ 1,232 എണ്ണം ബാക്കിയുണ്ട്. നാല് സിഎസ്എല്‍ടിസികളിലായി ആകെയുള്ള 630 കിടക്കകളില്‍ 314 എണ്ണം ഒഴിവുണ്ട്. 87 ഡോമിസിലറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 2,527 കിടക്കകളില്‍ 1,828 എണ്ണം ഒഴിവുണ്ട്. അതേസമയം ജില്ലയില്‍ കേസുകള്‍ കുറഞ്ഞുവരുന്നത് വലിയ പ്രതീക്ഷയാണ്. എങ്കിലും ജാഗ്രത കൈവിടാന്‍ ജില്ലാ ഭരണകൂടം ഒരുക്കമല്ല. ആശുപത്രികളില്‍ ഏത് സമയത്തും ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ സജ്ജമാണ്.
്അതേസമയം കൊവിഡ് നിയമലംഘനങ്ങള്‍ ഇപ്പോഴും ജില്ലയില്‍ ഉണ്ടാവുന്നുണ്ട്. ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 474 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടക്കാത്തതിനും നഗര പരിധിയില്‍ 52 കേസുകളും റൂറലില്‍ 47 കേസുകളുമാണെടുത്തത്. മാസ്‌ക് ധരിക്കാത്തതിന് നഗര പരിധിയില്‍ 95 കേസുകളും റൂറലില്‍ 280 കേസുകളും രജിസ്റ്റര്‍ ചെയ്തു.
കോഴിക്കോട് വാക്‌സിനേഷനും നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകുന്നുണ്ട്. ഇതുവരെ 7,50,067പേര്‍ കോവിഡ് പ്രതിരോധ വാക്‌സിനെടുത്തു. ഇതില്‍ 5,73,575 ആളുകള്‍ ആദ്യ ഡോസും 1,76,492പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു. അതേസമയം ഗുരുതര ആരോഗ്യപ്രശ്‌നങ്ങളോടെ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനും കോവിഡ് മരണ സംഖ്യ കുറച്ചു കൊണ്ടുവരുന്നതിനുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സംവിധാനമൊരുങ്ങുന്നു. ബ്ലാക്ക് ഫംഗസ് രോഗത്തിന്റേയും കൂടി സാഹചര്യത്തില്‍ ചികിത്സാ കാര്യങ്ങളില്‍ മേല്‍ നോട്ടത്തിനായി വിവിധ വകുപ്പുകളിലെ മുതിര്‍ന്ന ഡോക്ടര്‍മാരുടെ സമിതി
രൂപീകരിക്കും.
ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മെഡിക്കല്‍ കോളജിലെ കോവിഡ് ചികിത്സാ സംവിധാനങ്ങളുടെ മേല്‍നോട്ടത്തിനും ജില്ലാ ഭരണകൂടത്തിന്റെ സഹായ നടപടികളുടെ ഏകോപനത്തിനുമായി ഡെപ്യൂട്ടി കലക്ടര്‍ അനിതകുമാരിയെ ചുമതലപ്പെടുത്തി. കോവിഡ് രോഗികളെ ചികിത്സക്ക് നിയോഗിക്കുന്ന വിദഗ്ദ്ധ ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും എണ്ണം വര്‍ദ്ധിപ്പിക്കും.












Click it and Unblock the Notifications