മാമുക്കോയയുടെ ആരോഗ്യനിലയില്‍ പുരോഗതി; കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി
കോഴിക്കോട്: ഇന്നലെ രാത്രി പൊതുപരിപാടിക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ നടന്‍ മാമുക്കോയയുടെ ആരോഗ്യനിലയില്‍ പുരോഗതി. അര്‍ധരാത്രി രണ്ടരയോടെ മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടേയും തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ് താരം. തിങ്കളാഴ്ച വൈകീട്ടോടെ മലപ്പുറം ജില്ലയിലെ കാളികാവ് പൂങ്ങോടില്‍ ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മാമുക്കോയ.
എന്നാല്‍ പരിപാടി തുടങ്ങുന്നതിന് മുന്‍പ് കുഴഞ്ഞ് വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ട്രോമാ കെയര്‍ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വണ്ടൂരിലെ ആശുപത്രിയില്‍ എത്തിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് തൊട്ടുപിന്നാലെ 10 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് അതിവേഗം അദ്ദേഹത്തെ എത്തിക്കാന്‍ സാധിച്ചെന്ന് സംഘാടക സമിതി വ്യക്തമാക്കി.

ഇന്നലെ തന്നെ മാമുക്കോയയുടെ ബന്ധുക്കള്‍ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയിരുന്നു. ഇവിടെ ഐസിയുവില്‍ ആയിരുന്ന മാമുക്കോയയുടെ ബിപിയും ഹൃദയമിടിപ്പും സാധാരണ നിലയിലായ ശേഷമാണ് കോഴിക്കോട്ടേക്ക് മാറ്റാന്‍ തീരുമാനമായത്. മെഡിക്കല്‍ ഐസിയു ആംബുലന്‍സില്‍ ആണ് മാമുക്കോയയെ കോഴിക്കോട്ടേക്ക് എത്തിച്ചത്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് അദ്ദേഹത്തെ ചികില്‍സിച്ച ഡോക്ടര്‍ അജ്മല്‍ നാസിര്‍ പറഞ്ഞു.
എങ്കിലും 72 മണിക്കൂര്‍ ഐസിയു നിരീക്ഷണത്തില്‍ മാമുക്കോയ തുടരും. ഇന്നലെ രാത്രി 8.30ന് ആണ് സംഭവം. സെവന്‍സ് മത്സരത്തിനു മുന്നോടിയായി മാമുക്കോയ മൈതാനത്ത് എത്തുകയും ആരാധകര്‍ ചുറ്റും കൂടി ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു. അതിനിടയില്‍ ശരീരം വിയര്‍ത്ത് തളര്‍ച്ചയുണ്ടായി. കാര്‍ഡിയാക് അറസ്റ്റ് ആയാണ് അദ്ദേഹത്തെ ഇവിടെ എത്തിച്ചത് എന്നാണ് വണ്ടൂര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്.
ആറോ ഏഴോ സിപിആര്‍ നല്‍കിയ ശേഷം നില മെച്ചപ്പെട്ടു എന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ബന്ധുക്കളുമായി കൂടിയാലോചിച്ച് കോഴിക്കോട് അദ്ദേഹത്തെ ചികിത്സിക്കുന്ന ആശുപത്രിയിലേക്ക് മാറ്റിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തൊണ്ടയില്‍ ചെറിയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന അദ്ദേഹം ഇപ്പോഴും സിനിമകളിലും ആല്‍ബങ്ങളിലും എല്ലാം സജീവമാണ്.
Pregnancy Tips: സ്‌കാനിംഗൊന്നും വേണ്ട.. കുട്ടി ആണാണോ പെണ്ണാണോ എന്നറിയാം
76 കാരനായ മാമുക്കോയ കോഴിക്കോടന്‍ കലാപാരമ്പര്യത്തിന്റെ പിന്‍ബലത്തിലാണ് മലയാള സിനിമയിലെ അനിഷേധ്യനായ നടനായി മാറി. കോഴിക്കോടന്‍ സംഭാഷണ ശൈലി കൊണ്ട് തന്റേതായ സ്ഥാനം സിനിമയില്‍ ഉറപ്പിക്കാന്‍ മാമുക്കോയക്ക് സാധിച്ചു. 1979 ല്‍ നിലമ്പൂര്‍ ബാലന്‍ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. പെരുമഴക്കാലത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി.












Click it and Unblock the Notifications