കോഴിക്കോട് കാര്‍ യാത്രികനെ തടഞ്ഞുനിര്‍ത്തി മുളകുപൊടി വിതറി 25 ലക്ഷം രൂപ തട്ടിയെടുത്തു
കോഴിക്കോട്: എടിഎമ്മില്‍ നിക്ഷേപിക്കുന്നതിനായി കൊണ്ടുപോവുകയായിരുന്നു 25 ലക്ഷം ഡ്രൈവറെ ആക്രമിച്ച് കവര്‍ന്നു. കോഴിക്കോട് എലത്തൂര്‍ കാട്ടില്‍പ്പീടികയിലാണ് സംഭവം. ഡ്രൈവറെ തടഞ്ഞുനിര്‍ത്തി മുളകുപൊടി വിതറിയാണ് പണം തട്ടിയെടുത്തത്. പയ്യോളി സ്വദേശി സുഹൈലിനാണ് പണം നഷ്ടമായത്.
എടിഎം ജീവനക്കാരനാണ് സുഹൈല്‍. കൊയിലാണ്ടിയില്‍ നിന്ന് പണം എടുത്ത് എടിഎമ്മില്‍ നിറയ്ക്കാനായി കുരുടിമുക്കിലേക്ക് പോകുന്ന വഴി കാര്‍ തടഞ്ഞ് നിര്‍ത്തുകയായിരുന്നുവെന്ന് സുഹൈല്‍ പറഞ്ഞു. വാഹനത്തിനുള്ളില്‍ ആളെ കെട്ടിയിട്ട നിലയില്‍ കണ്ട നാട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് കവര്‍ച്ചയുടെ വിവരം അറിഞ്ഞത്.

ഇന്ത്യ വണ്‍ എടിഎമ്മില്‍ പണം നിറയ്ക്കുന്നതിനായി ഫെഡറല്‍ ബാങ്കില്‍ നിന്ന് ശനിയാഴ്ച്ച വൈകീട്ടോടെ പണവുമായി സുഹൈല്‍ കാറില്‍ യാത്ര പുറപ്പെടുകയായിരുന്നു. പര്‍ദ്ദയിട്ട ഒരാള്‍ കാറിന് മുമ്പിലേക്ക് ചാടി. ആ സമയം ഇറങ്ങിയ നോക്കിയപ്പോള്‍ രണ്ട് പേര്‍ ചേര്‍ന്ന് ബലംപ്രയോഗിച്ച് കാറിനകത്ത് പിടിച്ചുകയറ്റി കോഴിക്കോട് ഭാഗത്തേക്ക് തട്ടിക്കൊണ്ടു വരികയായിരുന്നു.
മുഖത്ത് മുളകുപൊടിയിട്ട് കൈയ്യും കാലും കെട്ടി കാറിന്റെ പിറകിലിടുകയായിരുന്നു. ഈ സംഘം കാട്ടില്‍പ്പീടികയില്‍ ഉപേക്ഷിച്ച് പണവുമായി കടന്നുകളയുകയായിരുന്നുവെന്ന് സുഹൈല്‍ പറഞ്ഞു. ഈ സമയം ബോധരഹിതനായിരുന്നുവെന്നും യുവാവ് വെളിപ്പെടുത്തി.
അതേസമയം ബോധം വന്ന സുഹൈല്‍ നിലവിളിച്ച് ആളെക്കൂട്ടുകയായിരുന്നു. കാറിനകത്തും യുവാവിന്റെ ദേഹത്തും മുളകുപൊടിയുണ്ടായിരുന്നു. കൊയിലാണ്ടി പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കാറിന്റെ സീറ്റുകള്‍ക്കുള്ളില്‍ കൈയ്യും കാലും കെട്ടിയിട്ട നിലയിലായിരുന്നു സുഹൈലുണ്ടായിരുന്നത്.
ഇന്ത്യ വണ്‍ എടിഎമ്മില്‍ പണം നിറയ്ക്കാന്‍ ചുമതലയുള്ളയാളാണ് താനെന്നാണ് ഇയാള്‍ നാട്ടുകാരോട് പറഞ്ഞത്. യുവാവിനെ താലൂക്കാശുപത്രിയില്‍ കൊണ്ടുവന്ന് വൈദ്യപരിശോധന നടത്തി. അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications